
മനുഷ്യ ജീവിതത്തിൽ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും വളരെയധികം സ്വാധീനവും പ്രസക്തിയുമുണ്ട്. പലപ്പോഴും നമ്മെ കർമ്മനിരതരാക്കാനുള്ള പ്രേരക ഘടകങ്ങളാണിവ. എന്നാൽ വിചാരിക്കുന്നതുപോലെ എല്ലാം ഫലമണിയണമെന്നില്ല (അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുമെന്ന് പറയുവാൻ കഴിയാത്ത ജീവിതമാണ് നമുക്കുള്ളത് എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്). ദുഃഖങ്ങളും, രോഗങ്ങളും, ദുരന്തങ്ങളും സമചിത്തതയോടെ അഭിമുഖീകരിക്കാൻ കരുത്ത് നൽകുന്നതും മേൽപ്പറഞ്ഞ ഘടകങ്ങളാണ്. നമ്മുടെ അദ്ധ്വാനത്തിന്റെ നല്ലൊരു ശതമാനം ഭാവി ഭാസുരമാക്കണം, സ്വപ്നങ്ങൾ പൂവണിയണം, ആഗ്രഹങ്ങൾ നിറവേറ്റണം എന്ന ജ്വലിക്കുന്ന ചിന്തയിൽ ഊന്നിയായിരിക്കും. നമ്മുടെ സ്വഭാവത്തിനും, ചിന്താഗതികൾക്കും, മനോഭാവങ്ങൾക്കും വ്യത്യസ്ത മാനങ്ങളുണ്ടായിരിക്കും. നാം വിജയം ആഘോഷിക്കുമ്പോൾ അത് നേടിയെടുക്കാൻ എത്ര മാത്രം സഹിച്ചൂ, അധ്വാനിച്ചൂ, ഉത്സാഹിച്ചൂ എന്നീ വസ്തുതകൾക്ക് വളരെ പ്രാധാന്യമുണ്ട്. “വിതച്ചത് കൊയ്യുന്നു” എന്ന പഴമൊഴി മറക്കാതിരിക്കാം.
ഏതാണ്ട് 50 വർഷം പഴക്കമുള്ള ഒരു സംഭവം ചുരുക്കിപ്പറയാം. ടിവിയും, മൊബൈലും മാധ്യമങ്ങളെ കൈയടക്കുന്നതിന് മുമ്പ് പത്രവും, റേഡിയോയും, കവലകളിൽ നോട്ടീസ് ബോർഡുകളും, പരസ്യ പലകകളും ഉണ്ടായിരുന്ന കാലം…! വിരലിലെണ്ണാവുന്ന പത്രങ്ങൾ… ആഴ്ചപ്പതിപ്പുകൾ, മാസികകൾ… ഇവകൊണ്ട് അറിവും, വിനോദവും, സാഹിത്യവും, ലോകത്തിന്റെ ഗതിവിഗതികളും അറിഞ്ഞിരുന്ന കാലം…! അതിൽ ചില മഞ്ഞപ്പത്രങ്ങൾ ഉണ്ടായിരുന്നു… മഞ്ഞപ്പുസ്തകങ്ങളും ഉണ്ടായിരുന്നു. സ്വാർത്ഥ ലാഭത്തിനു വേണ്ടി അർദ്ധസത്യങ്ങളും, നുണകളും, കുപ്രചരണങ്ങളും, എരിവും പുളിവും ചേർത്ത് തയ്യാറാക്കിയ “മസാല കഥകളും, സംഭവങ്ങളും” എഴുതി പിടിപ്പിച്ച് പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിന്റെ “ന്യൂസ് ഏജന്റ്” (ഇദ്ദേഹത്തെ സ്വ ലേ അഥവാ സ്വന്തം ലേഖകൻ എന്നാണ് എഴുതുന്നത്)… ഓടിനടന്ന് പ്രാദേശിക വാർത്തകൾ ശേഖരിക്കും. പൊടിപ്പും തൊങ്ങലും വച്ച് എഴുതി വിടും (ഇല്ലാത്ത കാര്യങ്ങൾ എഴുതിയ പേരിൽ ബന്ധപ്പെട്ടവർ വഴിക്കുവെച്ച് തല്ല് കൊടുക്കുകയും ചെയ്യും). അങ്ങനെ നമ്മുടെ കഥാപുരുഷന് (സ്വ ലേ) കുറച്ചധികം ശത്രുക്കളുണ്ടായി. ആയിടയ്ക്കാണ് ചെറിയ ഒരു വാർത്ത പരന്നത്, “ന്യൂസ് ഏജന്റനെ പേപ്പട്ടി കടിച്ചു, ചികിത്സയിലാണ്” (രണ്ടാഴ്ചക്കാലമായിട്ട് അയാളെ കാണാനും ഇല്ലായിരുന്നപ്പോൾ വാർത്തയ്ക്ക് പ്രചാരം ലഭിച്ചു). പലരും പലവഴിക്ക് അന്വേഷണം തുടങ്ങി. ഒടുവിൽ കിട്ടിയ വാർത്ത ഒരു നാട്ടുവൈദ്യ ചികിത്സയ്ക്ക് വേണ്ടി സഹോദരിയുടെ വീട്ടിൽ ഉണ്ടെന്നായിരുന്നു. ഇദ്ദേഹത്തിന്റെ “മസാല വാർത്തകൾ” വായിച്ച് രസം കണ്ടെത്തിയിരുന്നവരിൽ മൂന്നുപേർ ഇദ്ദേഹത്തെ നേരിൽ കാണാൻ ചെന്നു. എടുത്തു പറയത്തക്ക രോഗലക്ഷണങ്ങൾ ഒന്നും കണ്ടില്ല.
സഹോദരി പറഞ്ഞ ചില കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ആശുപത്രിയിൽ കാണിച്ചപ്പോൾ “പേവിഷം” ഏറ്റിട്ടുണ്ട്, മൂന്നാഴ്ചയ്ക്കകം ഗുരുതരമായ അവസ്ഥയിലേക്ക് എത്തും… ഇനി ചികിത്സിച്ചിട്ടു ഫലമില്ല. തുടർന്ന്, സഹോദരി ഒരു കാര്യം കൂടെ വെളിപ്പെടുത്തി. ആശുപത്രിയിൽനിന്ന് വന്നതുമുതൽ ഒരു ബുക്കിൽ ഒത്തിരി ആൾക്കാരുടെ പേരും, മേൽവിലാസവും കുറിച്ചിടുന്നു… രോഗവിവരം അന്വേഷിച്ച് എത്തിയവർ പലതും പറഞ്ഞ് ആശ്വസിപ്പിച്ച കൂട്ടത്തിൽ “അവസാനത്തെ ആഗ്രഹം” എന്താണെന്ന് നയത്തിൽ ചോദിച്ചു. അപ്പോൾ ചിരിച്ചു കൊണ്ട് പറഞ്ഞു: ഞാൻ എന്തായാലും മരിക്കും… മരിക്കുന്നതിനു മുൻപ് ഇതിൽ (ബുക്കിലെ പേര് വിവരം കാണിച്ചിട്ട്) പറഞ്ഞിരിക്കുന്ന വരെ “ഒന്ന് കടിക്കണം”. അതാണ് മറന്നു പോകാതിരിക്കാൻ ഇങ്ങനെ കുറിച്ചു വെച്ചത്. നമ്മുടെ “അന്ത്യാഭിലാഷം” എന്തായിരിക്കും???