വായനക്കൊപ്പം വയറും നിറക്കാം “അഞ്ചപ്പം” നെയ്യാറ്റിൻകരയിൽ എത്തുന്നു
വായനക്കൊപ്പം വയറും നിറക്കാം "അഞ്ചപ്പം" നെയ്യാറ്റിൻകരയിൽ എത്തുന്നു
അനിൽ ജോസഫ്
നെയ്യാറ്റിൻകര: എഴുത്തുകാരനും പ്രഭാഷകനുമായ ഫാ.ബോബി കട്ടിക്കാടിന്റെ “അഞ്ചപ്പം” ഭക്ഷണശാല നെയ്യാറ്റിൻകരയിലും എത്തുന്നു. വിശക്കുന്നവരെ സ്വാഗതം ചെയ്തു കൊണ്ടാണ് പത്തനംതിട്ട ജില്ലയിൽ ബോബിയച്ചൻ വിഭാവന ചെയ്ത അഞ്ചപ്പം തുടക്കം കുറിച്ചത്. അതേ ആശയം തന്നെയാവും നെയ്യാറ്റിൻകരയിലും പ്രാവർത്തികമാക്കുന്നതെന്ന് സംഘാടകർ പറയുന്നു. വിശപ്പുളള ആർക്കും അഞ്ചപ്പത്തിൽ എത്താം മടിയിൽ കാശില്ലെന്ന ഭയമില്ലാതെ വയറു നിറയെ കഴിക്കാം, ഒപ്പം ഭക്ഷണശാലയിൽ ഒരുക്കിയിരിക്കുന്ന പുസ്‌തകങ്ങളും വായിക്കാം.
ഭക്ഷണം കഴിക്കാനൊരുക്കുന്ന ഓരോ ടേബിളിന്റെയും മുകളിൽ റാക്കുകളിൽ വായിക്കാനുളള പുസ്‌തകങ്ങളുമുണ്ടാവും. വയറ് നിറയുന്നതിനൊപ്പം വായിച്ചുളള അറിവും നിറക്കുകയാണ് അഞ്ചപ്പത്തിന്റെ ലക്ഷ്യം. തുടക്കത്തിൽ വായനക്കാർക്കായി അഞ്ചപ്പത്തിൽ 3000 പുസ്തകങ്ങൾ ലഭിക്കും.
വരുന്ന ആഗസ്റ്റിൽ ഭക്ഷണശാലയുടെ പ്രവർത്തനം ആരംഭിക്കുക എന്ന ലക്ഷ്യവുമായാണ് സംഘാടകർ പ്രവർത്തനം സജീവമാക്കുന്നത്. പത്തനം തിട്ട ജില്ലയിൽ റാന്നിയിലും കോഴഞ്ചേരിയിലും “അഞ്ചപ്പം” സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. അഞ്ചപ്പത്തിലെത്തുന്ന ആർക്കും 25 രൂപ നിരക്കിൽ ഊണ് ലഭിക്കും. 3 മണിക്ക് ശേഷം കട്ടനും നാരങ്ങാവെളളവും. എന്നാൽ, ഭക്ഷണശാലയിൽ കാഷ് കൗണ്ടർ ഉണ്ടാകില്ല, പണം നൽകാൻ താല്‍പ്പര്യമുണ്ടെങ്കിൽ നൽകാം, പണം നിർബന്ധമായി വാങ്ങാൻ ആളുമുണ്ടാവില്ല. അതുകൊണ്ട്, തുക നിക്ഷേപിക്കാനായി പെട്ടി സജ്ജീകരിച്ചിരിക്കും. പണമുളളവർക്ക് സന്മനസ്സ് അനുസരിച്ച് കൂടുതലും നിക്ഷേപിക്കാം.
ഒരുകൂട്ടം സുമനസുകളുടെ കൂട്ടായ പ്രവർത്തനമാണ് അഞ്ചപ്പത്തിന്റെ മൂലധനം. പ്രഭാത ഭക്ഷണത്തിന് 15 രൂപയാണ്. എന്നാൽ നെയ്യാറ്റിൻകരയിൽ തുടക്കത്തിൽ പ്രഭാത ഭക്ഷണമുണ്ടാകില്ലെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരങ്ങളിൽ “അഞ്ചപ്പം” ഭക്ഷണശാല, വായനശാലയായി മാറും. എല്ലാ മാസവും കലാ സാഹിത്യ സംഗമങ്ങൾകൊണ്ട് വ്യത്യസ്‌തമാകും അഞ്ചപ്പം.
വൈകുന്നേരങ്ങളിൽ വായനക്കാർക്ക് സ്വസ്‌തമായി വായിക്കാനുളള സൗകര്യവും അഞ്ചപ്പം ഒരുക്കുന്നുണ്ട്.
നെയ്യാറ്റിൻകരയിലെ അഞ്ചപ്പത്തെക്കുറിച്ച് കുടുതൽ അറിയാനും പങ്കാളികളാകാനും വിളിക്കുക:
ഫാ. ഷാജ്‌കുമാർ – 9496334466