രക്ഷയുടെ മാർഗ്ഗമായി സഹനങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കണം; പൊടിമറ്റം ബൈബിൾ കൺവെൻഷനിൽ ബിഷപ്പ് സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ
രക്ഷയുടെ മാർഗ്ഗമായി സഹനങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കണം; ബിഷപ്പ് സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ
ഫാ.തോമസ് പഴവക്കാട്ടിൽ
പൊടിമറ്റം: രക്ഷയുടെ മാർഗ്ഗമായി സഹനങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കണമെന്ന് വിജയപുരം രൂപതാധ്യക്ഷൻ ഡോ.സെബാസ്റ്റിയൻ തെക്കത്തേച്ചേരിൽ. ജീവിതത്തിൽ സഹനങ്ങൾ കുരിശുകൾക്കും കഷ്ടപ്പാടുകൾക്കും പ്രസക്തിയുണ്ടാകണം. രക്ഷയുടെ മാർഗ്ഗമായി കുരിശിനെയും സഹനങ്ങളെയും ജീവിതത്തിൽ കണ്ടുമുട്ടുന്നവരായി നാം മാറണമെന്നും വിജയപുരം രൂപതാ മെത്രാൻ സെബാസ്റ്റ്യൻ പിതാവ് ഉദ്ബോധിപ്പിച്ചു. 29 -മത് പൊടിമറ്റം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെബാസ്റ്റ്യൻ പിതാവ്. ബുധനാഴ്ച്ച ആരംഭിച്ച പൊടിമറ്റം ബൈബിൾ കൺവെൻഷൻ ഞായറാഴ്ച അവസാനിക്കും.
നമ്മുടെ നാട് ഒരു വലിയ പ്രളയത്തിന് ശേഷം ഒരു വലിയ വരൾച്ചയെ നേരിടുകയാണ്. എന്നാൽ അതിലും വലിയ വരൾച്ച മനുഷ്യന്റെ ഹൃദയത്തിലും മനസ്സിലുമാണ്. ഈ വരൾച്ചയിൽ കുളിർമയേകുവാൻ നാം ദൈവവചനം ശ്രവിക്കണം. വചനമാവുകയും വചനമേകുന്നവരുമായി നാം മാറണം. ദൈവവചനം ശ്രവിക്കുന്നതിനും അത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഓരോ കൺവെൻഷനുകൾക്കു കഴിയണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
ഫാ.ആന്റണി പയ്യപ്പള്ളി വി.സി, ഫാ.തോമസ് പഴവക്കാട്ടിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമ്മികരായി. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ആന്റണി പയ്യപ്പള്ളി വി.സി. വിശുദ്ധ കുർബാന അർപ്പിച്ചു. വൈകിട്ട് 3.45-ന് കുരിശിന്റെ വഴിയും, 4.30-ന് ജപമാലയും, ആറിന് വചന പ്രഘോഷണം, ആരാധന ഇങ്ങനെയാണ് ക്രമീകരണം. കുമ്പസാരം, കൗൺസിലിങ് എന്നീ ശുശ്രൂഷകൾക്കും സൗകര്യമുണ്ടായിരിക്കും.