മഴക്കെടുതിയിൽ ആകുലരാകുന്നവർക്ക് പ്രവർത്തനത്തോടൊപ്പം പ്രാർത്ഥനയുടെയും ശക്തിപകരാൻ ഫിയാത്ത് മിഷന്റെ ‘പ്രാർത്ഥനാ പെട്ടകം’ തയാർ
എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെ...
പ്രിൻസ്
തൃശൂർ: ‘പ്രാർത്ഥനമാത്രം പോര പ്രവർത്തനവും വേണം, പ്രവർത്തനം മാത്രം പോര പ്രാർത്ഥനയും വേണം’ മഴക്കെടുതികളിൽനിന്ന് നാടിനെ രക്ഷിക്കാൻ, ദുരിതബാധിതരെ പ്രാർത്ഥനയാൽ ശക്തരാക്കാൻ, നിരാശരായവരെ പ്രത്യാശയിലേക്ക് കൈപിടിച്ചുയർത്താൻ, ‘ഫിയാത്ത് മിഷന്റെ’ നേതൃത്വത്തിൽ “പ്രാർത്ഥനാ പെട്ടകം” തയാറാണ്. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തുടങ്ങിയ പിതാക്കന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ഇക്കഴിഞ്ഞ ആഗസ്റ്റ് 11 ഞായറാഴ്ചയാണ് പ്രാർത്ഥനാ യജ്‌ഞം ആരംഭിച്ചത്.
രാജ്യമെമ്പാടും, പ്രത്യേകിച്ച് കേരള ജനത അനുഭവിക്കുന്ന പ്രളയദുരിതങ്ങൾക്കെതിരെ കരങ്ങളുയർത്തി കൈകൾ കൂപ്പി പ്രാർത്ഥിക്കുവാൻ ഫിയാത്ത് മിഷന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ പെട്ടകം തുറന്നിരിക്കുന്നത്. തൃശ്ശൂർ പുത്തൻപള്ളിയുടെ സമീപമുള്ള മാതാനികേതനിൽ എല്ലാദിവസവും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രത്യേക നിയോഗവുമായി മധ്യസ്ഥം പ്രാർത്ഥിക്കുവാൻ ഒരുമിച്ചു കൂടുന്നത്.
വൈദികർ, സന്യസ്തർ, അൽമായർ, സംഘടനകൾ, കരിസ്മാറ്റിക് പ്രാർത്ഥനാ കൂട്ടായ്മകൾ, കുടുംബ സമ്മേളനയൂണിറ്റുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ, ദുരന്തമനുഭവിക്കുന്നവരെ നേരിട്ട് സഹായിക്കാൻ സാധിക്കാത്ത എല്ലാ വിശ്വാസികൾക്കും ഈ പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് കർത്താവിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാവുന്നതാണ്.