അച്ചൻ ദൈവത്തെ കണ്ടിട്ടുണ്ടോ? സ്നേഹപൂർവ്വം ജിനു അച്ചൻ
ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സുഹൃത്തുക്കളെ നേടുന്ന സന്യാസിനിമാർ...
ഫാ.ജിനു ജേക്കബ് തെക്കേത്തല
അച്ചൻ ദൈവത്തെ കണ്ടിട്ടുണ്ടോ? പലപ്പോഴും ഉത്തരം നൽകാൻ ബുദ്ധിമുട്ടുന്ന ഒരു ചോദ്യമാണ്. ഇടവകയിൽ ആയിരുന്നപ്പോൾ പലപ്പോഴും ഈ ഒരു ദൈവാനുഭവം ഇടവക മക്കൾ വഴിയായി ലഭിച്ചിട്ടുണ്ട്. അത് ദേവാലയത്തിനുള്ളിൽ മാത്രമല്ല മറിച്ച് ശനിയാഴ്ചകളിൽ തെറ്റിയോട് നാട്ടിലെ പാവപ്പെട്ട മക്കൾ അവരുടെ കുഞ്ഞുങ്ങൾക്ക് ചോറുപൊതി കെട്ടി കൊടുക്കുമ്പോൾ കൂടെ ഒരു പൊതിച്ചോർ വഴിയരികിൽ ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കരയുന്ന ആളുകൾക്ക് പള്ളിമുറിയിൽ കൊണ്ടുവന്നു തരുമ്പോൾ ഞാൻ കണ്ടിട്ടുണ്ട് കരുണയുടെ മൂർത്തീമത് ഭാവമായ ദൈവത്തെ. യുവജനങ്ങളോടൊപ്പം മോട്ടോർസൈക്കിളിൽ പൊതികൾ കൊണ്ടുപോകുമ്പോൾ അവരിൽ ഞാൻ കണ്ടിട്ടുണ്ട് സ്നേഹനിധിയായ ദൈവത്തെ. ചോറുപൊതികൾ ആളുകൾക്ക് കൊടുക്കുമ്പോൾ കണ്ണുനീർ തുടച്ചുകൊണ്ട് നിങ്ങൾ കഴിച്ചോ മക്കളെ എന്ന് ചോദിച്ചുകൊണ്ട് മുത്തം നൽകുന്ന ആ പാവപ്പെട്ട അഗതികളിലും ഞാൻ കണ്ടിട്ടുണ്ട് കരുതലിന്റെ ദൈവത്തെ…
ഇന്നലെ റോമിലെ വിയ ആപ്പിയ നോവാ 244 സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സകല വിശുദ്ധരുടെ നാമത്തിലുള്ള ദേവാലയത്തിനുള്ളിൽ ദൈവസാന്നിദ്ധ്യ പേടകമായ സക്രാരിക്കു മുൻപിലും ഞാൻ കണ്ടു, ആവേശപൂർവം പാവങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിക്കുന്നതിൽ ആഹ്ളാദിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റി സഭയിലെ അംഗങ്ങളായ പതിനഞ്ചു നവസന്യാസിനിമാരെ. കൊടും തണുപ്പിലും സ്വയം തുന്നിയ സാരിയുടെ ഭദ്രതയിൽ അവരുടെ പുഞ്ചിരിയാർന്ന അഗതി ഭാവ സന്നദ്ധതയിൽ സ്വർഗം തുറന്നതിനാലാവാം പരിശുദ്ധാത്മാവിന്റെ അഗ്നിചിറകുകളിൽ അവർക്കു സംരക്ഷണം ലഭിച്ചത്. എന്തൊരു ആവേശമാണ്!!! തിരുക്കർമ്മങ്ങളുടെ തുടക്കം മുതൽ അവസാനം വരെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ തുലോം കുറവ് വന്നിട്ടില്ല. കസേരയുടെ സുഖദായകത്വം വെടിഞ്ഞുകൊണ്ട് അരിച്ചിറങ്ങുന്ന ശൈത്യം നൽകുന്ന തറയിൽ ഇരുന്നുകൊണ്ട് വചനം കേൾക്കുന്ന ഈ സഹോദരിമാരെ കണ്ടപ്പോൾ പൗരോഹിത്യത്തിന് ഇനിയും എത്രയോ ഘാതം മുന്നിലേക്ക് സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്ന ബോധ്യം എന്റെ മനസിലേക്ക് കടന്നുവന്നു. അവർ പാടിയ പാട്ടുകളുടെ ശീലുകളിൽ പുൽക്കൂട്ടിൽ ഭൂജാതനാവുന്ന ഉണ്ണീശോയ്ക്കുള്ള താരാട്ടുപാട്ടുപോലെ. ഈ പതിനഞ്ചുപേരുടെയും പരിശീലകയായ സിസ്റ്റർ ജോസ്‌ലിൻ അവരോടൊപ്പം മൂത്ത സഹോദരിയെപ്പോലെ കൂടെ നിന്ന് കർമങ്ങളിൽ പങ്കെടുക്കുമ്പോൾ സന്തോഷത്തിന്റെ ആനന്ദകണ്ണുനീർ ആ കണ്ണുകളിൽ കാണാമായിരുന്നു. സഭയുടെ നന്മയും ശക്തിയും ഇന്നലെ ഞാൻ ആവോളം അനുഭവിച്ചു.
നമ്മുടെ കേരളത്തിൽ നിന്നുമുള്ള സിസ്റ്ററിനെ (സിസ്റ്റർ ആനി റോസ് തെള്ളി) കൂട്ടത്തിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. തിരുക്കർമങ്ങൾക്കു ശേഷം പുറത്തേക്ക് വരുമ്പോൾ വാതിൽ പടിയിൽ ഇരുന്ന മുഷിഞ്ഞ വസ്ത്ര ധാരിയായ ഒരു ചേട്ടന്റെ അടുത്തുചെന്നു കുശലം പറയുന്ന ഈ സഹോദരിയെ എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. കൊറോണയും തോറ്റുപോയ ഒരു നിമിഷമെന്നേ ഈ അനുഭവത്തെ വിളിക്കാൻ സാധിക്കൂ. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത എന്റെ അടുത്തുവന്നു വർഷങ്ങളായി പരിചയക്കാരെന്നോണം സംസാരിച്ചപ്പോൾ എന്റെ വാക്കുകൾ ഇടറുന്നത് എനിക്ക് തന്നെ മനസ്സിലാക്കാമായിരുന്നു. ഫ്രാൻസിസ് പാപ്പ പറയുന്നതുപോലെ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് സുഹൃത്തുക്കളെ നേടുന്ന സന്യാസിനിമാർ.
ഇനിയും പറയാൻ ഏറെ ഉണ്ട് പക്ഷെ ഈ തുറന്ന ജീവിതപുസ്തകത്തിന് വാക്മയചിത്രങ്ങളാൽ മോടികൂട്ടുന്നതിനുമപ്പുറം ഇവരുടെ സേവനങ്ങളിൽ ഭാഗഭാക്കാകുവാൻ ഞാനും തീരുമാനം എടുത്തുകഴിഞ്ഞു. ഒത്തിരി നന്ദിയുണ്ട് ബഹുമാനപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ എല്ലാവരോടും. ഈ സഹോദരിമാർക്ക് പ്രചോദനമായി എന്നും പ്രാർത്ഥനകളാൽ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും, ബന്ധുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.