നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല, ജീവിതകാലം ദൈവനിശ്ചയമാണ്; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ
നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല, ജീവിതകാലം ദൈവനിശ്ചയമാണ്; യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
ലിത്വനിയ: യുവതീ യുവാക്കളേ നിങ്ങളുടെ ജീവിതം ഒരു നാടകശാലയല്ല, മറിച്ച് ജീവിതകാലം ദൈവനിശ്ചയമാണെന്ന് ഫ്രാൻസിസ് പാപ്പാ. ലിത്വനിയയുടെ നാനാഭാഗങ്ങളില്‍നിന്നും എത്തിയ ആയിരക്കണക്കിന് വരുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ജീവിതം യഥാര്‍ത്ഥവും മൂര്‍ത്തവുമാണ്. ഒരു തിയറ്ററിലോ വീഡിയോ കളിയിലോ എന്നപോലെ ഒരു ക്ലിപ്തസമയത്ത് ജീവിതം തീരുന്നില്ല. നാടകം അവസാനരംഗത്തോടെയും കളി ഒരാള്‍ ജയിക്കുന്നതോടെയും അവസാനിക്കുന്നു. എന്നാല്‍ ജീവിതകാലം ദൈവനിശ്ചയമാണ്, നമ്മുടെ ഹൃദയസ്പന്ദനം ദൈവകരങ്ങളിലാണ്. അത് നിലയ്ക്കുമ്പോള്‍ നമ്മുടെ ജീവിതവും അവസാനിക്കുന്നുവെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നമ്മുടെ ജീവിതത്തില്‍ കെടുതികളും തകര്‍ച്ചകളും ഉണ്ടാകുന്ന സമയമുണ്ടാകും. എന്നാൽ, ഒരു നൂറ്റാണ്ടുമുന്‍പ് സോവിയറ്റ് സ്വേച്ഛാശക്തികള്‍ വന്ന് നിലംപരിശാക്കി, തീകൊളുത്തി നശിപ്പിച്ചതാണ് ലിത്വനിയയുടെ ഭദ്രാസന ദേവാലയം, എന്നാല്‍ ലിത്വാനിയയിലെ ക്രൈസ്തവര്‍ അത് വീണ്ടും പൂര്‍വ്വോപരി മനോഹരമാക്കി പണിതുയര്‍ത്തി. അതുപോലെ, പ്രതിബന്ധങ്ങള്‍ നമ്മെ താല്ക്കാലികമായി കീഴടക്കാമെങ്കിലും നാം അതിന്‍റെ പിടിയിലമര്‍ന്നുപോകാതെ, പുനര്‍നിര്‍മ്മിക്കാനും ഉയിര്‍ത്തെഴുന്നേല്ക്കാനും മനസ്സുണ്ടാവണം, കരുത്തുണ്ടാവണം പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.