സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാം
സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാകാം
മിക്ക. 7,14-15.18-20
മത്തായി. 12,46-50
“സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും”.
സ്നേഹമുള്ളവരെ, ക്രിസ്തു ഇന്ന് നമ്മോട് പറയുന്നു; നിങ്ങൾ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റേണ്ടവർ ആകണമെന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ സംശയമാണ് “എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടം?” എന്നത്.
ക്രിസ്തു പലതവണയായി നമ്മോട് പറഞ്ഞിട്ടുണ്ട് എന്താണ് പിതാവായ ദൈവത്തിന്റെ ഇഷ്ടമെന്ന്. അതായത്, “ദൈവരാജ്യവും അവന്റെ നീതിയും അന്വേഷിക്കുക”. ക്രിസ്തു സത്യത്തിൽ ആ ദൈവരാജ്യന്റെയും അവന്റെ നീതിയുടെയും അന്വേഷണത്തിലായിരുന്നു. തന്റെ ജീവിതം തന്നെ വലിയൊരടയാളമാക്കിക്കൊണ്ട് ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുവാനുമുള്ള നിരന്തര പരിശ്രമത്തിലായിരുന്നു യേശു.
ദൈവരാജ്യ അനുഭവം പകർന്നുകൊടുക്കുകയും, ദൈവനീതി സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്, സമൂഹത്തിലെ കപടതകൾക്കും അനീതിയ്ക്കും എതിരെ ശക്തമായ നിലപാടുകൾ യേശു കൈക്കൊണ്ടിരുന്നത്. “നിങ്ങളിൽ പാപം ചെയ്യാത്തവൻ അവളെ കല്ലെറിയട്ടെ” എന്നവാക്കുകളിൽ വിപ്ലവാത്മകമായ തീക്ഷ്ണതയുണ്ട്.
നമ്മുടെ ഇടങ്ങളിലും നീതി ഹനിക്കപ്പെടുമ്പോൾ, ക്ഷമയെന്ന ശീലം നമ്മെ വിട്ടകലുന്നതായി തോന്നി തുടങ്ങുമ്പോൾ മനസിലാക്കുക ദൈവരാജ്യം വിദൂര സ്വപ്നമായി മാറുന്നുവെന്ന്. ക്രിസ്തുവിനെപ്പോലെ നമ്മുടെ അനുദിന ജീവിതങ്ങളിൽ ദൈവരാജ്യ അനുഭവം മറ്റുള്ളവർക്ക് പകർന്നുകൊടുത്തതുകൊണ്ട്, ദൈവനീതിയ്ക്കുവേണ്ടി ശബ്ദമുയർത്തുന്ന ക്രിസ്തുനാഥന്റെ പ്രതിരൂപങ്ങളായി മാറുവാൻ ശ്രമിക്കാം, പ്രാർഥിക്കാം.