നെയ്യാറ്റിൻകരയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളെ കൂടുതൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വചനബോധന ക്ലാസ്സുകൾ തുടരുന്നു
ഇപ്പോൾ ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവകൂടി ഫലവത്തായി ഉപയോഗിക്കുന്നു എന്നതാണ് സവിശേഷത...
അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ, നെയ്യാറ്റിൻകര ഫെറോനയിൽ ഉൾപ്പെട്ട നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയം, കണ്ണറവിള പരിശുദ്ധാത്മ ദേവാലയം, കാഞ്ഞിരംകുളം ഫ്രാൻസിസ് അസ്സീസി ദേവാലയം എന്നീ ഇടവകകളിലാണ് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വചനബോധന ക്ലാസ്സുകൾ ശക്തമായി മുന്നോട്ട് പോകുന്നത്. വാട്ട്സ്ആപ്പ്, സൂം ആപ്പ് എന്നിവയുടെ സഹായത്തോടെ ക്രമീകരിക്കപ്പെട്ട ക്ളാസ്സുകളിൽ ഇപ്പോൾ ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവകൂടി ഫലവത്തായി ഉപയോഗിക്കുന്നു എന്നതാണ് സവിശേഷത.
പ്രാഥമികമായി, പ്രധാന അധ്യാപികയും അതാത് ക്ലാസ്സ് അധ്യാപികമാരും കുട്ടികളും ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്, അതിലൂടെയാണ് കുട്ടികൾക്ക് ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങൾ നൽകുന്നത്. കുഞ്ഞു ക്ലാസുകൾക്ക് ഓഡിയോയായും വീഡിയോയായും വാട്ട്സ്ആപ്പ് വഴിയാണ് ക്ലാസ് ഫയലുകൾ നൽകുന്നത്.
അതേസമയം, മുതിർന്ന ക്ലാസിലെ കുട്ടികൾക്ക് zoom മീറ്റിംഗ്, ഗൂഗിൾ മീറ്റ്, ജിറ്റ്സി ആപ്പ് എന്നിവ വഴിയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ്സ് മുതൽ ജനറൽ ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഞായറാഴ്ചകളിൽ രാവിലെ 8:00 മണി മുതൽ 9:00 മണിവരെയാണ് ക്ലാസ്സുകൾ നൽകുന്നത്. അതുപോലെ തന്നെ വീഡിയോ ഫയലുകൾ വഴിയും ക്ലാസ്സുകൾ നൽകുന്നുണ്ട്. ഇടവക വികാരി ഫാ.ബിനുവിന്റേയും, സഹവികാരി ഫാ.ജോബിൻസൺന്റേയും നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്.