സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ…
എന്റെ ഹിതം ദൈവത്തിന്റെ ഹിതത്തോട് ചേർത്തുവയ്ക്കുന്നതാണ് പ്രാർത്ഥന...
“നിങ്ങൾ ചോദിക്കുന്നതിനുമുമ്പ് നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6:8). ഇവിടെ പ്രാർത്ഥനയ്ക്ക് ഒരു പുതിയ അർത്ഥം നൽകുകയാണ്. സ്വർഗ്ഗീയ പിതാവ് എന്റെ ആവശ്യങ്ങൾ അറിയുന്നവനാണ്. ആവശ്യങ്ങൾ അറിയുന്നവൻ ഞാൻ ചോദിക്കും മുമ്പേ അവയെല്ലാം തന്നുകഴിഞ്ഞു. ഒരു ‘സ്റ്റോർ റൂം’- ൽ മുന്നറിവോടെ തയ്യാറാക്കിവെച്ചിരിക്കുന്നപോലെ എന്നർത്ഥം. അതുകൊണ്ട്, പ്രാർത്ഥന എന്ന് പറയുന്നത് നമ്മൾ പറഞ്ഞു പ്രേരിപ്പിച്ച് ദൈവത്തിൽ നിന്നും അത് വാങ്ങിയെടുക്കലല്ല, ദൈവത്തിന്റെ മനസ്സ് മാറ്റിയെടുക്കലല്ല, പ്രാർത്ഥന ബന്ധമാണ്.
എന്റെ ഹിതം ദൈവത്തിന്റെ ഹിതത്തോട് ചേർത്തുവയ്ക്കുന്നതാണ് പ്രാർത്ഥന; ഒരു റെയിൽ പാളം പോലെ. എന്റെ ആഗ്രഹങ്ങളുടെ പാളത്തിലൂടെ ഓടുന്ന എന്റെ ജീവിതം ദൈവത്തിന്റെ പാളത്തിലൂടെ ഓടാൻ തുടങ്ങുന്നതാണ് പ്രാർത്ഥന. അപ്പോൾ ചോദിക്കുന്നതിനുമുമ്പ് നിങ്ങളുടെ ആവശ്യം അറിയുന്ന നിങ്ങളുടെ പിതാവ് പ്രതിഫലം തന്നുകൊള്ളും, അല്ലെങ്കിൽ തന്നു കഴിഞ്ഞു. ഇത് ക്രിസ്തു പറഞ്ഞവാക്കുകളാണ്. വചനമായി അവതരിച്ച അവന്റെ അധരത്തിൽനിന്നും പുറപ്പെടുന്ന ഫലരഹിതമായി തിരിച്ചു വരില്ല (ഏശയ്യാ 55:11). പ്രാർത്ഥന ആ അർത്ഥത്തിൽ ബന്ധമാണ്, ദൈവത്തോടുള്ള ബന്ധം ഊട്ടിഉറപ്പിക്കലാണെങ്കിൽ, ക്രിസ്തു പഠിപ്പിച്ച പ്രാർത്ഥനയുടെയും ലക്ഷ്യം ഈ ബന്ധം വർദ്ധിപ്പിക്കലാണ്.
ഈ പ്രാർത്ഥനയിൽ ഏഴുകാര്യങ്ങൾ പറയുന്നുണ്ട്:
1) ദൈവത്തെ പിതാവേയെന്നു വിളിച്ചു പ്രാർത്ഥിക്കുവിൻ. യഹൂദരുടെ പ്രാർത്ഥനകളിലെല്ലാം ദൈവത്തെയും അവിടുത്തെ ശക്തിയെയും വിളിച്ചുപ്രാർത്ഥിക്കുന്നുണ്ട്. മനുഷ്യന്റെ അസ്തിത്വത്തിനപ്പുറം അകന്നു നിൽക്കുന്ന ഒരു ദൈവം. ക്രിസ്തു ദൈവത്തിനെ വിളിക്കുന്ന എല്ലാ പേരുകളും ചേർത്ത് ഒറ്റവാക്കിൽ ‘പിതാവായ ദൈവമേ’ യെന്നു വിളിക്കുവാൻ പഠിച്ചു. ഔർ പുത്രനടുത്ത സ്നേഹത്തോടെ പിതാവിനെ താൻ വിളിച്ചിരുന്ന അതെ പേരിൽ വിളിക്കാൻ ശിഷ്യരെ പഠിപ്പിക്കുന്ന വിപ്ലവകരമായ ഒരു മാറ്റം പ്രാർത്ഥനയ്ക്ക് നൽകി. പിതാവേ എന്ന് വിളിക്കാൻ ഒരു ബന്ധം വേണം, എന്റെ അടുത്തുനിൽക്കുന്ന, ഒരു കുടുംബത്തിന്റെ അംഗമായി അനുഭവിച്ചു വിളിക്കണം. ഒരുഅപ്പനോടെന്നപോലെ സംസാരിക്കണം. തിന്മ ചെയ്തു ഈ ബന്ധം നഷ്ടമായവർക്കു അങ്ങിനെ വിളിക്കാൻ സാധിക്കില്ല. അപ്പോൾ ഒന്നാമത്തെ പ്രത്യേകത, എന്റെ സ്വന്തം അപ്പനെപോലെ ദൈവത്തെ അനുഭവിക്കാൻ സാധിക്കണം.
2) ഈ പ്രാർത്ഥനയിൽ നന്ദിയും സ്തുതിയും ആരാധനയുമുണ്ട്. “നിന്റെ നാമം പൂജിതമാകണമേ”; ഇവിടെ ചോദിക്കുംമുമ്പേ എനിക്കായി അനുഗ്രഹങ്ങൾ ഒരുക്കി വച്ചതിന്റെ നന്ദിയും, എല്ലാ നാമങ്ങൾക്കും ഉപരിയായ നാമമായ അവിടുത്തേക്ക് സ്തുതിയും, സർവ്വസൃഷ്ടികൾക്കും അതിനാഥനായ അവിടുത്തേക്ക് ആരാധനയും അർപ്പിക്കുന്നു.
3) ദൈവഹിതം നിറവേറണമേയെന്നു പ്രാർത്ഥിക്കുന്നു. ദൈവഹിതം നിറവേറുമ്പോൾ ദൈവരാജ്യം എന്നിൽ വരും, യേശു ചെയ്തതുപോലെ, ദൈവഹിതം നിറവേറ്റി ദൈവരാജ്യം ഭൂമിയിൽ സ്ഥാപിച്ചതുപോലെ.
4) മദ്ധ്യസ്ഥ പ്രാർത്ഥനയാണിത്. “സ്വർഗ്ഗരാജ്യം ഭൂമിയിലുമാകണം” – എന്നിൽ മാത്രമല്ല എന്റെ കുടുംബത്തിലും, സഭയിലും സമൂഹത്തിലും ഭൂമിയിലും സ്ഥാപിക്കപ്പെടണം.
5) വിശ്വാസിയുടെ പ്രാർത്ഥയാണിത്. “അന്നന്നു വേണ്ട അപ്പം തരേണമേ”. – അപ്പം ചോദിക്കുകയെന്നു പറഞ്ഞാൽ ഒരുവന്റെ ജീവിതത്തിന്റെ ഏറ്റവും ആവശ്യമായ ഒന്ന് ചോദിക്കുന്നു. അപ്പം നല്കുകയെന്നുപറഞ്ഞാൽ അവിടുത്തെ കരുതലിന്റെ പ്രതീകമാണ്, ഇസ്രായേൽ ജനത്തിന് മരുഭൂമിയിൽ മന്നാ കൊടുത്ത ദൈവത്തിന്റെ കരുതൽ പോലെ. കൂടാതെ അപ്പം തരേണമേയെന്നാണ് പ്രാർത്ഥിക്കുന്നത്. എനിക്ക് വിൽക്കണമേ, കടമായി തരണമേയെന്നാണ് പ്രാർത്ഥിക്കുന്നത്. അത് ഒരു പാവപ്പെട്ടവന് ആഹാരം ദാനമായി കിട്ടുന്ന പോലെ കരുതലോടെ എന്നും ദാനമായി ലഭിക്കുമെന്ന് ഉറച്ചുള്ള വിശ്വാസത്തോടെയുള്ള പ്രാർത്ഥന. കരുതലുള്ള ദൈവം ചോദിക്കുംമുമ്പേ എന്റെ ആവശ്യങ്ങൾ കരുതലോടെ കണ്ടറിയുന്നുവെന്ന വിശ്വാസമാണത്.
6) മാപ്പിനായുള്ള പ്രാർത്ഥന. ‘ഞാൻ അപാരനോട് ക്ഷമിക്കുന്ന പോലെ എന്നോടും ക്ഷമിക്കണമേ. ദൈവത്തെ പിതാവേ എന്ന് വിളിച്ചു ആ ബന്ധത്തിൽ പ്രാർഥിക്കുമ്പോൾ അപരനോടുള്ള ബന്ധത്തിലാണ് പ്രാർത്ഥിക്കുന്നത്. അപാരനോട് ഞാൻ ക്ഷമിച്ചു കാരണം, അവനും അപ്പനോട് അന്നന്ന് വേണ്ട അപ്പം തരണേമേയെന്നു പ്രാർത്ഥിച്ചിട്ടുണ്ട്. ആയതിനാൽ അപ്പനോട് പ്രാർത്ഥിക്കുമ്പോൾ അവന്റെയും എന്റെയും മനസ്സ് ഒന്നായിരിക്കണം, കാരണം കരുതലുള്ള എന്റെ സ്വർഗീയപിതാവ് ആ ബന്ധമാണ് യഥാർത്ഥ പ്രാർത്ഥനയായി സ്വീകരിക്കുന്നത്.
7) തിന്മയിൽ നിന്നും രക്ഷിക്കണമേ. തിന്മയെന്നു ദൈവത്തോടും അപാരനോടും പറഞ്ഞാൽ ബന്ധമില്ലാത്ത അവസ്ഥ, അങ്ങിനെ ഒരവസ്ഥ എനിക്കുണ്ടാകാതിരിക്കാൻ ദൈവമേ എന്നെ സാധാ രക്ഷിക്കണമേയെന്നു കൂടി പ്രാർത്ഥിക്കുന്നു.
ഈ ഏഴുകാര്യങ്ങളും ദൈവത്തോടുള്ള ബന്ധവും മനുഷ്യരോടുള്ള ബന്ധവുമാണ് ആവശ്യപ്പെടുന്നത്. കാരണം പ്രാർത്ഥന ബന്ധമാണ്, ദൈവത്തിന്റെ ഇഷ്ടത്തിനൊപ്പം വളരലാണ്. ഇതുമാത്രം നീ അന്വേഷിക്കുക, ബാക്കിയുള്ളതെല്ലാം, ചോദിക്കും മുമ്പേ നിന്റെ ആവശ്യം അറിയുന്നവൻ നൽകി കഴിഞ്ഞു.