പ്രാർത്ഥനാ സംഗമം നടത്തി തങ്ങളുടെ പ്രതിക്ഷേധമറിയിച്ച് കൊല്ലം രൂപതാ കെ.സി.വൈ.എം.
പ്രാർത്ഥനാ സംഗമത്തിന് കൊല്ലം രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ മുല്ലശ്ശേരി നേതൃത്വം നൽകി
ബിബിൻ ജോസഫ്
കൊല്ലം: ശ്രീലങ്കയിൽ ക്രിസ്ത്യൻ ദേവാലയത്തിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം. കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സംഗമം നടത്തി. കൊല്ലം ഫാത്തിമ മാതാ തീർത്ഥാടന ദേവാലയത്തിൽ വച്ചു സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിന് കൊല്ലം രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ.പോൾ മുല്ലശ്ശേരി നേതൃത്വം നൽകി.
പ്രാർത്ഥനാ സംഗമത്തിന്റെ ഭാഗമായി ‘സമാധാനദീപം’ തെളിച്ച് ശ്രീലങ്കയിലെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചു. ഉത്ഥാനത്തിരുനാൾ ദിനത്തിൽ യാഥാർത്ഥത്തിൽ ക്രിസ്തുവിന്റെ യഥാർത്ഥ രക്തസാക്ഷികളായി മാറുകയായിരുന്നു ശ്രീലങ്കയിലെ നമ്മുടെ സഹോദരങ്ങളെന്ന് ബിഷപ്പ് പറഞ്ഞു. ശ്രീലങ്കയില്‍ സമാധാനം ഉണ്ടാവാന്‍ വേണ്ടി വ്യക്തിപരമായും കൂടാതെ നമ്മൾ ഓരോരുത്തരും കുടുംബങ്ങളിലും പ്രാര്‍ത്ഥനകൾ നടത്തണമെന്നും പിതാവ് ആഹ്വാനം ചെയ്തു.
പ്രാർത്ഥനാ സംഗമത്തിനും, സമാധാനദീപം തെളിയിക്കൽ ചടങ്ങിനും രൂപതാ അധ്യക്ഷനോടൊപ്പം കെ.സി.വൈ.എം. രൂപതാ ഡയറക്ടർ ഫാ.ഷാജൻ നൊറോണ SDB, അസി.ഡയറക്ടർ ഫാ.ബിബിൻ, ആനിമേറ്റർ സിസ്റ്റർ മേരി രജനി CCR, രൂപതാ പ്രസിഡണ്ട് എഡ്‌വേർഡ് രാജു, ജനറൽ സെക്രട്ടറി വിപിൻ, രൂപതാ ഭാരവാഹികളായ മനീഷ്, നിധിൻ, ഡെലിൻ, കിരൺ, ബിനോയ്, ജോസ്ന, ജോസി, മാനുവൽ എന്നിവർ നേതൃത്വം നൽകി.