സുവിശേഷം നമ്മുടെ അവകാശമാണ്, നാം വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരായ വൈദികരാകാനും; മോൺ.വിൻസെന്റ് കെ.പീറ്റർ
വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ചൈതന്യം നമ്മുടെ ജീവിതത്തിലും സ്വായത്തമാക്കണം; മോൺ. ജി.ക്രിസ്തുദാസ്
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സുവിശേഷം നമ്മുടെ അവകാശമാണെന്നും, നാം വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരായ വൈദികരാകാനാണെന്നും, നമ്മുടെ വിശുദ്ധി മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെന്നും നെയ്യാറ്റിൻകര രൂപതാ എപ്പിസ്കോപ്പൽ വികാരി മോൺ.വിൻസെന്റ് കെ.പീറ്റർ. നെയ്യാറ്റിൻകര രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യേയേഴ്സ് സെമിനാരി ദിനാഘോഷത്തിന്റെ ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനായി. മൈനർ സെമിനാരി റെക്ടറും പ്രീഫെക്റ്റർമാരുമടക്കം ഏതാനും വൈദീകർ സഹകാർമികരായി. വി.ഫ്രാൻസിസ് സേവ്യറിന്റെ പ്രേഷിത ചൈതന്യം ഉൾക്കൊണ്ട് നാം ഓരോരുത്തരും മുന്നേറണമെന്നും, വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ചൈതന്യം നമ്മുടെ ജീവിതത്തിലും സ്വായത്തമാക്കണമെന്നും വൈദീക വിദ്യാർത്ഥികളോട് മോൺ. ജി.ക്രിസ്തുദാസ് ആഹ്വാനം ചെയ്തു.
ഈ കൊറോണാക്കാലത്ത് സയൻസും മരുന്നുകളൊന്നുമല്ല നമ്മെ നയിച്ചതെന്നും മറിച്ച് ദൈവത്തിലുള്ള ആശ്രയമാണ് ശക്തി പകരുന്നതെന്നും, ധ്യാന ഗുരുക്കന്മാർ ആകുന്നതിനേക്കാള്‍ നല്ലത് വിശുദ്ധനായ വൈദികന് ആകുന്നതാണെന്നും, വാക്കും പ്രവൃത്തിയും ഒരുപോലെ ആയിരിക്കണമെന്നും, ഇങ്ങനെയുള്ള ഗുണങ്ങള്‍ ഒരു വൈദികാർഥിക്ക് അത്യാവശ്യം ഉണ്ടാകേണ്ടതാണെന്നും മോൺ.വിൻസെന്റ് കെ.പീറ്റർ വചന സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.
1996-ൽ രൂപത സ്ഥാപിതമായിട്ട് ആദ്യമായി രൂപകൽപ്പന നൽകപ്പെട്ടത് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള രൂപതയുടെ ഹൃദയമായ സെമിനാരിക്കായിരുന്നു. 1997 നവംമ്പർ 1-ന് വി.ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലുള്ള മൈനർ സെമിനാരി പേയാടിനടുത്തുള്ള ഈഴക്കോട് ആശീർവദിക്കപ്പെട്ടു. പിന്നീട്, 2009 മേയ് 1-ന് മാറനെല്ലൂരിൽ വി.വിൻസെന്റ് ഡീ പോളിന്റെ നാമധേയത്തിലുള്ള സെമിനാരിയും ആശീർവദിക്കപ്പെട്ടു.