വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതിരൂപതയിലേക്ക്
അനിൽ ജോസഫ്
കൊളോണ്‍: കാല്‍ നൂറ്റാണ്ടിലേറെക്കാലം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുശേഷിപ്പ് ക്രാക്കോവ് അതിരൂപത ചങ്ങനാശ്ശേരി അതിരൂപതക്ക് സമ്മാനിച്ചു. കഴിഞ്ഞദിവസം പോളണ്ട് സന്ദര്‍ശിച്ച ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ക്രാക്കോവ് മുന്‍ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ.സ്റ്റാന്‍ലിസാളോവ് ജിവിഷില്‍ നിന്നുമാണ് തിരുശേഷിപ്പ് സ്വീകരിച്ചത്.
കര്‍ദിനാള്‍ ജിവിഷ് 37 വര്‍ഷം ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്നു. ജീവിഷുമായി കൂടിക്കാഴ്ച നടത്തിയ പെരുന്തോട്ടം മൂന്നുദിവസം ക്രാക്കോവ് അതിരൂപതയില്‍ ചിലവഴിച്ചു. സെന്‍റ് മേരീസ് കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. ജോണ്‍പോള്‍ രണ്ടാമനൊപ്പം രണ്ടു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ച കര്‍ദിനാള്‍ ജിവീഷ് രണ്ടുതവണയും കേരളത്തിലെത്തിയിരുന്നു. അന്നത്തെ സന്ദര്‍ശനമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മാര്‍ പെരുന്തോട്ടവുമായി പങ്കുവെച്ചു.
തിരുശേഷിപ്പ് കേരള സഭയ്ക്ക് സമ്മാനമായി നല്‍കുന്നത് നന്ദിപറഞ്ഞ് മാര്‍ പെരുന്തോട്ടം കര്‍ദിനാള്‍ ജിവിഷിനെ കേരളത്തിലേക്ക് വീണ്ടും ക്ഷണിച്ചു. തുടര്‍ന്ന് നടക്കുന്ന അദ് ലിമിന് സന്ദര്‍ശനത്തിനായി മാര്‍ പെരുന്തോട്ടം വത്തിക്കാനിലെത്തി.