റവ.ഡോ.ആന്റണി കുരിശിങ്കൽ കോട്ടപ്പുറം രൂപതയുടെ പുതിയ വികാരി ജനറൽ
സ്വന്തം ലേഖകൻ
കോട്ടപ്പുറം: കോട്ടപ്പുറം വികാരി ജനറലായി റവ.ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി നിയമിച്ചു. നിലവിലെ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ ജക്കോബി ഒ.എസ്.ജെ.യുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി ചുമതല ഏൽക്കുന്നതോടെ വരുന്ന ഒഴിവിലാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപതയുടെ ജുഡീഷ്യൽ വികാരിയായും ആലുവ കർമ്മലഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ കാനോൻ നിയമ അധ്യാപകനായും സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. മാർച്ച് ഒൻപതിന് റവ.ഡോ.ആന്റണി കുരിശിങ്കൽ കോട്ടപ്പുറം രൂപതയുടെ പുതിയ വികാരി ജനറലായി ചുമതലയേൽക്കുമെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഒ. ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.
ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കലിൽ നിന്ന് 2000 നവംബർ 25-ന് പൗരോഹിത്യം സ്വീകരിച്ച ഡോ.കുരിശിങ്കൽ റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ലൈസൻഷ്യേറ്റും ഡോക്ടറേറ്റും, ഗ്രിഗോറിയൻ പൊന്തിഫിക്കൽ സർവകലാശാലയിൽ നിന്ന് ജൂറിസ് പ്രൂഡൻസിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
കോട്ടപ്പുറം രൂപതാ ചാൻസിലർ; രൂപതാ കോടതി ജഡ്‌ജി; രൂപതാ വിവാഹ കോടതി നോട്ടറി; കെ.സി.എസ്.എൽ.ഡയറക്ടർ; മടപ്ലാതുരുത്ത് സെന്റ് ജോർജ്, ചെറിയപ്പിള്ളി സെന്റ് ആന്റണി എന്നീ ഇടവകകളിൽ വികാരി; മേത്തല സെന്റ് ജൂഡ് ഇടവകയിൽ പ്രീസ്റ് ഇൻ ചാർജ്; സെന്റ് മൈക്കിൾ കത്തീദ്രൽ സഹ വികാരി; ബിഷപ്പിന്റെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ തന്നെ റോമിലെ പല ഇടവകകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ മണലിക്കാട് നിത്യസഹായമാതാ ഇടവകയിൽ പരേതനായ കുരിശിങ്കൽ അന്തപ്പന്റെയും സെലീനയുടെയും മകനാണ് ഫാ.ആന്റണി കുരിശിങ്കൽ.