Daily Reflection

മാർച്ച് 11: കാരുണ്യം

വലതുവശത്തുള്ളർ ചെയ്തതായും, ഇടതുവശത്തുള്ളവർ ചെയ്യാത്തതായും പറയുന്നത് 'ആറ് കാരുണ്യപ്രവൃത്തികൾ' ആണ്: ഭക്ഷണം, വെള്ളം, ആതിഥേയത്വം, വസ്ത്രം, രോഗീശുശ്രുഷ, കാരാഗൃഹസന്ദർശനം

ഇന്നത്തെ ദിവ്യബലിയിലെ സുവിശേഷഭാഗത്ത്, അവസാന വിധിയുടെ ഒരു ആവിഷ്ക്കാരം യേശു നടത്തുന്നുണ്ട്. തന്റെ മുൻപിൽ ഒരുമിച്ചു കൂട്ടപ്പെട്ടിരിക്കുന്ന ജനതകളെ രണ്ടായി തിരിച്ചു മനുഷ്യപുത്രൻ വിസ്താരം നടത്തുന്നു. ജനതകളെ തമ്മിൽ വേർതിരിക്കുന്ന നടപടിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്ന ‘സാദൃശ്യം’ ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽ നിന്ന് വേർതിരിക്കുന്നതാണ്. ചെമ്മരിയാടും കോലാടും പലർക്കും ഒരുപോലെ തോന്നാമെങ്കിലും, ഇടയന് അവ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചെമ്മരിയാടിന്റെ രോമം വിലയുള്ളതാകയാൽ ഇടയൻ കോലാടുകളേക്കാൾ ചെമ്മരിയാടുകളെ വിലമതിക്കുന്നു. ഇടതുവശത്തു കൂട്ടിയിരിക്കുന്ന ജനതയെക്കാൾ വലതുവശത്തു കൂട്ടപ്പെട്ട ജനതയെ മനുഷ്യപുത്രൻ വിലമതിക്കുന്നു.കാരണം, അവർ മറ്റുള്ളവർക്ക് കാരുണ്യം ചെയ്തവരാണ്. നന്മകൾ ചെയ്യുന്നവർക്കാണ് അന്ത്യവിധിയിൽ വിലയുള്ളതെന്ന് നമുക്ക് മറക്കാതിരിക്കാം.

വലതുവശത്തുള്ളർ ചെയ്തതായും, ഇടതുവശത്തുള്ളവർ ചെയ്യാത്തതായും പറയുന്നത് ‘ആറ് കാരുണ്യപ്രവൃത്തികൾ’ ആണ്: ഭക്ഷണം, വെള്ളം, ആതിഥേയത്വം, വസ്ത്രം, രോഗീശുശ്രുഷ, കാരാഗൃഹസന്ദർശനം. ഇവ ഓരോന്നും ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ ആണ്. ഇവ ചെയ്യുവാൻ വലിയ മുതൽമുടക്കോ പരിശീലനമോ ഉന്നതവിദ്യാഭ്യാസ യോഗ്യതയോ ഒന്നും ആവശ്യമില്ല. ഏതൊരാൾക്കും നിറവേറ്റാവുന്ന പ്രവൃത്തികളാണിവ. ഈ കാരുണ്യപ്രവൃത്തികൾ ചെയ്യുന്നവന് വലിയ ത്യാഗങ്ങളൊന്നും ഏറ്റെടുക്കേണ്ടതില്ല; അതേസമയം, അത് ലഭിക്കുന്നവന് അവന്റെ വലിയ ഒരു സഹനമാണ് ഇല്ലാതാകുന്നത്.

ഈ കാരുണ്യപ്രവൃത്തികളെല്ലാം തനിക്കുതന്നെയാണ് ചെയ്തത് എന്ന് മനുഷ്യപുത്രൻ പറയുമ്പോൾ, വലതുവശത്തു നിൽക്കുന്നവർ അത്ഭുതത്തോടെ ചോദിക്കുന്നു, ഈ പ്രവൃത്തികളെല്ലാം ഞങ്ങൾ നിനക്കായി എപ്പോഴാണ് ചെയ്തത് എന്ന്. ഈ പ്രവൃത്തികളെല്ലാം ചെയ്തപ്പോൾ തങ്ങൾ കാരുണ്യം കാണിച്ചത് യേശുവിനു തന്നെയായിരുന്നു എന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ല. “ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന്” ചെയ്തുകൊടുത്ത കാരുണ്യപ്രവൃത്തിക്ക് പ്രതിഫലം ലഭിക്കും എന്ന് അവർക്കു യാതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അവർ കണക്കുകൂട്ടലുകളൊന്നും കൂടാതെ തന്നെ ഔദാര്യം കാണിച്ചു. തങ്ങളുടെ മുൻപിൽ നിൽക്കുന്ന മനുഷ്യന്റെ ആവശ്യം കണ്ടറിഞ്ഞു അവർ ചെയ്ത പ്രവൃത്തികളായിരുന്നു ഇവയൊക്കെയും.

ഈ നോമ്പ് കാലഘട്ടത്തിൽ പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവർക്ക് നന്മകൾ ചെയ്യാൻ നമുക്ക് തീരുമാനമെടുക്കാം. നാം ഇപ്പോൾ ചെയ്യുന്ന കാരുണ്യമാണ് വിധിദിനത്തിൽ നമ്മെ മനുഷ്യപുത്രന്റെ വലതുവശത്തു നിർത്താൻ പര്യാപ്തമാക്കുന്നതെന്നു നമുക്ക് മറക്കാതിരിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker