മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മദ്യം നൽകുവാനുള്ള തീരുമാനം അപലപനീയം; കെ.സി.വൈ.എം. സംസ്ഥാന സമിതി
മദ്യാസക്തി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതിനുള്ള ചികിത്സകളാണ് നൽകേണ്ടത്...
ജോസ് മാർട്ടിൻ
എറണാകുളം: ലോക് ഡൗൺ മൂലം ബിവറേജസ് ഔട്ട്ലെറ്റുകൾ അടച്ച സാഹചര്യത്തിൽ, അമിത മദ്യാസക്തിയുള്ളവർക്ക് ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മദ്യം നൽകുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അപലപനീയമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി. കൊറോണാ രോഗഭയത്തിൽ സർക്കാരും സമൂഹവും വിവിധ മുൻകരുതലുകളുടെ ഭാഗമായി വിദ്യാഭാസ സ്ഥാപനങ്ങൾ, മതസാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ബീവറേജസ് ഔട്‍ലെറ്റുകളും ബാറുകളും അടയ്ക്കാതിരുന്നത് വലിയ പ്രതിക്ഷേധത്തിന് ഇടവരുത്തിയിരുന്നു.
എന്നാൽ ഇപ്പോൾ ബീവറേജസ് ഔട്‍ലെറ്റുകളും ബാറുകളും അടച്ചിട്ട്, വീടുകളെ മദ്യശാലകളാക്കാനുള്ള നടപടിയിലേക്കു നീങ്ങുന്നത് അംഗീകരിക്കാനാവില്ല. മദ്യാസക്തി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതിനുള്ള ചികിത്സകളാണ് നൽകേണ്ടത്. അല്ലാതെ ഡോക്ടർമാരുടെ നിർദ്ദേശത്തോടെ മദ്യം നൽകുവാനുള്ള തീരുമാനം സമൂഹത്തിൽ തെറ്റായ പ്രവണത നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു പറഞ്ഞു.
സംസ്ഥാന സർക്കാർ ഈ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും, ആത്മഹത്യകൾ തടയുന്നതിനായി ഡീ-അഡിക്ഷൻ സെന്ററുകളും കൗൺസിലിംഗ് സെന്ററുകളും കൂടുതലായി തുടങ്ങണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പട്ടു.