Kerala

അക്കാപ്പെല്ലാ ഫ്യൂഷൻ തരംഗം; വൈറലായി ഒരു കൂട്ടം വൈദീകർ

"പിൽഗ്രിംസ് കമ്മ്യൂണിക്കേഷ"ന്റെ നേതൃത്വത്തിലുള്ള "ദ ട്വൽവ്" ബാൻഡിലെ വൈദീകരാണ് അക്കാപ്പെല്ലാ ഒരുക്കിയിരിക്കുന്നത്

സ്വന്തം ലേഖകൻ

എറണാകുളം: “അക്കാപ്പെല്ലാ” സംഗീതമൊരുക്കി വൈറലായിരിക്കുകയാണ് ഒരു കൂട്ടം വൈദീകർ. എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമവിഭാഗമായ “പിൽഗ്രിംസ് കമ്മ്യൂണിക്കേഷ”ന്റെ നേതൃത്വത്തിലുള്ള “ദ ട്വൽവ്” ബാൻഡിലെ വൈദീകരാണ് മനോഹരമായ ഈ അക്കാപ്പെല്ലാ ഫ്യൂഷൻ ഒരുക്കിയിരിക്കുന്നത്. സിനിമയിലെ ഭക്തിഗാനങ്ങൾ കോർത്താണ് ഇപ്പോൾ അക്കാപ്പെല്ലാ അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് “അക്കാപ്പെല്ലാ”?

സംഗീത ഉപകരണങ്ങളുടെ പിൻബലമില്ലാതെ, പാട്ടും അകമ്പടിസംഗീതവും മനുഷ്യശബ്ദത്താൽ സാധ്യമാക്കുന്ന സംഗീത രീതിയാണ് “അക്കാപ്പെല്ലാ”. 19-ാം നൂറ്റാണ്ടിലാണ് ഇതിന്റെ ഉത്ഭവം. “ചാപ്പൽ രീതി” എന്നാണ് ഈ ഇറ്റാലിയൻ വാക്കിന്റെ അർത്ഥം. പത്തൊമ്പതാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചില ദേവാലയങ്ങളിൽ ഗാനാലാപനത്തിന് സംഗീതോപകരണങ്ങളുടെ അകമ്പടി നിക്ഷേപിക്കപ്പെട്ടപ്പോൾ ഒരു കൂട്ടം യുവാക്കൾ ചേർന്ന് കണ്ഠനാദങ്ങളിലൂടെയും താളത്തിലുള്ള കൈയ്യടികളിലൂടെയും അകമ്പടിയൊരുക്കി പാടിയതാണ് അക്കാപ്പെല്ലയായി രൂപാന്തരപ്പെട്ടത്. സംഘമായി ആലപിക്കുന്ന ഭക്തിഗാനങ്ങളാണ് പൊതുവെ ഇതിന് സ്വീകരിക്കുന്നത്.

ആരൊക്കെയാണ് ആ വൈദീകർ?

ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി, ഫാ.ആന്റെണി കാട്ടുപറമ്പിൽ, ഫാ.ചെറിയാൻ നേരേവീട്ടില്‍, ഫാ.എബി എടശ്ശേരി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഫാ.ജിമ്മി കക്കാട്ടുചിറ, ഫാ.ജാക്സൺ കിഴവന, ഫാ.ജെറിൻ പാലത്തിങ്കൽ, ഫാ.നിബിൻ കുരിശിങ്കൽ എന്നിവരാണ് പിന്നണിയിൽ ഓര്‍ക്കസ്ട്ര ശബ്ദം നൽകിയിരിക്കുന്നത്.
കൂടാതെ, ഫാ.ജേക്കബ് കോറോത്താണ് എഡിറ്റിങ്, ഫാ.സജോ പടയാട്ടിൽ കലാസംവിധാനം, ജൂബി കളത്തിപ്പറമ്പിൽ ക്യാമറ.

ഫാ.ജാക്സൺ കിഴവനയാണ് ഹാർമണി കമ്പോസ് ചെയ്തിരിക്കുന്നത്. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ ഗ്രേഡ് സ്വന്തമാക്കിയ ശേഷം, കോറല്‍ ഗാനശാഖയെ അടിസ്ഥാനമാക്കി വിയന്ന മ്യൂസിക് കൺസര്‍വേറ്ററിയിൽ ചര്‍ച്ച് മ്യൂസിക്ക്, കോറൽ സിംഗിങ് കണ്ടക്ടിങ്ങ്, ഓര്‍ക്കസ്ട്ര കണ്ടക്ടിങ് വിഷയങ്ങളിൽ പിയാനോയും പൈപ്പ് ഓര്‍ഗനും പ്രധാനവിഷയമാക്കി കോഴ്സ് ചെയ്തുവരികയാണ്. ഫാ.ജാക്സൺ. നിരവധി ലൈവ് മ്യൂസിക് കൺസെര്‍ട്ടുകള്‍ നടത്തിയിട്ടുമുണ്ട്.

വൈദീകരുടേതായി ഒരുക്കിയ മ്യൂസിക് പ്രൊഡക്ഷൻ ബാൻഡാണ് “ദി ട്വൽവ് ബാൻഡ്”. ഈ ബാൻഡിന്റെ ആദ്യത്തെ ഗാനമെന്ന നിലയിലാണ് അക്കാപ്പെല്ലാ ചെയ്തതെന്നും, കലാപരമായ കാര്യങ്ങള്‍ രൂപതയുടെ “മ്യൂസിക് മിനിസ്ട്രിക്ക്” വേണ്ടി ചെയ്യാനുദ്ദേശിച്ചാണ് ഈ ബാൻഡ് ആരംഭിച്ചതെന്നും ഫാ.ജാക്സൺ പറഞ്ഞു.

എന്തുകൊണ്ട് സിനിമയിലെ ഭക്തിഗാനങ്ങൾ?

സിനിമയിലെ ഭക്തിഗാനങ്ങള്‍ അക്രൈസ്തവരായവര്‍ പോലും കേട്ടിട്ടുള്ളതായിരിക്കും, അതുകൊണ്ടുതന്നെ നാനാജാതി മതസ്ഥരിലേക്ക് ദൈവത്തെക്കുറിച്ചുള്ള ചിന്ത എത്തിക്കുന്നതിന് പെട്ടെന്ന് സാധിക്കും എന്നതിനാലാണ് ആ ഗാനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് അവർ പറഞ്ഞു. കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലേക്കും ആശുപത്രിയികളിലേക്കുമൊക്കെ ഈ സംഗീതവുമായി പോകുവാൻ ഞങ്ങളുടെ ബാൻഡിന് പദ്ധതിയുണ്ട്. കാരണം, ദൈവാനുഭവം നൽകുന്നതോടൊപ്പം അവരെ സന്തോഷിപ്പിക്കുക കൂടി ഞങ്ങളുടെ ദൗത്യമായി കരുതുന്നു.

ചുരുക്കത്തിൽ, എല്ലാവര്‍ക്കും ആസ്വദിക്കാൻ പറ്റിയ പാട്ടുകളായതിനാലാണ് ഈ ഗാനങ്ങള്‍ തെരഞ്ഞെടുത്തതെന്നും, എന്തെങ്കിലും പുതുമയോടെ ചെയ്യണമെന്ന ചിന്തയാണ് ഇതിലേക്ക് നയിച്ചതെന്നും ഗായകസംഘത്തിലുള്‍പ്പെട്ട ഫാ.മെൽവിൻ ചിറ്റിലപ്പിള്ളി പറഞ്ഞു.

ഏതൊക്കെയാണ് ഗാനങ്ങൾ?

1991-ൽ പുറത്തിറങ്ങിയ ‘അമരം’ എന്ന ചിത്രത്തിൽ കൈതപ്രം എഴുതി രവീന്ദ്രൻ മാഷ് ഈണം നൽകി ഗായിക ലതിക പാടിയ “ഹൃദയരാഗ തന്ത്രി മീട്ടി” എന്ന ഭക്തിഗാനം.
1999-ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിൽ സത്യൻ അന്തിക്കാട് എഴുതി ജോൺസൺ മാഷ് സംഗീതം ചെയ്ത് ഗാനഗന്ധര്‍വ്വൻ കെ.ജെ. യേശുദാസ് ആലപിച്ച “വിശ്വം കാക്കുന്ന നാഥാ” എന്ന ഗാനം.
1993-ൽ പുറത്തിറങ്ങിയ ‘സമാഗമം’ എന്ന സിനിമയിൽ കവി ഒ.എൻ.വി. കുറുപ്പ് എഴുതി ജോൺസൺ മാഷ് ഈണമിട്ട് എസ്.ജാനകി പാടിയ “വാഴ്ത്തിടുന്നിതാ സ്വര്‍ഗ്ഗനായകാ” എന്ന ഗാനം.
1997-ൽ പുറത്തിറങ്ങിയ ‘ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ’ എന്ന സിനിമയിൽ യൂസഫലി കേച്ചേരി എഴുതി ബോംബെ രവി ഈണമിട്ട് കെ.ജെ യേശുദാസും കെ.എസ്. ചിത്രയും കൂടി പാടിയ “വാതില്‍ തുറക്കൂ നീ കാലമേ” എന്ന ഗാനം.
ഇത്രയും ഗാനങ്ങൾ ചേര്‍ത്താണ് അക്കാപ്പെല്ല ഫ്യൂഷൻ അവതരിപ്പിച്ചിരിക്കുന്നത്.

അച്ചന്മാരുടെ അക്കാപ്പെല്ല പാട്ട് ഇതിനകം ഒരു ലക്ഷത്തോളം കാഴ്ചക്കാരെ യൂട്യൂബിൽ നേടികഴിഞ്ഞിട്ടുണ്ട്.

സംഗീതത്തിലെ പുതുമയുള്ള പരീക്ഷണങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് “പിൽഗ്രിംസ് കമ്മ്യൂണിക്കേഷ”ന്റെ നേതൃത്വത്തിലുള്ള “ദ ട്വൽവ്” ബാൻഡിലെ വൈദീകർ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker