ഫ്രാൻസിസ് പാപ്പാ – പറയുന്നത് പ്രവർത്തിക്കുന്നയാൾ
ഫ്രാൻസിസ് പാപ്പാ - പറയുന്നത് പ്രവർത്തിക്കുന്നയാൾ
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ഡോക്യുമെന്‍ററി ചിത്രം “പോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്” ജനീവയിലെ യു.എൻ. കേന്ദ്രത്തിൽ ജൂൺ 19 ചൊവ്വാഴ്ച പ്രദർശിപ്പിച്ചു.
പ്രശസ്ത ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ, വിം വെന്‍റേർസ് ആണ് ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും. ക്യാൻ പുരസ്ക്കാര ജേതാവും ‘ഓസ്കാർ നോമിനി’യുമാണ് വെന്‍റേഴ്സ്.
കലുഷിതമായ ലോകത്തെ സാഹോദര്യത്തിലും സമാധാനത്തിലും ഒന്നിപ്പിക്കാനുള്ള ഫ്രാൻസിസ് പാപ്പായുടെ നിരന്തരമായ പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാവങ്ങളെയും അഭയാർത്ഥികളെയും, പീഡിതരെയും, ബന്ധിതരെയും സ്നേഹിക്കുന്ന ആത്മീയതയും ലാളിത്യവും തുളുമ്പുന്ന അജപാലകനെ ചിത്രത്തിൽ ദർശിക്കാനാവും.
ജൂൺ 21 വ്യാഴാഴ്ച പാപ്പായുടെ ജനീവയിലേയ്ക്കുള്ള ഏകദിന അപ്പസ്തോലിക സന്ദർശനത്തിന് ഒരുക്കമായും കൂടിയാണ് പ്രദർശനം.
95 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ ഭാഷകളിലാണ് ഒരുക്കിയിരിക്കുന്നത്.