Kerala

വെട്ടുകാട്‌ ദേവാലയം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

വെട്ടുകാട്‌ ദേവാലയം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

തിരുവനന്തപുരം: നവീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആശീർവാദ ചടങ്ങുകൾക്കായി നാടൊരുങ്ങി.  ദേവാലയത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഇന്ന്‌ വൈകിട്ട് 5.15-ന് ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ആശീർവാദവും പ്രതിഷ്ഠയും നിർവഹിക്കുന്നതോടെ വിശ്വാസികളുടെ എട്ടുവർഷം നീണ്ട കാത്തിരിപ്പിനു വിരാമമാകും.മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ വചനപ്രഘോഷണം നടത്തും. ഭക്തിനിർഭരവും പ്രൗഢഗംഭീരവുമായ ആശീർവാദ കർമത്തിൽ 13 മെത്രാന്മാരും നൂറോളം വൈദികരും സന്യസ്തരും പങ്കെടുക്കും.

തീർഥാടകരുടെ സൗകര്യാർഥം വിവിധ ഡിപ്പോകളിൽനിന്നു കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകൾ നടത്തും.

ചടങ്ങുകൾ ഇങ്ങനെ

ആശീർവാദ കർമങ്ങൾക്കായി സഭാ മേലധ്യക്ഷരെ സ്വീകരിച്ചു ക്രിസ്തുരാജ പാദത്തിലേക്ക് ആനയിക്കും. കുരിശു വാഹകൻ, കത്തിച്ച തിരികളുമായി പരിചാരകർ, മാലാഖയുടെ വേഷമണിഞ്ഞ കുട്ടികൾ, കൊമ്പ്രിയസഭാംഗങ്ങൾ, വൈദികർ, മെത്രാൻ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം ആരംഭിക്കും. സഹായമെത്രാൻ ആർ. ക്രിസ്തുദാസ് കൊടിമരം വെഞ്ചരിക്കും. വികാരി മോൺ. ടി. നിക്കൊളസ് കൊടിയേറ്റ് നിർവഹിക്കും. ഇടവക പ്രതിനിധികൾ ദേവാലയ താക്കോൽ ബിഷപ്പിനെ ഏൽപിക്കും. തുടർന്ന് അദ്ദേഹം ദേവാലയ വികാരിയോട് വാതിൽ തുറക്കാൻ നിർദേശിക്കും.

ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം നാട മുറിക്കുകയും എല്ലാവരും ഉള്ളിൽ പ്രവേശിക്കുകയും ചെയ്യും. ബലിപീഠത്തിൽ മെത്രാന്മാർ അണിനിരക്കുന്നതോടെ ആശീർവാദ ചടങ്ങുകൾക്കു തുടക്കമാകും. മൂന്നു മണിക്കൂറോളം നീണ്ടുനിൽക്കുന്ന വെഞ്ചരിപ്പ് കർമങ്ങൾക്കു ചാരുത പകർന്നു ക്രിസ്തീയ സംഗീത സംവിധായകരായ ഒ.വി.ആർ, റാണ, ബോബൻ, അലക്സ് എന്നിവർ ഈണം പകർന്ന ഗാനങ്ങളുമുണ്ടാകും. സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.

കാഴ്ചയുടെ നവ്യാനുഭവം

പാശ്ചാത്യ–പൗരസ്ത്യ കലകളുടെ ചേരുവയാണ് നിർമാണത്തിലുടനീളം ദൃശ്യമാകുന്നത്. റോമിലെ സിസ്റ്റീൻ ചാപ്പലിന്റെ അൾത്താരയിൽ മൈക്കലാഞ്ചലോയുടെ ചുമർചിത്രമായ അവസാന വിധിയുടെ ത്രിമാന ദൃശ്യാവിഷ്കാരം കാഴ്ചയുടെ നിറച്ചാർത്താണ്. അലക്സ് ചാണ്ടി നിർമിച്ച ശിൽപസമുച്ചയത്തിൽ ക്രിസ്തുവും മാതാവും ഉൾപ്പെടെ 180–ലധികം പൂർണകായ രൂപങ്ങളുണ്ട്.

ഫൈബർ ഗ്ലാസ് ഉപയോഗിച്ചു മെനഞ്ഞെടുത്ത ശിൽപസമുച്ചയത്തിൽ സ്വർഗവും നരകവും ശുദ്ധീകരണ സ്ഥലവും ആലേഖനം ചെയ്തിട്ടുണ്ട്. 60 അടി ഉയരത്തിൽ നിർമിച്ചിരിക്കുന്ന ശിൽപസമുച്ചയം ഒന്നരവർഷം കൊണ്ടാണു പൂർത്തിയാക്കിയത്. ദേവാലയത്തിലേക്കെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നതു ക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ ചിത്രീകരണമുള്ള കൂറ്റൻ കവാടമാണ്.

തൊട്ടുമുന്നിൽ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുള്ള മേൽത്തട്ട്. നിലത്ത് വിടർന്ന സൂര്യകാന്തിപ്പൂവിന്റെ ചിത്രം. ഇരുവശങ്ങളിൽ ബൈബിളിലെ ഉപമകളും അദ്ഭുതങ്ങളും പ്രതിപാദിക്കുന്ന 24 ഗ്ലാസ് പെയിന്റിങ്ങുകൾ. കൊത്തുപണികളോടുകൂടി 16 ഘട്ടങ്ങളുള്ള കുരിശിന്റെ വഴി. 26 തൂണുകളിലായി ദൈവമാതാവ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker