Sunday Homilies

അഞ്ചാമത്തെ അപ്പം

അഞ്ചാമത്തെ അപ്പം

ആണ്ടുവട്ടം പതിനേഴാം ഞായർ

ഒന്നാംവായന: 2രാജാക്കന്മാർ 4:42-44
രണ്ടാംവായന: എഫേസോസ് 4:1-6
സുവിശേഷം: വി.യോഹന്നാൻ 6:1-15

ദിവ്യബലിയ്ക്ക് ആമുഖം

പൂർണമായ വിനയത്തോടും ശാന്തതയോടും ദീർഘക്ഷമയോടും കൂടെ നിങ്ങൾ സ്നേഹപൂർവ്വം അന്നോന്യം സഹിഷ്ണതയോടു വർത്തിക്കുവിൻ എന്ന പൗലോസ് അപ്പോസ്തലന്റെ ഐക്യത്തിന്റെ ആഹ്വാനത്തോടെയാണ് ഇന്ന് തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്.  ഇന്നത്തെ ഒന്നാം വായനയിലും സുവിശേഷത്തിലും അപ്പം വർദ്ധിപ്പിക്കുന്ന അത്ഭുതം നാം കാണുന്നു. അന്ന് തന്നെ അനുഗമിച്ചവരെ സംതൃപ്തരാക്കിയ യേശു ഇന്നു നമ്മെയും ക്ഷണിക്കുകയാണ്.

യേശുവിന്റെ തിരുവചനങ്ങൾ ശ്രവിക്കുവാനും അവനെ സ്വീകരിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ, കഴിഞ്ഞ ഞായറാഴ്ച വരെ നാം വി.മാർക്കോസിന്റെ സുവിശേഷം ശ്രവിച്ചു.  പ്രത്യേകമായി അപ്പംവർദ്ധിപ്പിക്കൽ അത്ഭുതത്തിന്റെ ആമുഖം നാം കേട്ടു കഴിഞ്ഞു.  ഇന്നേ ദിവസം വി.യോഹന്നാന്റെ സുവിശേഷത്തിൽ നിന്നുള്ള “അപ്പം വർദ്ധിപ്പിക്കൽ” അത്ഭുതമാണ് തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്കിയിരിക്കുന്നത്. ഈ അത്ഭുതത്തെ മൂന്ന് ഘടകങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.

1) ഫിലിപ്പോസ് :
പിലിപ്പോസിനെ യേശു പരീക്ഷിക്കുന്നു.  “ഈ വലിയ ജനക്കൂട്ടത്തിന് ഭക്ഷിക്കുവാൻ എവിടെ നിന്ന് അപ്പം വാങ്ങും” എന്ന ചോദ്യം യേശു ഉന്നയിക്കുന്നു.  പിലിപ്പോസാകട്ടെ തന്റെ മാനുഷിക ബുദ്ധികൊണ്ട് കണക്ക് കൂട്ടി അത്പോലും വിജയകരമാകില്ലന്ന് കണ്ടെത്തുന്നു.  “ഓരോരുത്തർക്കും അല്പം പോലും കൊടുക്കുവാൻ ഇരുനൂറ് ദനാറയ്ക്കുള്ള അപ്പം പോലും തികയുകയില്ല”.  മാനുഷിക ബുദ്ധി കൊണ്ട് കണക്ക് കൂട്ടി പരിമിതമായ ഉത്തരം നല്കി അത്പോലും പരാജയപ്പെട്ട് പോകുന്ന മനുഷ്യന്റെ പ്രതിനിധിയാണ് പിലിപ്പോസ്.  പീലിപ്പോസിനെപ്പോലെ നാമും കണക്ക് കൂട്ടിയിട്ടുണ്ട്. നമ്മുടെ കണക്ക് കൂട്ടലുകളെല്ലാം വിജയകരമാകില്ലന്നറിഞ്ഞ് നിരാശപ്പെട്ടിട്ടുമുണ്ട്.  ഈ അത്ഭുതം നൽകുന്ന പാഠമിതാണ്, പരീക്ഷണ കാലഘട്ടത്തിൽ നാം നമ്മുടേതായ ഉത്തരങ്ങൾ കണ്ടെത്തുന്നത് സ്വാഭാവികമാണ് എന്നാൽ ദൈവത്തെ പ്രവർത്തിക്കാനനുവദിക്കുക അവൻ നമ്മുടെ ജീവിതത്തെ അത്ഭുതങ്ങൾ കൊണ്ട് നിറയ്ക്കും

2) അഞ്ചാമത്തെ അപ്പം: ജറുസലേമിൽ യേശു അഞ്ച്പ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദൈവാലയത്തിലെ അൾത്താരയ്ക്ക് മുൻപിൽ മനോഹരമായ ഒരു മാർബിൾ ചിത്രമുണ്ട്.  ഒരു കുട്ടയിൽ നാല് അപ്പവും അതിന്റെ വശങ്ങളിലായി രണ്ട് മീനുകളുമുള്ള ഒരു ചിത്രം.  അഞ്ചാമത്തെ അപ്പം എവിടെയാണ്?  അത് ആ അൾത്താരയിൽ അർപ്പിക്കപ്പെടുന്ന തിരുബലിയിലെ യേശുവിന്റെ ശരീരമാകുന്ന അപ്പമാണ്.  ഈ അത്ഭുതത്തിലെ അഞ്ചാമത്തെ അപ്പം ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളിലെ യേശുവിന്റെ ശരീരമാണ്.  ബാക്കി വന്ന അപ്പക്കഷ്ണം പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു എന്ന് പറയുന്നത്. അപ്പം മുറിക്കൽ ശുശ്രൂഷ പന്ത്രണ്ട് ശിഷ്യന്മാരിലൂടെ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് കാണിക്കുവാനാണ്.

3) അന്ത്രയോസ്: “അഞ്ചപ്പവും രണ്ട് മീനും കൈവശമുള്ള ഒരു കുട്ടി ഇവിടെയുണ്ട്” എന്ന് യേശുവിനോട് പറയുന്നത് അന്ത്രയോസാണ്.  തനിക്ക് ചുറ്റുമുള്ളവരിൽ ഏറ്റവും ചെറിയവരെ കണ്ടെത്തുവാനും അവരെ ശ്രദ്ധിക്കുവാനും കഴിഞ്ഞു എന്നുള്ളതാണ് അന്ത്രയോസിന്റെ പ്രത്യേകത. നമ്മുടെ ഇടവകയിലെയും സമൂഹത്തിലേയും ചെറിയവരെ കാണുവാനും, ശ്രദ്ധിക്കുവാനും, അവർക്കെന്തുണ്ടന്ന് മനസ്സിലാക്കുവാനും അന്ത്രയോസ് നമ്മെ പഠിപ്പിക്കുന്നു.  എളിയവരിലൂടെ അവരിലെ ചെറിയ കാര്യങ്ങളിലൂടെയാണ് യേശു വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.  ഇവിടെ യേശു മാജിക്കിലൂടെ അപ്പം സൃഷ്ടിക്കുകയല്ല മറിച്ച് ആ ബാലൻ കൊടുത്തതിനെ വർദ്ധിപ്പിക്കുകയാണ്.  ഇന്നത്തെ ഒന്നാം വായനയിലും “ദൈവത്തിന് കൊടുക്കൽ” നാം കാണുന്നുണ്ട്.

എലീഷ പ്രവാചകന്റെയടുക്കൽ ഒരാൾ ആദ്യഫലങ്ങൾ കൊണ്ടുണ്ടാക്കിയ അപ്പവും ഇരുപത് ബാർലിയപ്പവും കുറെ പുതിയ ധാന്യ കതിരുകളും സഞ്ചിയിലാക്കികൊണ്ട് വന്നു കൊടുത്തു. പഴയ നിയമത്തിൽ ആദ്യഫലങ്ങളും ധാന്യവും എപ്പോഴും ദൈവത്തിന് കാഴ്ചയർപ്പിക്കേണ്ട ഒന്നാണ്. അത് പ്രവാചകന് നല്കുന്നത് വഴിയും പ്രവാചകനത് മറ്റുള്ളവർക്ക് നൽകുന്നത് വഴിയും ഏതൊരു നന്മപ്രവർത്തിയും ദൈവത്തിന് കാഴ്ചയർപ്പിക്കുന്നതിന്
തുല്യമാണന്ന് വ്യാഖ്യാനിക്കപ്പെടുന്നു.  വി.യോഹന്നാൻ സുവിശേഷകനാകട്ടെ ബാർലിയപ്പങ്ങളെ യേശുവിന് നല്കുന്നതായി പറഞ്ഞുകൊണ്ട് ഈ രണ്ട് അത്ഭുതങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നു.

അന്ന് എലീഷ പ്രവാചകനിലൂടെയാണങ്കിൽ ഇന്നത് ദൈവ പുത്രനായ യേശുവിലൂടെ.  അതുകൊണ്ട് തന്നെയാണ് തൃപ്തരായ ജനങ്ങൾ യേശുവിനെ നോക്കി പറയുന്നത്.  “ലോകത്തിലേയ്ക്ക് വരാനിരിക്കുന്ന പ്രവാചകൻ സത്യമായും ഇവനാണ്”. നമ്മുടെ  ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കുന്നതിന് മുൻപ് യേശു നമ്മോട് ചോദിക്കുന്നത് നമ്മുടെ കൈയ്യിലെന്തുണ്ടന്നാണ്?.  നമുക്കുള്ളത് നാം യേശുവിന് നല്കുമ്പോൾ അത് നമുക്ക് ചുറ്റുമുള്ളവർക്കും അനുഗ്രഹമാകുന്ന രീതിയിൽ അവൻ വർദ്ധിപ്പിക്കും. നമ്മുടെ കാലത്തെ അത്ഭുതം എന്നത് “സമ്പത്തിന്റെ മാത്രം” വർദ്ധനവല്ല.  അത് സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും, സഹോദര്യത്തിലും, കൂട്ടായ്മയുടേയും വർദ്ധനവ് കൂടിയാണ്.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker