നെയ്യാറ്റിന്‍കര രൂപതയിൽ യുവജന ദിനാഘോഷവും മാധ്യമ രഹിതമണിക്കൂര്‍ ഉദ്ഘാടനവും നടത്തി
നെയ്യാറ്റിന്‍കര രൂപതയിൽ യുവജന ദിനാഘോഷവും മാധ്യമ രഹിതമണിക്കൂര്‍ ഉദ്ഘാടനവും നടത്തി
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിൽ യുവജനദിനാഘോഷം നടന്നു. രൂപതാതല യുവജന ദിനാഘോഷം നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തില്‍ ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സഭാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാമൂഹ്യ പ്രതിബന്ധതയുളള പ്രവര്‍ത്തനങ്ങളിലും സജീവമാകണമെന്ന ബിഷപ്പ് പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ യുവാക്കള്‍ അടിമപ്പെടുകയും, മാധ്യമങ്ങള്‍ യുവജനതയെ നിയന്ത്രിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
യുവജന ദിനത്തിന്റെ ഭാഗമായി രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതി വൈകിട്ട് 6 മുതല്‍ 9 വരെ കുടുംബങ്ങളില്‍ നടപ്പിലാക്കുന്ന മാധ്യമരഹിത മണിക്കൂര്‍ പരിപാടിക്കും ബിഷപ്പ് തുടക്കം കുറിച്ചു. തുടര്‍ന്ന്, കെ.സി ബി.സി.യുടെ നേതൃത്വത്തില്‍ യുവജന ദിനത്തിന്റെ ഭാഗമായി കേരള കത്തോലിക്കാ സഭയില്‍ സംഘടിപ്പിച്ച “പീസ് വാക്കി”ന്റെ നെയ്യാറ്റിന്‍കര രൂപതാതല പരിപാടിയുടെ ഫ്ളാഗ്ഓഫും ബിഷപ്പ് നിര്‍വ്വഹിച്ചു.
നെയ്യാറ്റിന്‍കര രൂപത യുവജന കമ്മിഷന് ഡയറക്ടര്‍ ഫാ.ബിനു ടി., കെ.സി.വൈ.എം. (ലാറ്റിന്‍) രൂപതാ വൈസ് പ്രസിഡന്റ് സതീഷ് ഇടഞ്ഞി, കെ.സി.വൈ.എം. സംസ്ഥാന സെനറ്റ് മെമ്പര്‍ അരുണ്‍ തോമസ്, കെ.എല്‍.സി.എ. രൂപതാ ജനറല്‍ സെക്രട്ടറി സദാനന്ദന്, നെല്ലിമൂട് യൂണിറ്റ് പ്രസിഡന്റ് ദിനു, കൗണ്‍സില്‍ സെക്രട്ടറി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.