Kerala

ശ്രീലങ്കയിലെ പീഡിതസഭയ്ക്ക് വിജയപുരം രൂപതയുടെ ഐക്യദാർഢ്യം

രക്തസാക്ഷികളായ ആത്മാക്കൾക്ക് വേണ്ടിയും പരിക്കേറ്റവർക്കു വേണ്ടിയും ആക്രമണത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ടവർക്കുവേണ്ടിയും

ബിബിൻ ജോസഫ്

കോട്ടയം: വിജയപുരം രൂപതയുടെ കോട്ടയത്തുള്ള നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീർത്ഥാടന കേന്ദ്രത്തിൽ ശ്രീലങ്കൻ സഭയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനാ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക ദിവ്യബലി, ആരാധന, ഐക്യദാർഢ്യറാലി എന്നിവ സംഘടിപ്പിച്ചു. വൈകിട്ട് 5 മണിക്ക് നടന്ന ദിവ്യബലിക്കും, തുടർന്ന് നടത്തിയ ഐക്യദാർഢ്യറാലിയ്ക്കും വിജയപുരം രൂപതാ മെത്രാൻ ഡോ.സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ നേതൃത്വം നൽകി.

ഇന്ന് ലോകത്തിൽ മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷവും അക്രമവും പരത്തുകയാണ്. എല്ലാ മതത്തിന്റെയും അടിസ്ഥാന തത്വം സ്നേഹമാണ്. എന്നാൽ അതേ മതത്തിന്റെ പേരിൽ തന്നെയാണ് ഇന്ന് തീവ്രവാദവും കൊലപാതകങ്ങളും അരങ്ങേറുന്നത് എന്നത് ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്ത കാര്യമാണ്. പുതുഞായറാഴ്ച്ചയായ ഇന്ന് നാമെല്ലാവരും ബലിയർപ്പിച്ചു പ്രാർത്ഥിച്ചു. എന്നാൽ ശ്രീലങ്കയിൽ ദേവാലയങ്ങൾ അടഞ്ഞുകിടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. അതേസമയം, മനുഷ്യരാശിയെ നശിപ്പിക്കുന്ന തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്നവരുടെ മാനസാന്തരത്തിനു വേണ്ടി നാം പ്രാർത്ഥിക്കണമെന്നും, ശ്രീലങ്കയിലെ സഭയ്ക്കുവേണ്ടി, പ്രത്യേകിച്ച് രക്തസാക്ഷികളായ ആത്മാക്കൾക്ക് വേണ്ടിയും പരിക്കേറ്റവർക്കു വേണ്ടിയും ആക്രമണത്തിൽ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ടവർക്കുവേണ്ടിയും നാം ഈ അവസരത്തിൽ പ്രാർത്ഥിക്കണമെന്നും പിതാവ് ആഹ്വാനം ചെയ്തു.

വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിലും തീർത്ഥാടന കേന്ദ്ര ഡയറക്ടർ മോൺ.സെബാസ്റ്റ്യൻ പൂവത്തിങ്കലും രൂപതയിലെ വൈദികരും ദിവ്യബലിയിൽ സഹകാർമികരായി. തുടർന്ന് നടന്ന ഐക്യദാർഢ്യറാലിയ്ക്ക് കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഭാരതീയ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയും (CCBI), കേരള കത്തോലിക്ക മെത്രാൻ സമിതിയും ഏപ്രിൽ 28 ഞായറാഴ്ച പ്രാർത്ഥന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker