Daily Reflection

മാർച്ച് 10 ഞായർ: പരീക്ഷണങ്ങളിൽ എങ്ങനെ വിജയിക്കാം?

തിരുവചനം നമ്മുടെ ആയുധമാണ്. പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും പിശാചിനെ പരാജയപ്പെടുത്തി ദൈവവഴിയിൽ മുന്നേറുവാനുള്ള ശക്തമായ ആയുധം. നമുക്ക് അനുദിനം വചനം വായിക്കാം, പഠിക്കാം, ജീവിതത്തിൽ പ്രയോഗിക്കാം

ഇന്നത്തെ സുവിശേഷം, യേശു പ്രലോഭനങ്ങളെ എങ്ങനെ നേരിടുന്നുവെന്നും എങ്ങനെ വിജയിക്കുന്നുവെന്നും വ്യക്തമാക്കുന്നു. എന്താണ് പ്രലോഭനങ്ങൾ? ദൈവീക പദ്ധതിയിൽ നിന്ന് വ്യതിചലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന എന്തും പ്രലോഭനങ്ങൾ ആണ്. പ്രലോഭനം അതിൽ തന്നെ ഒരു തിന്മയല്ല. എല്ലാ മനുഷ്യരും ഏതു പ്രായത്തിലും ഏതു അവസ്ഥയിലും അവ നേരിടുന്നുണ്ട്. പ്രലോഭനങ്ങൾക്ക് വിധേയപ്പെടുമ്പോഴാണ് തിന്മയാകുന്നത്.

എന്തുകൊണ്ട് പ്രലോഭനങ്ങൾ? വിശ്വാസത്തെ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും പരീക്ഷണങ്ങൾക്കു കഴിയുന്നു. നാം പറയാറില്ലേ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ലായെന്ന്. അതുപോലെ, നമ്മുടെ വിശ്വാസം ശക്തിപ്രാപിക്കാൻ പരീക്ഷണങ്ങൾ ആവശ്യമാണ്. പ്രലോഭനങ്ങളെയും പരീക്ഷകളെയും അതിജീവിച്ചു കഴിയുമ്പോൾ നമ്മുടെ വിശ്വാസം വളരുകയും ശക്തി പ്രാപിക്കുകയും ചെയ്യുന്നു. ഓരോ പരീക്ഷകളെയും അതിജീവിച്ചുകഴിയുമ്പോൾ നമുക്കുണ്ടാകുന്ന ആത്മീയ സന്തോഷവും കൃപകളും വലുതാണ്.

എപ്പോഴാണ് പ്രലോഭനങ്ങൾ ഉണ്ടാകുന്നത്? മനുഷ്യരക്ഷയെന്ന ദൈവീകപദ്ധതി ഭൂമിയിൽ നിറവേറ്റുന്ന തന്റെ ദൗത്യം ആരംഭിക്കുന്നതിനു മുന്നോടിയായിട്ടാണ് പിശാചിന്റെ പരീക്ഷണങ്ങൾ യേശു നേരിടുന്നതായി വി.ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. നമ്മുടെ ജീവിതത്തിലും ഇങ്ങനെ തന്നെയല്ലേ! നാം എന്ന് ദൈവീക വഴിയിൽ നടക്കാം, നന്മകൾ ചെയ്യാം, തിന്മകൾ ഉപേക്ഷിക്കാം എന്ന് തീരുമാനം എടുക്കുന്നുവോ, ആ നിമിഷം മുതൽ പ്രലോഭനങ്ങൾ അനുഭവിച്ചു തുടങ്ങും. പിന്നീട്, ഒരു യുദ്ധം ആണ്. നാം ഓർക്കേണ്ടത്, ഈ പരീക്ഷണസമയത്ത് നാം ഒറ്റയ്ക്കല്ല. നമ്മോടൊപ്പം നമ്മെ ശക്തിപെടുത്തുന്ന ആത്മാവിന്റെ ചൈതന്യമുണ്ട്.

ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ആരംഭത്തിൽ സുവിശേഷകൻ എഴുതിയിരിക്കുന്നത്, യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി ജോർദാനിൽ നിന്നും മടങ്ങിയെന്നും, ആത്‌മാവ്‌ അവനെ മരുഭൂമിയിലേക്ക് നയിച്ചുവെന്നുമാണ്. “ആത്‌മാവ്‌ അവനെ മരുഭൂമിയിലേക്ക് നയിച്ചു” (ലൂക്ക 4 :1) എന്നുള്ളത് മൂലഭാഷയായ ഗ്രീക്കിൽ നിന്നും അതുപോലെതന്നെ പരിഭാഷപ്പെടുത്തിയാൽ, “അവൻ ആത്‌മാവിനാൽ മരുഭൂമിയിൽ നിരന്തരമായി നയിക്കപ്പെട്ടു” എന്നാണ് മനസ്സിലാക്കേണ്ടത്. അതായത്, മരുഭൂമിയിൽ, പരിശുദ്ധാത്മാവ് യേശുവിനെ പ്രലോഭകനായ പിശാചിന് വിട്ടുകൊടുത്തിട്ട് കടന്നുപോയില്ല എന്നർത്ഥം. മരുഭൂമിയിൽ പരീക്ഷകനായ പിശാച് മാത്രമല്ല, ശക്തിപ്പെടുത്തുന്നവനായ പരിശുദ്ധാത്മാവും യേശുവിനോടൊപ്പം ഉണ്ടായിരുന്നു. നാമും ഓർക്കേണ്ടത് ഇത് തന്നെയാണ്. നമ്മുടെ പ്രലോഭനങ്ങളുടെയും പരീക്ഷണങ്ങളുടെയും സമയത്ത് നാം ഒറ്റയ്ക്കല്ല, നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടും നയിച്ചുകൊണ്ടും ദൈവാത്മാവ് കൂടെയുണ്ട്.

മൂന്ന് വ്യത്യസ്തതരത്തിലുള്ള പ്രലോഭനങ്ങൾ ആണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് തവണയും പ്രലോഭകനോടുള്ള യേശുവിന്റെ മനോഭാവം ശ്രദ്ധാർഹമാണ്. പ്രലോഭകൻ പറയുന്നതിലെ തെറ്റും നുണയും വ്യക്തമാക്കിക്കൊണ്ട് അവനോട് ഒരു സംഭാഷണത്തിനല്ല യേശു മുതിരുന്നത്. യേശുവിന്റെ ആയുധം തിരുവചനം ആണ്. ശ്രദ്ധിക്കുക, തിരുവചനങ്ങൾ അല്ലാതെ വേറൊന്നും യേശു പിശാചിനോടു സംസാരിക്കുന്നില്ല. ഒന്നാമത്തെ പ്രലോഭന സമയത്തു യേശു ഉദ്ധരിക്കുന്നത് നിയമാവർത്തനം 8 :3 ആണ്: “അപ്പം കൊണ്ട് മാത്രമല്ല മനുഷ്യൻ ജീവിക്കുന്നത്”. രണ്ടാമത്തെ പ്രലോഭനത്തിൽ യേശു നിയമാവർത്തനം 6 :13 ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവു”. മൂന്നാമത്തെ പ്രലോഭനത്തിൽ ഉദ്ധരണി നിയമാവർത്തനം 6 :16 ൽ നിന്നാണ്: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്”. തിരുവചനം നമ്മുടെ ആയുധമാണ്. പരീക്ഷണങ്ങളിലും പ്രലോഭനങ്ങളിലും പിശാചിനെ പരാജയപ്പെടുത്തി ദൈവവഴിയിൽ മുന്നേറുവാനുള്ള ശക്തമായ ആയുധം. നമുക്ക് അനുദിനം വചനം വായിക്കാം, പഠിക്കാം, ജീവിതത്തിൽ പ്രയോഗിക്കാം.

ഇന്നത്തെ സുവിശേഷം, പരീക്ഷണങ്ങളിൽ വിജയിക്കാനുള്ള രണ്ടു വഴികൾ നമുക്ക് പറഞ്ഞുതരുന്നു: പരിശുദ്ധാത്മാവിന്റെ നിരന്തര സഹായവും തിരുവചനവും. ഈ ആയുധങ്ങൾ ഉപയോഗിച്ച് പ്രലോഭകനായ പിശാചിന്റെമേൽ നമുക്ക് വിജയം വരിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker