Public Opinion

വിജ്ഞാനകൈരളി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കുള്ള മറുപടി

വിജ്ഞാനകൈരളി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കുള്ള മറുപടി

ജോസ് മാർട്ടിൻ

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാനകൈരളിക്ക്, ഭരണഘടന അംഗീകരിച്ചു നല്‍കിയിട്ടുള്ള മത സ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധത്തില്‍ മതപരമായ ആചാരങ്ങളെ മ്ലേച്ചമായി അവതരിപ്പിക്കുന്ന ഭാഷയില്‍ ലേഖനങ്ങള്‍ ഇറക്കാന്‍ അധികാരം എവിടെ നിന്നു കിട്ടി എന്നറിയാന്‍ കൂടുതല്‍ തലപുണ്ണാക്കേണ്ട ആവശ്യമില്ല, ഒരു വിവരാവകാ നോട്ടീസ് അയച്ചാല്‍ മതിയാകും. അതിലേക്ക് ഒന്നും കൂടുതല്‍ കടക്കുന്നില്ല.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ‘വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളുള്‍പ്പെടെയുള്ള ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിക്കുന്നത്’ എന്ന് നിങ്ങള്‍ തന്നെ സമ്മതിക്കുന്നു. ഈ ‘ലജ്ജിക്കണം’ ലേഖനത്തിലൂടെ എന്ത് വിജ്ഞാനമാണ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയിട്ടുള്ളത്?
വിശ്വസിക്കുന്ന മതത്തെ, അതിന്‍റെ പവിത്രമായ ആചാരങ്ങളെ, കൂദാശകളെ എതിര്‍ക്കാനുള്ള ബാല പാഠങ്ങളോ?
NSS വോളണ്ടിയര്‍മാര്‍ക്ക് അപക്വമായ ഈ ലേഖനത്തിലൂടെ എന്ത് സാന്മാര്‍ഗിക സന്ദേശമാണ് നല്‍കുന്നത്?
‘ഒരു നിരീശരവാദിയുടെ ഭ്രാന്തമായ ജല്‍പ്പനങ്ങള്‍’ ആയേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ.

പൗരോഹിത്യം എന്താണെന്നോ, പൗരോഹിത്യത്തിന്‍റെ വിശുദ്ധി എന്താണെന്നോ അറിയാത്ത ലേഖകന്‍ എവിടെയോ എന്തൊക്കെയോ എന്നോ സംഭവിച്ചു എന്ന വാദം നിരത്തി, സ്ത്രീ-പുരുഷ സമത്വമെന്ന മുരട്ടു ന്യായം പറഞ്ഞ് ഒരു സമുദായത്തെ മുഴുവന്‍ അവഹേളിക്കുക അല്ലേ?
ഇങ്ങനെയുള്ള വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഒരു രക്ഷിതാക്കളും താല്‍പ്പര്യപ്പെടുമെന്ന് തോന്നുന്നില്ല.

മുഖപ്രസംഗം എഴുതിയ വ്യക്തിയുടെ കുടുംബ സ്വത്തല്ല വിജ്ഞാനകൈരളി മാസിക. ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും കൊടുക്കുന്ന നികുതി പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊതു സ്ഥാപനമാണത്.

കേരളത്തിലെ ക്രൈസ്തവ വിശ്വാസികളില്‍ കുമ്പസാരമെന്ന കൂദാശയെ അംഗീകരിക്കാത്തവരുടെ കണക്കെടുക്കാന്‍ വിജ്ഞാനകൈരളിയെയോ, ലേഖകനെയോ സര്‍ക്കാര്‍ ഉത്തരവിലൂടെ അധികാരപെടുത്തിയിട്ടുണ്ടോ?

ആഗസ്റ്റില്‍ വന്ന മുഖപ്രസംഗം ഒക്‌ടോബര്‍ മാസാന്ത്യത്തിലാണ് വിവാദമാക്കാന്‍ ചിലര്‍ക്ക് തോന്നിയത് എന്ന് കണ്ടു. വിജ്ഞാനകൈരളി വിദ്യാര്‍ഥികളുടെ മാസിക ആയതിനാല്‍ സാധാരണ മാസികള്‍ പോലെ സുലഭമല്ല. അതുകൊണ്ട് തന്നെ, ജനങ്ങളുടെ കയില്‍ എത്താന്‍ താമസമെടുക്കും.

സുപ്രീംകോടതിവിധിയുമായി കുമ്പസാരമെന്ന കൂദാശക്ക് യാതൊരു ബന്ധവുമില്ല.
യേശുക്രിസ്തുവിന്‍റെ വാക്കുകളെ പോലും വികലമായി വളച്ചൊടിച്ച്, നവോദ്ധാനം, തൊഴിലാളി വര്‍ഗം, തുടങ്ങി വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങള്‍ നിരത്തി, സ്വയം ന്യായികരിക്കാന്‍ ശ്രമിക്കുന്ന പ്രൊഫ. വി.കാര്‍ത്തികേയന്‍ നായരുടെ വിശദീകരണക്കുറിപ്പ് ഒന്നിനും ഒരു പരിഹാരമാവുന്നില്ല. വ്യക്തിക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നുള്ളത് ശരിതന്നെ. പക്ഷെ, ആധികാരികതയുള്ള സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ കൂടി ആവരുത് എന്ന് മാത്രം.

വിശദീകരണ കുറിപ്പ് ഇറക്കേണ്ടത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അല്ല. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരോ, ചെയര്‍മാനോ ആണ് എന്ന് ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker