സൂസൈപാക്യം പിതാവ് പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി നിറവില്‍
സൂസൈപാക്യം പിതാവ് പൗരോഹിത്യ ഗോള്‍ഡന്‍ ജൂബിലി നിറവില്‍
സ്വന്തം ലേഖകന്‍
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സംഘ (കെ.സി.ബി.സി) പ്രസിഡന്‍റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ സൂസൈപാക്യം പിതാവിന്‍റെ പൗരോഹിത്യത്തിന്റെ 50- ാം വാര്‍ഷികം കേരള സഭ ഒന്നായി ദിവ്യബലി അര്‍പ്പിച്ച് ആഘോഷിച്ചു.
തൃശൂര്‍ അതിരൂപത മെത്രാപോലീത്ത ആന്‍ഡ്രൂസ് താഴത്ത് പിതാവ് വചന സന്ദേശം നല്‍കി. കെ.സി.ബി.സി. സമ്മേളനം നടക്കവേ കൊച്ചി പാലാരിവട്ടം പി.ഓ.സി.യില്‍ നടന്ന ദിവ്യബലിക്ക് കേരള സഭയിലെ 3 റീത്തുകളിലെയും മെത്രാന്മാര്‍ നേതൃത്വം നല്‍കി.
റോമിലെ അഡ്ലിമിയ സന്ദര്‍ശനത്തിന് ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ പിതാവ് പനിബാധിക്കുകയും തുടര്‍ന്ന്, അതീവ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം അത്ഭുതകരമായ സൗഖ്യത്തിലേയ്ക്ക് തിരിച്ചു വന്നത് കേരള സഭയും സഭാ പിതാക്കന്‍മാരും പ്രാര്‍ത്ഥനയോടെയാണ് കണ്ടത്.
തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച നടന്ന കെആര്‍എല്‍സിസി തെരെഞ്ഞെടുപ്പില്‍ ആരോഗ്യ കാരണങ്ങളാൽ തുടരാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച പിതാവിന്റെ ഇഷ്ടം അനുസരിച്ചായിരുന്നു പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തത്. അത്ഭുത സൗഖ്യത്തിനു ശേഷം പിതാവ് പങ്കെടുക്കുന്ന കെസിബിസി സമ്മേളനമെന്ന പ്രത്യേകതയും പിഓസിയില്‍ നടക്കുന്ന യോഗത്തിനുണ്ട്.
1969 ഡിസംബര്‍ 20 -നായിരുന്നു സൂസൈപാക്യം പിതാവിന്റെ പൗരോഹിത്യ സ്വീകരണം.