ലോക്ക് ഡൗൺ കാലത്ത് പഴയ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളെ റഫറൻസ് ഗ്രന്ഥങ്ങളാക്കി രൂപപ്പെടുത്തി റ്റി.ബി.എം.ദാസപ്പൻ വ്യത്യസ്തനാകുന്നു
ഉപയോഗ ശൂന്യമായ ഒന്നും പാഴല്ല, കുറച്ചു ചിന്തയും, കുറച്ചു സമയവും ഉണ്ടെങ്കിൽ എന്തും ഉപയോഗപ്രദമാണ്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് താൻ വർഷങ്ങളായി വായിച്ചുകഴിഞ്ഞ വിവിധ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളെ പാഴാക്കികളയാതെ അതിൽ നിന്ന് ലേഖനങ്ങൾ, എഡിറ്റോറിയലുകൾ, പ്രാർത്ഥനകൾ, യേശുവിന്റെയും, മാതാവിന്റെയും, വിശുദ്ധൻമാരുടെയും ചിത്രങ്ങൾ തുടങ്ങിയവ വെട്ടിഎടുത്ത് തന്റെ മക്കളുടെ ഉപയോഗശൂന്യമായ റെക്കോർഡ് ബുക്കിൽ നാലു ക്രിസ്തീയ റഫറൻസ് ഗ്രന്ഥങ്ങളാക്കി മാറ്റി വ്യത്യസ്തനാവുകയാണ് മുൻകാല മതബോധന അധ്യാപകൻകൂടിയായ ദാസപ്പൻ.
ആലപ്പുഴ രൂപതയിലെ പുത്തൻകാട് ഔർ ലേഡി ഓഫ് അസംപ്ഷൻ ഇടവകാംഗമാണ് റ്റി.ബി.എം.ദാസപ്പൻ. ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ വാങ്ങി വായിക്കുന്ന ശീലം പണ്ടേ ഉണ്ടായിരുന്നുവെന്നും, അങ്ങനെ താൻ വാങ്ങിയതും ശേഖരിച്ചതുമായ ഏതാണ്ട് 175-ൽപ്പരം വിവിധ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ ശേഖരം ഉണ്ടായിരുന്നുവെന്നും, ഇത് എങ്ങിനെ മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരാശയം മനസ്സിൽ ഉദിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്.
ഓരോ പുസ്തകങ്ങളിലെയും ഉള്ളടക്കങ്ങൾ ഓരോന്നിന്റെയും തലക്കെട്ടോടെ അക്കമിട്ട് മുൻ പേജിൽ കൊടുത്തിട്ടുണ്ട്. പ്രസംഗമത്സരങ്ങൾ, ക്വിസ് പ്രോഗ്രാമുകൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്നരീതിയിലാണ് റഫറൻസ് ഗ്രന്ഥങ്ങളാക്കി ഇവയൊക്കെയും ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവകവികാരി ഫാ.ജോൺസൺ പുത്തൻവീട്ടിൽ പറഞ്ഞു.
വീട്ടിലെ സ്ഥലപരിമിതിമൂലം പലപ്പോഴും ഇത് തൂക്കി വിൽക്കാൻ ഭാര്യ ആവശ്യപ്പെടാറുണ്ടായിരുന്നുവെങ്കിലും, വിശുദ്ധ വചനങ്ങളും, പ്രാർത്ഥനകളും അടങ്ങിയ മാസികകൾ പാഴാക്കികളയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ലത്രേ. ഓർക്കുക, ഉപയോഗ ശൂന്യമായ ഒന്നും പാഴല്ല, കുറച്ചു ചിന്തയും, കുറച്ചു സമയവും ഉണ്ടെങ്കിൽ എന്തും ഉപയോഗപ്രദമാക്കാമെന്ന് ഇദ്ദേഹം തെളിയിക്കുകയാണ്.