Kerala

“അധികാര പങ്കാളിത്തം നീതി സമൂഹത്തിന്” കെ.ആര്‍.എല്‍.സി.സി.യുടെ മുപ്പത്തിനാലാം ജനറൽ അസംബ്ലിക്ക് തുടക്കമായി

"അധികാര പങ്കാളിത്തം നീതി സമൂഹത്തിന്" എന്ന പ്രമേയത്തെ മുൻനിറുത്തി ഏഴ് സെഷനുകളിലായാണ് മുപ്പത്തിനാലാം ജനറൽ അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്

നിക്സൺ ലാസർ

കൊല്ലം: കെ.ആര്‍.എല്‍.സി.സി.യുടെ മുപ്പത്തിനാലാം ജനറൽ അസംബ്ലിക്ക് കൊല്ലത്ത് തുടക്കമായി. “അധികാര പങ്കാളിത്തം നീതി സമൂഹത്തിന്” എന്ന പ്രമേയത്തെ മുൻനിറുത്തി ഏഴ് സെഷനുകളിലായാണ് മുപ്പത്തിനാലാം ജനറൽ അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ജനറൽ അസംബ്ലിയിൽ കേരളത്തിലെ ലത്തീൻ രൂപതകളിലെ ബിഷപ്പുമാർ, വികാരി ജനറൽമാർ, സന്യാസസഭാ പ്രതിനിധികൾ, അല്മായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

കൊല്ലം ബിഷപ്പ് ഡോ.പോള്‍ ആന്റെണി മുല്ലശ്ശേരിയുടെ ആമുഖ പ്രസംഗത്തോടെ ജനറൽ അസംബ്ലിയ്ക്ക് ആരംഭം കുറിച്ചു. കൊല്ലം രൂപതയുടെ ചരിത്രത്തിലൂടെ വളർന്നുവന്ന കേരള ലത്തീൻ സഭയുടെ വിശ്വാസജീവിതവും, വളർച്ചയും ഓർമ്മിപ്പിച്ചു. ഉന്നതമായ വിദ്യാഭ്യാസത്തിലൂടെയാണ് അധികാര പങ്കാളിത്തത്തിലേയ്ക്ക് കടന്നുവരുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്നയാഥാർത്ഥ്യവും, നീതിപൂർവ്വമായ ഒരു സമൂഹത്തിനുവേണ്ടി നീതി പ്രവർത്തിക്കുന്നവർ തന്നെയാണ് അധികാരത്തിൽ വരേണ്ടതെന്നും, അല്ലാത്തപക്ഷം സമൂഹം ചൂഷണം ചെയ്യപ്പെടുകയും, വർഗീയതയും വിഭാഗീയതയും ശക്തമാവുകയും സമൂഹം നശിപ്പിക്കപ്പെടുകയും ചെയ്യുമെന്ന് പറഞ്ഞ ബിഷപ്പ് ലത്തീൻ കത്തോലീക്കാ സമുദായം രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റെടുക്കേണ്ട ചുമതലകളെയും ഓർമ്മിപ്പിച്ചു.

കെ.ആര്‍.എല്‍.സി.സി.പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ.എം.സൂസപാക്യം നടത്തിയ അധ്യക്ഷപ്രസംഗം പ്രത്യേകം ശ്രദ്ധയാകർഷിച്ചു. 190 വർഷങ്ങൾക്ക് മുൻപ് കൊച്ചിയുടെയും മലബാറിന്റെയും അപ്പോസ്തോലിക് വികാറുമായിരുന്ന ബിഷപ്പ് സ്റ്റെബെല്ലീനി പുറപ്പെടുവിച്ച ഇടയലേഖനം ഉദ്‌ധരിച്ചുകൊണ്ട്, കത്തോലിക്കാ സഭയിൽ വിഭാഗീയത ചിന്തകൾ അപലപനീയമാണെന്നും, ഏതെങ്കിലും ഒരു വിഭാഗത്തോട് അവഗണനന കാണിക്കുന്നുവെങ്കിൽ അത് നരകത്തിലേയ്ക്ക് പോകുവാൻ പാകത്തിലുള്ള മാരക പാപമാണെന്നും പറഞ്ഞ പിതാവ് ഇന്നും വേണ്ടവിധത്തിൽ ജാതിവ്യവസ്ഥ നമ്മുടെ സമൂഹത്തിൽ നിന്നോ സഭയിൽ നിന്നോ വിട്ടുമാറിയിട്ടില്ലയെന്ന് ഓർമ്മിച്ചു. കെ.ആര്‍.എല്‍.സി.സി.യ്ക്ക് കാര്യക്ഷമമായി പ്രവർത്തിക്കുന്ന സെക്രട്ടറിയേറ്റും, അംഗങ്ങളുമൊക്കെയുണ്ട് എന്നത് സത്യമാണെങ്കിലും ലത്തീൻ സമുദായത്തെ മറ്റു സമുദായങ്ങളോടൊപ്പം മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം ആശയതലത്തിൽ നിന്ന് പ്രായോഗിക തലത്തിലേയ്ക്ക് നാമിനിയും വേണ്ടരീതിയിൽ ഇറങ്ങിച്ചെന്നിട്ടില്ല എന്ന വസ്തുത നാം മറക്കരുതെന്നും, ക്രിയാത്മകമായ ആത്മപരിശോധനയോടെ വ്യക്തവും സമയബന്ധിതമായ തീരുമാനങ്ങളോടെയും നമ്മൾ മുന്നോട്ട് പോകേണ്ടിയിരിക്കുന്നുവെന്നും ഓർമ്മിപ്പിച്ചു.

തുടർന്ന്, ജലവിഭവ വകുപ്പ്മന്ത്രി കൃഷ്ണന്‍കുട്ടി ദീപം തെളിച്ച് ജനറൽ അസംബ്ലി ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പുതരുന്ന സാമൂഹ്യ നീതി, സാമ്പത്തിക നീതി എന്നീ കാര്യങ്ങൾ സ്വാതന്ത്ര്യം കിട്ടി 72 വർഷങ്ങൾ ആകുമ്പോൾ ഇന്ന് എവിടെ നിൽക്കുന്നു എന്ന് ചർച്ച ചെയ്യണമെന്നും, പുതുതായി നിലവിൽ വന്നിരിക്കുന്ന സാങ്കേതികമായി അറിവുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അസമത്വം എങ്ങനെ പരിഹരിക്കപ്പെടും തരണംചെയ്യപ്പെടും എന്നതിനെക്കുറിച്ചും ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

14-Ɔο തിയതി വരെ നീണ്ടുനിൽക്കുന്ന ജനറൽ അസംബ്ലി കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്റെറിലാണ് (ദൈവദാസൻ ബിഷപ്പ് ജെറോം നഗർ) നടക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker