“കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, ഞാൻ സുഖപ്പെടും.”
മാനുഷികമായ ബലഹീനതകളാൽ കളങ്കപ്പെട്ട നമ്മുടെ ജീവിതത്തിലേക്ക് കർത്താവിനെ സ്വീകരിക്കുവാൻ യഥാർത്ഥത്തിൽ നമുക്ക് ഒരു യോഗ്യതയുമില്ല. ഈ തിരിച്ചറിവ് മനസ്സിലാക്കി ദൈവത്തിന്റെ അടുക്കലായിരുന്നുകൊണ്ട് “അവിടുന്ന് ഒരു വാക്ക് അരുൾ ചെയ്താൽ മാത്രം മതി സുഖപ്പെടും”. എന്ന് മനസ്സുരുകി പ്രാർത്ഥിക്കാൻ കഴിയുമ്പോഴാണ് ഞാൻ ഒരു യഥാർഥ ക്രിസ്ത്യാനിയാകുന്നത്.
സ്നേഹമുള്ളവരെ, നമ്മുടെ യോഗ്യതയിൽ നമുക്ക് അവിടുത്തെ സ്വീകരിക്കാൻ സാധിക്കില്ല. പാപം നിറഞ്ഞ ജീവിതം നമ്മെ അയോഗ്യരാക്കുന്നു. അതുകൊണ്ട്, നാം നമ്മെ തന്നെ മനസ്സിലാക്കി നമ്മുടെ അയോഗ്യതയെ അവിടുത്തെ വചനത്തിന്റെ സ്വീകരണത്തിലൂടെ യോഗ്യതയിലേക്ക് എത്തിക്കണം.
ദൈവത്തെ അറിയാതെ അയോഗ്യരായി മാറുമ്പോൾ നാം ദൈവത്തിൽ അകന്നുപോകുന്നു. അതിനാൽ, അയോഗ്യതയിൽ നിന്ന് യോഗ്യതയിലേക്കുള്ള ദൂരം “ദൈവവചന”മാണ്. അയോഗ്യതയിൽ ജീവിക്കേണ്ടവരല്ല ദൈവമക്കൾ. അതുകൊണ്ട്, നമ്മുടെ അനുദിന ജീവിതത്തിൽ ദൈവവചന പാരായണം ജീവിതഭാഗമാക്കി മാറ്റണം. ആ ശീലം നമ്മെ ദൈവാന്വേഷണത്തിലേയ്ക്ക് ആകർഷിക്കും. ആ അന്വേഷണം ക്രിസ്തു അനുഭവത്തിൽ നമ്മെ എത്തിക്കും.
പ്രിയസ്നേഹിതരെ, നമ്മുടെ വിശ്വാസങ്ങൾക്ക്, നമ്മുടെ ക്രിസ്തുവിലുള്ള വിശ്വാസത്തിന് പലപ്പോഴും കടുകുമണിയുടെ വലിപ്പം പോലും ഇല്ലാതാകുന്നുണ്ട്. ഓരോദിവസവും നമ്മുടെ വിശ്വാസത്തിന്റെ വലിപ്പം വര്ധിപ്പിക്കുവാനായി നമുക്ക് സാധിക്കണം. എങ്കിൽ നമ്മളും ശതാധിപനെപ്പോലെ പറയും ‘അങ്ങ് ഒരു വാക്ക് അരുൾചെയ്താൽ മാത്രം മതി എന്റെ ഭർത്യൻ സുഖപ്പെട്ടുകൊള്ളും’.
സ്നേഹ പിതാവായദൈവമേ, എന്റെ അനുദിന ജീവിതത്തിൽ നിന്റെ കൃപകളെക്കുറിച്ച് ആഴമായ അവബോധത്തിൽ ജീവിക്കുവാൻ എന്നെ പ്രാപ്തനാക്കണമേ.