വേളാങ്കണ്ണി പള്ളി ആക്രമിക്കുവാൻ പദ്ധതിയുമായി തീവ്രവാദികൾ; സുരക്ഷയൊരുക്കി തമിഴ്നാട്
ആഗസ്റ്റ് 29-നാണ് വേളാങ്കണ്ണി പള്ളിത്തിരുനാൾ കൊടിയേറുന്നത്, തിരുനാള്‍ സെപ്റ്റംബര്‍ 8-നാണ് തിരുനാൾ സമാപിക്കുക...
സ്വന്തം ലേഖകൻ
വേളാങ്കണ്ണി: വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഒരു പാക്കിസ്ഥാൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് വംശജരുമുൾപ്പെടെ, ആറു ലഷ്കറെ തൊയ്ബ ഭീകരർ കോയമ്പത്തൂരിലെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്. തുടർന്ന്, തമിഴ്നാട്ടിലും കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂർ നഗരം കനത്ത സുരക്ഷാവലയത്തിലാണ്. ദേശീയ അന്വേഷണ എജൻസി (എൻ.ഐ.എ.) യുടെ സംഘവും പ്രത്യേകാന്വേഷണം നടത്തുന്നുണ്ട്.
വേളാങ്കണ്ണി പള്ളി പരിസരത്തിന് പുറമെ, ഊട്ടി വെല്ലിങ്ടണിലെ കരസേന കാര്യാലയം, കോയമ്പത്തൂരിലെ വ്യോമതാവളം, ശബരിമല ക്ഷേത്രം എന്നിവയും അവരുടെ ആക്രമണ പദ്ധതിയിൽ ഉള്ളതായി റിപ്പോർട്ടുണ്ട്.
ശ്രീലങ്കയിൽ നിന്ന് ബോട്ടുമാർഗം തമിഴ്നാട്ടിലെത്തിയ സംഘം ഓഗസ്റ്റ് 21-ന് കോയമ്പത്തൂരിലെത്തിയതായാണ് വിവരം. തൃശ്ശൂർ സ്വദേശിയായ മലയാളിയാണ് സംഘത്തെ എത്തിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്കൾ ഉണ്ട്. ശ്രീലങ്ക വഴിയാണ് ഭീകരർ തമിഴ്നാട്ടിൽ എത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഘത്തിലുള്ള പാക് പൗരന്റെ പേര് ‘ഇല്യാസ് അൻവർ’ എന്നാണെന്നാണ് വിവരം. ഇവരുടെ സഹായത്തിനെത്തിയ മലയാളിയുടെ ഫോട്ടോ രഹസ്യാന്വേഷണസംഘം തമിഴ്നാട്-കേരള പോലീസിന് കൈമാറിയിട്ടുണ്ട്.
ആഗസ്റ്റ് 29-നാണ് വേളാങ്കണ്ണി പള്ളിത്തിരുനാൾ കൊടിയേറുന്നത്, തിരുനാള്‍ സെപ്റ്റംബര്‍ 8-നാണ് തിരുനാൾ സമാപിക്കുക. ഭീക്ഷണിയെ തുടർന്ന് വേളാങ്കണ്ണിയില്‍ സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച രാത്രി മുതൽതന്നെ പോലീസ് കോയമ്പത്തൂർ നഗരത്തിൽ പരിശോധന തുടങ്ങി.
സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും കൂടിയാലോചനകൾക്കുമായി തമിഴ്നാട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ജയന്ത് മുരളി കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. സജ്ജമായി നിൽക്കാൻ നാവിക-വ്യോമസേനകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിലായി എണ്ണായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചാവേറുമായി സാമൂഹികമാധ്യമം വഴി ബന്ധപ്പെട്ടതിനും, ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) ആശയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനും കോയമ്പത്തൂരിൽനിന്ന് രണ്ടുപേരെ ജൂണിൽ എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ വേറെ മൂന്നുപേരെ തമിഴ്നാട് പോലീസും അറസ്റ്റുചെയ്തിട്ടുണ്ടായിരുന്നു.