വേളാങ്കണ്ണി തീർത്ഥാടകരെ അവഗണിച്ച് സതേൺ റയിൽവേ
അനിൽ ജോസഫ്
തിരുവനന്തപുരം: വേളാങ്കണ്ണി തീർത്ഥാടകരെ സതേൺ റെയിൽവേ അവഗണിക്കുന്നതായി പരാതി. തീർത്ഥാടകർക്കായി അവധിക്കാല സ്പെഷ്യൽ ട്രെയിനായി ഓടുന്ന ‘പ്രതിവാര കാരക്കൽ എക്സ്പ്രസ് ട്രെയിനിനെ’ക്കുറിച്ചാണ് പരാതി ഉയർന്നത്.
കഴിഞ്ഞ വർഷം കൊച്ചുവേളിയിൽ നിന്ന് ആരംഭിച്ച ഈ ട്രെയിൻ സർവ്വീസ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വലിയൊരു വിഭാഗം തീർത്ഥാടകർക്ക് ആശ്വാസമായിരുന്നു. ഏപ്രിലിൽ ആരംഭിച്ച് ജൂൺ വരെ മൂന്ന് മാസമാണ് ഈ ട്രെയിൻ വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്നത്.
എന്നാൽ, ട്രെയിനിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ തിരുവനന്തപുരം ഡിവിഷൻ മന:പൂർവ്വം അവഗണന കാട്ടുന്നതായാണ് പരാതി ഉയരുന്നത്. ട്രെയിനിന് അനുവദിച്ചിരിക്കുന്ന ലോക്കൽ കമ്പാർട്ട്മെന്റുകളിലും സ്ലീപ്പർ കോച്ചുകളിലും ശുചിമുറികൾ ശോചനീയ അവസ്ഥയിലാണ്. യാത്ര ആരംഭിച്ചു തുടങ്ങുന്നത് മുതൽ തന്നെ ശുചിമുറികളിൽ വെളളമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്നാണ് പരാതി. ശുചിമുറികളുടെ അടുത്തായി സീറ്റ് ലഭിച്ചവർക്ക് യാത്രാവസാനം വരെ മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമുണ്ട്.
കാരക്കൽ എക്സ്പ്രസിന് വേണ്ടി അനുവദിച്ചിരിക്കുന്ന ബോഗികളെല്ലാം തന്നെ കാലപ്പഴക്കം ചെന്നതാണ്. യാത്രയിലുടനീളം അപൂർവ്വമായ ശബ്ദങ്ങൾ ട്രെയിനിൽ നിന്ന് ഉയരുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഏഴാം നമ്പർ കോച്ചിലെ ജന്നാലകൾ തുറക്കാൻ സാധിക്കുന്നില്ലെന്ന് ഒരു യാത്രക്കാരൻ പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ടെക്കനിക്കൽ വിഭാഗത്തിലെ ജീവനക്കാരോട് പരാതി പെട്ടെങ്കിലും അരമണിക്കൂർ പ്ലാറ്റ് ഫോമിലുണ്ടായിരുന്ന ട്രെയിനിൽ ആരും എത്തിയില്ല.
ട്രെയിനിലെ ശുചിമുറികളുടെ അവസ്ഥ മനസിലാക്കിയ ഒരു യാത്രക്കാരൻ ട്രെയിൻ തിരുനെൽ വേലിയിലും മധുരയിലുമെത്തിയപ്പോൾ പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല.
പലകോച്ചുകളിലും മെബൈൽ ചാർജ്ജിംഗിന് പോയിന്റുകളുണ്ടെങ്കിലും ഒന്നും തന്നെ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. ഇതെ പറ്റി യാത്രക്കാർ ടിക്കറ്റ് പരിശോധകനോട് പരാതി പറഞ്ഞെങ്കിലും ഈ ട്രെയിനിൽ ആസംവിധാനം ഇല്ലെന്നായിരുന്നു മറുപടി. ഇങ്ങനെ പരാധീനതകളുടെ നടുവിൽ വേളാങ്കണ്ണിയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകരെ അവഗണിക്കുന്ന രീതിയിലാണ് ട്രെയിനിന്റെ ക്രമീകരണം.
ബുധനാഴ്ചകളിൽ 3.45-ന് തിരുവനന്തപുരത്തു നിന്ന് തിരിച്ച് പുലർച്ചെ 3.30- നാണ് ട്രെയിൻ നാഗപട്ടണത്തിൽ എത്തിച്ചേരുന്നത്. തുടർന്ന് 10 കിലോമീറ്റർ ബസിൽ യാത്ര ചെയ്താണ് തീർത്ഥാടകർ വേളാങ്കണ്ണിയിൽ എത്തുന്നത്. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ തുക ചിലവാക്കിയാലേ കാരക്കൽ എക്സ്പ്രസിൽ യാത്ര ചെയ്യാനാവൂ.
നാഗർകോവിൽ മധുര വഴി യാത്ര ചെയ്യുന്ന ട്രെയിൻ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിച്ചാൽ കേരളത്തിൽ മറ്റൊരിടത്തും സ്റ്റോപ്പുകളില്ല. അതേ സമയം ട്രെയിനിന് നാഗർകോവിൽ എത്തുന്നതിന് മുമ്പ് കുഴിത്തുറയിലും എറണിയലിലും സ്റ്റോപ്പ് അനുവധിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നിന്ന് ധാരാളം യാത്രികർ കാരക്കൽ എക്സ്പ്രസിനെ ആശ്രയിക്കുന്നുണ്ടെങ്കിലും നെയ്യാറ്റിൻകരയിൽ ട്രെയിനിന് സ്റ്റോപ്പില്ല.
കഴിഞ്ഞ വർഷം ട്രെയിനിൽ യാത്ര ചെയ്യാൻ തീർത്ഥാടകർ കുറവായിരുന്നെങ്കിലും ഇത്തവണ വൻ തിരക്കാണ് അവധിക്കാലത്ത് ഉണ്ടായത്. യാത്രക്കാരുടെ പരാതികൾ പരിഹരിച്ച് അടുത്ത വർഷമെങ്കിലും സുഖകരമായൊരു യാത്ര പ്രതീക്ഷിക്കുന്നതായി തീർത്ഥാടകർ പ്രത്യാശ പ്രകടിപ്പിക്കുന്നു.