കോഴിക്കോട്: കാലംചെയ്ത കോഴിക്കോട് മുൻ ബിഷപ് ഡോ. മാക്സ്വെൽ വി. നൊറോണയ്ക്ക് നാടിന്റെ വികാരനിർഭരമായ യാത്രാമൊഴി. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ് നിരവധി തവണ വിശുദ്ധ കുർബാനയർപ്പിച്ച അൾത്താരയുടെ വലതുഭാഗത്ത് ആയിരങ്ങളെ സാക്ഷിനിർത്തി ഇന്നലെ വൈകിട്ട് പാവങ്ങളുടെ നല്ലയിടയനെ കബറടക്കി.
വലിയ ആഴ്ചയിൽ നിത്യവും ദിവ്യകാരുണ്യം എഴുന്നള്ളിച്ച് വയ്ക്കുന്ന ഭാഗത്ത് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപത്തിന് താഴെയാണ് കബറിടം ഒരുക്കിയത്. തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, വരാപ്പുഴ മുൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, സുൽത്താൻപേട്ട് ബിഷപ് ഡോ. പീറ്റർ അബീർ ആന്റണി സാമി, കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല, തലശേരി മുൻ ആർച്ച്ബിഷപ് മാർ ജോർജ് വലിയമറ്റം, തൃശൂർ മുൻ ആർച്ച് ബിഷപ് മാർ ജേക്കബ് തൂങ്കുഴി, താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം, മലങ്കര സഭയുടെ ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് തുടങ്ങിയ സഭാമേലധ്യക്ഷന്മാരും കോഴിക്കോട് രൂപതയിലെ വൈദികരും സംസ്കാര ശുശ്രൂഷകൾക്ക് കാർമികരായി. സംസ്ഥാന സർക്കാരിന്റെ ആദരസൂചകമായി സായുധ പോലീസ് സംഘത്തിന്റെ ഫ്യൂണറൽ പരേഡും ഉണ്ടായിരുന്നു.
കോഴിക്കോട് ടൗൺ ഹാൾ, സിറ്റി സെന്റ് ജോസഫ്സ് ദേവാലയം എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ വിലാപയാത്രയായാണ് ബിഷപ് ഡോ. മാക്സ്വെൽ വി.നൊറോണയുടെ ഭൗതികശരീരം ദേവമാത കത്തീഡ്രലിലേക്ക് പ്രയാണം ആരംഭിച്ചത്. ദേവാലയത്തിന്റെ കവാടത്തിൽവച്ച് രൂപതയിലെ വൈദികർചേർന്ന് ബിഷപ്പിന്റെ ഭൗതികശരീരമടങ്ങിയ പേടകം ഏറ്റുവാങ്ങി ദേവാലയത്തിലേക്ക് കൊണ്ടുവന്നു. 3.30-ന് ദേവമാതാ കത്തീഡ്രലിൽ കബറടക്ക ശുശ്രൂഷകൾ ആരംഭിച്ചു.
തിരുക്കർമ്മങ്ങൾക്ക് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ മുഖ്യകാർമികനായി. സമൂഹ ദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരം ആർച്ച്ബിഷപ്പും കെ.സി.ബി.സി. പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം വചനപ്രഘോഷണം നടത്തി. ഒരു ഡസനിലധികം ബിഷപ്പുമാരും രൂപതയിലെ വൈദികരും സഹകാർമികരായി. വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, മോൺസിഞ്ഞോർമാർ, വൈദികർ എന്നിവർ ചടങ്ങിൽ പങ്കുകൊണ്ടു.
Related