പ്ലസ് ടു വിന് മുഴുവൻ മാർക്കും നേടിയ കോട്ടപ്പുറം രൂപതയിലെ കൊച്ചു മിടുക്കികളെ ആദരിച്ചു
1200 ൽ 1200 മാർക്കും കരസ്ഥമാക്കി...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1200 മാർക്ക് നേടിയ കോട്ടപ്പുറം രൂപതാ അംഗങ്ങളായ ആൻ സോണിയേയും, ആൻ മരിയയേയും കോട്ടപ്പുറം രൂപത ആദരിച്ചു. തുരുത്തിപ്പുറം സ്വദേശി ഹെയ്റിൻ ആൻ സോണി സയൻസ് ഗ്രൂപ്പിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കി. മാള സൊക്കോർസൊ സി.ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ്. തൃശൂർ ജില്ലയിലെ സമ്പാളൂർ പാളയംപറമ്പ് സ്വദേശി ആൻ മരിയ ക്രിസ്റ്റീൻ മാണിക്യമംഗലം സെന്റ് ക്ലെയർ ഓറൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയാണ്.
കോട്ടപ്പുറം രൂപതയിലെ സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവക കൂടാരപ്പിളി ക്രിസ്റ്റീൻ ജോണിന്റെയും ടെസ്സി ക്രിസ്റ്റീന്റെയും മകളാണ് ആൻ മരിയ ക്രിസ്റ്റീൻ. ആൻ മരിയയുടെ പിതാവും മാതാവും സഹോദരനും സംസാരിക്കാനും കേൾക്കാനും സാധിക്കാത്തവരാണ്. സഹോദരൻ ഇതേ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മാണിക്യമംഗലം ബധിര മൂക വിദ്യാലയം ഈ വർഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ആൻ മരിയ ഉൾപ്പെടെ നാലു പേരാണ്1200 ൽ 1200 മാർക്കും നേടിയത്. വികാരി ഫാ.ജോയ് കല്ലറക്കലും സഹവികാരി ഫാ.അജയ് കൈതത്തറയും വീട്ടിലെത്തി ആൻ മരിയയെ അഭിനന്ദിച്ചു.
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസിലെ അധ്യാപകനായ കാച്ചപ്പിള്ളി സോണി റാഫേലിന്റെയും, പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂൾ അധ്യാപിക ഏയ്ഞ്ചൽ മഞ്ജു മരിയയുടെയും മകളാണ് ഹെയ്റിൻ ആൻ സോണി. കോട്ടപ്പുറം രൂപത തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി ഇടവകാംഗമാണ്.