Articles

വിശുദ്ധ മദർതെരേസയും, തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന വിശുദ്ധരും

"ദൈവത്തോടുള്ള സ്നേഹം ഭാരതത്തിലുള്ള മുഴുവൻ വ്രണ ബാധിതരെയും ശുശ്രൂഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു"...

ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഒ.സി.ഡി.

ഒരിക്കൽ, സ്കൂളിലെ കലാപരിപാടിയിൽ പ്രച്ഛന്നവേഷമത്സരത്തിൽ പങ്കെടുക്കാൻ ഏതു വേഷമാണ് ഇഷ്ടമെന്ന് അമ്മ ചോദിച്ചപ്പോൾ, അനിയന്റെ മകൾ അമ്മുക്കുട്ടി പറഞ്ഞു, “നീലക്കരയുള്ള വെള്ളസാരിയുമുടുത്തു നിൽക്കുന്ന കൽക്കട്ടയിലെ വിശുദ്ധ മദർതെരേസയായിട്ട് അഭിനയിക്കാനാണ് എനിക്കിഷ്ടമെന്ന്”. ശരിയാ, ഏതു കുഞ്ഞുങ്ങൾക്കാണ് മദർതെരേസയെ ഇഷ്ടമില്ലാത്തത്? അന്ന് അമ്മുക്കുട്ടി മത്സരിച്ചു സമ്മാനവും വാങ്ങി! ശരിയാ, ഓരോ വിശുദ്ധരുടേയും ജീവിതം അഭിനയിക്കാൻ എളുപ്പമാണ്. പക്ഷേ, അവർ ജീവിച്ച പുണ്യത്തിന്റെ, ത്യാഗത്തിന്റെ, സഹനത്തിന്റെ, സ്നേഹത്തിന്റെ, വിശുദ്ധിയുടെ ഒക്കെ ജീവിതം ജീവിക്കാനാണ് വളരെ ബുദ്ധിമുട്ട്..!

ഞാൻ ഇപ്പോൾ സേവനം ചെയ്യുന്ന ഇറ്റലിയിലെ കലാബ്രിയയിലെ സ്പെസാനോയിലുള്ള ദേവാലയതിന്റെ മുൻപിൽ, മദർതെരെസയുടെ ഒരു പ്രതിമയുണ്ട്. ചരിത്രം അന്വേഷിച്ചപ്പോളാണ് മനസ്സിലായത്, ഇവിടെയുള്ള മിക്കവാറും ആൾക്കാർ മദർതെരെസയുടെ നാട്ടുകാരായ അൽബേനിയക്കാർ ആണ്! അതുകൊണ്ടു അമ്മയോടുള്ള ബഹുമാനർത്ഥം സ്ഥാപിച്ചതാണ് ആ പ്രതിമ! ആ മനോഹരമായ പ്രതിമയുടെ മുൻപിൽ നിന്നപ്പോഴാണ് മദർതെരെസയെകുറിച്ച് എന്തെങ്കിലും എഴുതാം എന്ന് കരുതിയത്.

ചരിത്രം പറയുന്നു, 1910 ഓഗസ്റ്റ് 26-ന് മാസിഡോണിയായില്‍ ജനിച്ച മദര്‍ തെരേസ, 1928-ല്‍ സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ സഭയില്‍ സിസ്റ്റർ മേരി തെരേസ് എന്ന നാമം സ്വീകരിച്ചു അംഗമായിച്ചേർന്നു. പിന്നീടു തന്നെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞ അവൾ, കൈയിൽ ഒരു ജപമാലയും, ബൈബിളും, ഒരു ജോഡിവസ്ത്രവും, വെറും അഞ്ചു രൂപയുമായി, കൊല്‍ക്കത്തയുടെ തെരുവുകളിലേക്കിറങ്ങി. അങ്ങനെ, പാവപ്പെട്ടവരും, അനാഥരും, കുഷ്ഠരോഗികളും, ഉപേക്ഷിക്കപ്പെട്ടവരുമായ നിസ്സഹായരെ ശുശ്രുഷിച്ച്, ലോകത്തിന് മുഴുവന്‍ കാരുണ്യത്തിന്റെ, സ്നേഹത്തിന്റെ അമ്മയായി മാറിയത്തിന്റെ പുറകിൽ മദർ തെരേസയ്ക്ക് ഒത്തിരി ത്യാഗത്തിന്റെ, സഹനത്തിന്റെ കഥകൾ പറയാനുണ്ട്‌!

ദൈവപദ്ധതിക്കു സ്വയം സമർപ്പിച്ചുകൊണ്ട്, 1950-ല്‍ കല്‍ക്കത്തയിൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹത്തിന് രൂപം നല്കി. ഒപ്പം, രാജ്യത്തിന്റെ മിക്ക സ്ഥലങ്ങളിലും കുഷ്ഠരോഗികള്‍ക്കായുള്ള ആതുരാലയങ്ങളും, അനാഥാലയങ്ങളും, ഫാമിലി ക്ലിനിക്കുകളുമായി മദര്‍ തെരേസായും ആ സമൂഹത്തിലെ സമർപ്പിതരും പ്രവര്‍ത്തനമാരംഭിച്ചു. പിന്നീടു, 1965-ല്‍ മിഷനറീസ് ഓഫ് ചാരിറ്റിയെ, തിരുസഭ പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷനായി അംഗീകരിച്ചതോടെ, വെനിസ്വല, ഓസ്ട്രിയ, ടാന്‍സാനിയ, റോം എന്നിങ്ങനെ വിദേശ രാജ്യങ്ങളിലും അവർ മഠങ്ങൾ സ്ഥാപിച്ച് സേവനമാരംഭിച്ചു. ഇന്ന്, മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തിൽ 133 രാജ്യങ്ങളിലായി 4500 സന്യാസിനിമാർ, ലക്ഷക്കണക്കിന് അനാഥരെയും, സമൂഹം തിരസ്കരിച്ചവരെയും സ്നേഹത്തോടെ, കാരുണ്യത്തോടെ ശുശ്രൂഷിക്കുന്നു!

നമ്മുക്കറിയാം, മദർ തെരേസയ്ക്ക്, 1962-ല്‍ പദ്മശ്രീ ബഹുമതി, 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം, 1980-ല്‍ ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന, തുടങ്ങി ഒട്ടനവധി ബഹുമതികൾ നല്കി രാഷ്ട്രം മദറിന്‍റെ മഹാസേവനങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു. മദര്‍ തെരേസയുടെ 70-ാം ജന്മദിനമായിരുന്ന 1980 ഓഗസ്റ്റ് 27-ന് ഇന്ത്യയിലും, ഒപ്പം ഇറ്റലി, സൈപ്രസ്, മംഗോളിയ, ടാന്‍സാനിയെ തുടങ്ങിയ പല വിദേശരാജ്യങ്ങളിലും, മദര്‍ തെരേസയെ അനുസ്മരിച്ച് തപാൽ മുദ്രയായ സ്റ്റാമ്പുകൾ വരെ ഇറക്കി. ഒടുവിൽ, 1997 സെപ്തംബര്‍ 5-നാണ് മദര്‍ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടപ്പോൾ, രാജ്യം ദേശീയ പതാക താഴ്ത്തിക്കെട്ടി, ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഒപ്പം, സമ്പൂര്‍ണ്ണ ദേശീയബഹുമതികളോടെ മദറിന്‍റെ സംസ്കാരശുശ്രൂഷകള്‍ നടത്തി. പിന്നീട്, 2003 ഒക്ടോബര്‍ 19-ന് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായും 2016 സെപ്തംബര്‍ 4-ന് വിശുദ്ധയായും കത്തോലിക്കാസഭ പ്രഖ്യാപിച്ചു.

ശരിക്കും പറഞ്ഞാൽ, “ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധയെന്നു” ലോകം അംഗീകരിച്ച മദർ തെരെസയുടെ ശവകുടീരം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്നത് കുഞ്ഞുനാളു തുടങ്ങിയുള്ള എന്റെ ആഗ്രഹമായിരുന്നു. ദൈവാനുഗ്രഹത്താൽ ഒരു വൈദികനായതിനു ശേഷം, കൽക്കട്ടയിൽ പോകാനും, മദർതെരെസയുടെ ശവകുടിരത്തിൽ പോയി പ്രാർത്ഥിക്കാനും സാധിച്ചു. അവിടെ വെച്ചു ഞാൻ തിരിച്ചറിഞ്ഞു, കൽക്കത്തയുടെ മാത്രമല്ല ലോകത്തിന്റെ, പല തെരുവുകളിലും ഇന്നും അനാഥമാക്കപ്പെടുന്ന, ഉപേക്ഷിക്കപ്പെടുന്ന ഒത്തിരി ജീവിതങ്ങൾ ഉണ്ട്‌. പല വിധത്തിൽ മുറിവേറ്റു കിടക്കുന്ന ഓരോ മനുഷ്യമക്കളിലും, ക്രിസ്തുവിന്റെ മുഖം ദർശിച്ചാൽ, ഏതൊരു വ്യക്തിയുടെ ജീവിതത്തിലും ഇതുപോലെ ആത്മീയമായ മാറ്റം ഉണ്ടാകും!! എങ്കിലും മദർ തെരെസയെപ്പോലെ തെരുവിലേക്കു ഇറങ്ങി പുറപ്പെടാൻ ഉള്ള ചങ്കുറ്റം, ഏല്ലാവർക്കും കിട്ടില്ല !!

കുഷ്ഠരോഗ വൃണബാധിതരായി തെരുവിൽ കിടന്നവരെ, ചങ്കോട് ചേർത്ത്, ശുശ്രുഷ നൽകാൻ മദർ തെരെസയ്ക്കു പ്രചോദനം നൽകിയത് എന്താണ് എന്ന് ഒരിക്കൽ ഒരാൾ ചോദിച്ചപ്പോൾ, മദർ പറഞ്ഞു, “ദൈവത്തോടുള്ള സ്നേഹം ഭാരതത്തിലുള്ള മുഴുവൻ വ്രണ ബാധിതരെയും ശുശ്രൂഷിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു”വെന്ന്. അതേ സുഹൃത്തേ, ദൈവത്തോടുള്ള സ്നേഹം, തന്റെ ചുറ്റുമുള്ള സഹോദരങ്ങളെ സ്നേഹിച്ചു കൊണ്ടാണ് ഒരു വ്യക്തി ജീവിതത്തിൽ പ്രകടിപ്പിക്കേണ്ടത്. അഥവാ, മറ്റുള്ളവരെ സ്നേഹിക്കാതെ ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുന്നവൻ “പച്ചക്കള്ളമാണ്” പറയുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഒരിക്കൽ പറഞ്ഞു, “ദൈവത്തെ സ്നേഹിക്കാതെ ഒരാൾക്കും മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയില്ല”!

ഒരിക്കൽ നൈജീരിയായിൽ “എബോള രോഗം” പടർന്നു പിടിച്ച സമയത്ത്, എന്റെ സുഹൃത്തായ ഒരു അച്ചൻ അവിടെയുള്ള പാവങ്ങളെ ശുശ്രൂഷിക്കാൻ അങ്ങോട്ട് യാത്രയായി. എബോള എന്ന സാങ്ക്രമിക രോഗം പടർന്നു പിടിച്ച് ഒത്തിരി ആൾക്കാർ മരിച്ചു വീഴുപ്പോൾ, എന്തിനാണ് അങ്ങോട്ട് മരിക്കാനായി പോകുന്നത് എന്ന് ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു: “ദൈവത്തോടുള്ള സ്നേഹം എന്നെ പ്രേരിപ്പിക്കുന്നു”. അതേ സുഹൃത്തേ, നീയും നിന്റെ തലമുറയും കുറ്റപ്പെടുത്തുന്ന, ആക്ഷേപിക്കുന്ന, ഒത്തിരിയേറെ വൈദികരും സമർപ്പിതരും, വീടും കുടുംബവും ഉപേക്ഷിച്ച്, രാവും പകലും ഉറക്കം പോലുമില്ലാതെ കഷ്ടപ്പെട്ട് ദൈവജനത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ പുറകിൽ ഒറ്റ കാരണം മാത്രമേ ഉള്ളു. താൻ അനുഭവിച്ചറിഞ്ഞ ദൈവത്തോടുള്ള സ്നേഹം! അതേ, ആ തച്ചന്റെ മകനെ, ക്രിസ്തുവിനെ, സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ ഒരാൾക്കും ഇരിക്കപൊറുതി ഉണ്ടാവില്ല!! സുഹൃത്തേ, ഈ കൊറോണ കാലത്തും ഒത്തിരി സമർപ്പിതർ പരാതിയില്ലാതെ, പരിഭവമില്ലാതെ രാവും പകലും, ആശുപത്രികളിൽ ദൈവസ്നേഹത്തെപ്രതി സേവനം ചെയ്യുന്നത് കൊണ്ടാണ്, നീയും ഞാനും ഒക്കെ രോഗം പിടിക്കാതെ സുഖിച്ചു നടക്കുന്നതെന്ന് ഓർക്കുന്നത് നല്ലതാണ് !!

പാവപ്പെട്ടവരുടെ അമ്മയായ മദർ തെരേസയുടെ തിരുന്നാൾ സഭ ഇന്ന് ആഘോഷിക്കുമ്പോൾ നാം തിരിച്ചറിയണം, നമുക്കുചുറ്റും ഒത്തിരിയേറെ മദർ തെരേസമാരുണ്ട് എന്ന സത്യം! അവർക്കുവേണ്ടി ആത്മാർത്ഥമായി നമ്മുക്കു പ്രാർത്ഥിക്കാം. ഒപ്പം നമ്മുക്കു ചുറ്റുമുള്ള വേദനിക്കുന്നവരെ കാണാൻ കണ്ണ് തുറക്കാം. സുഹൃത്തേ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ പ്രവർത്തികൾ നിന്നിലും ഉണ്ടാകട്ടെ. ദൈവം നമ്മെയും അനുഗ്രഹിക്കട്ടെ!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker