Kazhchayum Ulkkazchayum

“പഠതോ നാസ്തി മൂര്‍ഖത്വം, ജപതോ നാസ്തി പാതകം”

"പഠതോ നാസ്തി മൂര്‍ഖത്വം, ജപതോ നാസ്തി പാതകം"

വാക്കും പ്രവര്‍ത്തിയും തമ്മില്‍ പരസ്പര പൂരകമാകാത്ത ജീവിതത്തിന്റെ ഉടമകളായിട്ട് നാം മാറുകയാണ്. അതിനാല്‍ തന്നെ വികലമായ വ്യക്തിത്വത്തിന്റെ അടിമകളായി നാം മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ സമയത്തും ഓരോ സ്വഭാവം, പെരുമാറ്റം, പ്രവര്‍ത്തന ശൈലികള്‍…etc. നമ്മുടെ തനിമ, അനന്യത, ആളത്വഭാവം എന്നിവയ്ക്ക് ഉള്‍ബലം, ഉറച്ച നിലപാടുകള്‍, ബോധ്യങ്ങള്‍ എന്നിവ ഇല്ലാതെ പോകുന്നു. തലവാചകമായി ഉദ്ധരിച്ചിരിക്കുന്ന ഈ സംസ്കൃതശ്ലോകം “ശാര്‍ങ്ഗധര പദ്ധതി” യില്‍ നിന്നാണ്. ഒരു പുനര്‍ വായനയ്ക്കും വിശകലനത്തിനും സ്വയം വിമര്‍ശനത്തിനും വിധേയമാക്കാന്‍ പര്യാപ്തമാണ് ഈ കവിതാശകലം. നമ്മുടെ ജീവിതവും വ്യക്തിത്വവുമായി ഗാഢബന്ധം പുലര്‍ത്തുന്നതാണ് ഇതിന്റെ ഉളളടക്കം. ഒരു ശില്പി, ശില്പം ഉണ്ടാക്കുമ്പോള്‍ ചെയ്യുന്നത് തനിക്ക് ആവശ്യമില്ലാത്ത ഭാഗങ്ങള്‍ അടര്‍ത്തി മാറ്റുകയാണ്. വെട്ടിനീക്കുക, മുറിച്ചുമാറ്റുക എന്നത് പ്രഥമദൃഷ്ട്യാ വേദനാജനകമാണ്. ഇതുപോലെതന്നെ നമ്മുടെ സ്വഭാവത്തിലും ജീവിതത്തിലും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ചില ദുര്‍വാസനകളെ, ദുര്‍മേദസുകളെ കാലപ്പഴക്കംകൊണ്ട് നമ്മോടു ചേര്‍ത്തുപിടിച്ചിരിക്കുന്ന ദുശ്ശീലങ്ങളെ, തഴക്കദോഷങ്ങളെ ഉരിഞ്ഞുമാറ്റുക, അടര്‍ത്തിമാറ്റുക എന്നത് ശ്രമകരമായ ഒരു പ്രവര്‍ത്തിയാണ്. ഒരു സുപ്രഭാതത്തില്‍ ഈ വിധത്തിലുളള അപചയങ്ങളെ ദൂരെയകറ്റാന്‍ കഴിയുകയില്ലാ എന്നതും നാം ബോധപൂര്‍വ്വം അംഗീകരിക്കണം. ജാഗ്രതാ പൂര്‍ണ്ണമായ പരിശ്രമം വേണം.

പഠതോ നാസ്തി മൂര്‍ഖത്വം…!! പഠിപ്പുളളവനില്‍ വിഡ്ഡിത്തം, ക്രൂരത, ദുഷ്ടത നിലനില്‍ക്കുകയില്ല (ഉണ്ടാകാന്‍ പാടില്ല). എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ വിദ്യാസമ്പന്നന്‍, വിവേകമുളളവന്‍, പക്വതയുളളവന്‍ എന്നു നാം വിചാരിക്കുന്ന, അപ്രകാരം തോന്നിപ്പിക്കുന്ന പഠിപ്പുളളവര്‍ ഏറ്റവും ക്രൂരരും ദുഷ്ടരുമായി മാറുന്നത് കാണുമ്പോള്‍ അവര്‍ നേടിയ പഠിപ്പും, അറിവും ശരിയായ വിദ്യയും, അറിവും അല്ലാതായിമാറുകയാണ് ചെയ്യുന്നത്. അതായത് വിജ്ഞാനിയില്‍ നിന്ന് ക്രൂരത അകന്ന് നില്‍ക്കണം.

ജപതോ നാസ്തി പാതകം…!! ജപിക്കുന്ന (പ്രാര്‍ഥിക്കുന്ന) ഒരു വ്യക്തി ആദ്ധ്യാത്മിക ഉണര്‍വ്വുളളവനായിരിക്കണം. “ജപം” എന്നവാക്കിന്‍റെ അര്‍ഥം “പാപം ഇല്ലാതാക്കുന്നത്” എന്നാണ്. അപ്പോള്‍ പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ പാതകം (ദ്രോഹം) തിന്മചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുവാന്‍പോലും പാടില്ലാത്തതാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, പ്രാര്‍ത്ഥിക്കുന്ന വ്യക്തി അപരനില്‍ ഈശ്വരനെ ദര്‍ശിച്ചുകൊണ്ട്, അപരനായി നന്മചെയ്യുന്നവനായിരിക്കണം. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ ആത്മീയ മേഖലയില്‍ വ്യാപരിക്കുന്ന, ലോകം ആദരണീയരായി കാണുന്ന വ്യക്തികള്‍ കടുത്തപാതകം, തിന്മചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവന്‍ പ്രാര്‍ത്ഥിച്ചിരുന്നത് ദൈവത്തോടല്ല, മറിച്ച് സാത്താനോടായിരുന്നു എന്ന് ജനം ചിന്തിക്കുന്നുവെങ്കില്‍ അത്ഭുതപ്പെടാനാവില്ല. “ആള്‍ ദൈവങ്ങളുടെ” കാലത്താണ് നാം ജീവിക്കുന്നത്. ഹൃദയത്തില്‍ നിന്നും പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും ദൈവത്തെ ഇറക്കിവിട്ട്, തല്‍സ്ഥാനത്ത് സ്വയം ദൈവമായി അവരോധിക്കപ്പെട്ട്, വേദനിക്കുന്നവരെ, പാവപ്പെവരെ, സ്വാര്‍ത്ഥ താൽപര്യത്തിനു വേണ്ടി ചൂഷണം ചെയ്യുന്ന ആള്‍ ദൈവങ്ങള്‍ നട്ടുച്ചയ്ക്ക് ഇരുട്ടുപരത്തുന്ന വ്യക്തികളായി അധഃപതിക്കുകയാണ്.

നമുക്ക് ആത്മശോധന ചെയ്യാം. യഥാര്‍ഥത്തില്‍ നാം പഠിപ്പുളളവരാണോ? യഥാര്‍ത്ഥ ജ്ഞാനം എന്നത് ദൈവഭയമാണ്; ദൈവാശ്രയബോധമാണ്. ജ്ഞാനത്തിന്‍റെ ആരംഭമാണ് ദൈവഭക്തി. നമുക്ക് ദൈവകൃപയില്‍ നിരന്തരം വളരാന്‍ ശ്രമിക്കാം. മറ്റുളളവരെ ദ്രോഹിക്കാതെ വളരാന്‍, നിരന്തരം പ്രാര്‍ത്ഥിക്കുന്ന വ്യക്തികളായി മാറാം. ശക്തിക്കായി തമ്പുരാന്റെ മുമ്പില്‍ മുട്ടുകാത്താം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker