നാം കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണോ?
ദിവ്യകാരുണ്യ സ്ഥാപന ഓർമയെ ഒരിക്കൽക്കൂടി നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്താനായി നൽകിയിരിക്കുന്നു
ക്രിസ്തുവിന്റെ പരമപരിശുദ്ധ ശരീരവും രക്തവും
ഒന്നാം വായന : ഉൽപ്പത്തി – 14:18-20.
രണ്ടാം വായന : 1കോറിന്തോസ് – 11:23-26.
സുവിശേഷം : വി.ലൂക്കാ – 9:11-17.
ദിവ്യബലിക്ക് ആമുഖം
നാമിന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരമപരിശുദ്ധ ശരീരത്തിന്റെയും രക്തത്തിന്റെയും തിരുനാൾ ആഘോഷിക്കുന്നു. പെസഹ വ്യാഴാഴ്ച നാം ആചരിച്ച ദിവ്യകാരുണ്യ സ്ഥാപന ഓർമയെ ഒരിക്കൽക്കൂടി നമ്മുടെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്താനായി നൽകിക്കൊണ്ട് കർത്താവിന്റെ തിരുശരീരരക്തങ്ങളുടെ പ്രാധാന്യം എത്രമാത്രമാണെന്ന് തിരുസ്സഭ പഠിപ്പിക്കുന്നു. നമ്മുടെ വിശ്വാസജീവിതത്തിന്റെ ജീവനും, കേന്ദ്രവും തിരു ശരീര രക്തങ്ങൾ തന്നെയാണ്. നമ്മുടെ ആത്മാവിനെ ബലപ്പെടുത്തുന്ന ഈ ഊർജ്ജത്തെ സ്വീകരിക്കുമ്പോൾ നാം എന്താണ് ഓർമ്മിക്കേണ്ടതെന്ന് ഇന്നത്തെ തിരുവചനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും തിരുബലി അർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണകർമ്മം
ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാളിലെ തിരുവചന ഭാഗങ്ങളെ നമുക്ക് വിചിന്തന വിധേയമാക്കാം.
1) മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം
മെൽക്കിസെദേക്കിന്റെ ക്രമപ്രകാരം നീ നിത്യ പുരോഹിതനാകുന്നു (സങ്കീർത്തനം 110:4) ഈ തിരുവചനം നമുക്ക് സുപരിചിതമാണ്. ഇന്നത്തെ ഒന്നാം വായനയിൽ നീതിയുടെ രാജാവ് എന്നർത്ഥമുള്ള പേരിനുമയായ രാജകീയ പുരോഹിതൻ “മെൽക്കിസെദേക്ക്” ശത്രു രാജാക്കന്മാരെ തോല്പിച്ച അബ്രഹാമിനെ സ്വീകരിക്കുവാനായി അപ്പവും വീഞ്ഞുമായി വരുന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായ അവൻ അബ്രഹാമിനെ സമൃദ്ധമായി അനുഗ്രഹിക്കുന്നു. തിരുസഭ യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാളിൽ ഈ വചനഭാഗത്തെ വിചിന്തനത്തിനായി നൽകി കൊണ്ട് നാം ഇന്ന് അർപ്പിക്കുന്ന ബലിയുടെ മൂലരൂപം ഓർമിപ്പിക്കുന്നു. ഏറ്റവും സുപ്രധാനമായ കാര്യം, മെൽക്കിസെദേക്കിന്റെ ആഗമനം നമ്മുടെ ബലിയുമായി സാദൃശ്യമുള്ളതും, പഴയനിയമത്തിലെ മറ്റ് ബലികളിൽ നിന്നും വ്യത്യസ്തവുമാണ്. അത് രക്തച്ചൊരിച്ചിലുള്ള ബലിയല്ല, ജീവൻ ഉള്ളതൊന്നും കൊല്ലപ്പെടുന്നില്ല, കശാപ്പു ചെയ്യപ്പെടുന്നില്ല മറിച്ച്, അപ്പും വീഞ്ഞും കാഴ്ചയായി അർപ്പിക്കപ്പെടുന്നു. ആദിമസഭയിലും, പിന്നീട് ആഗോള സഭയിലും കത്തോലിക്കാ പൗരോഹിത്യത്തിന്റെ ആദിമ രൂപമായി മെൽക്കിസദേക്ക് എന്ന പുരോഹിതൻ മാറുന്നു. പുരോഹിതന്റെ കരങ്ങളിലേന്തി ആശീർവദിക്കപ്പെടുന്ന ബലിയല്ലാതെ സഭയ്ക്ക് ജീവനില്ല. മെൽക്കിസെദേക്കിനെ അവതരിപ്പിച്ചുകൊണ്ട് കർത്താവിന്റെ തിരുശരീര രക്തവും, പൗരോഹിത്യവും തമ്മിലുള്ള ബന്ധം തിരുസഭ എടുത്തു പറയുന്നു.
2) നാം കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണോ?
കോറിന്തോസിലെ ക്രൈസ്തവ സമൂഹത്തിന് നൽകുന്ന ഉദ്ബോധനത്തിൽ വിശുദ്ധ പൗലോസ് അപ്പോസ്ഥലൻ, അന്ത്യത്താഴ വേളയിൽ യേശു ഉരുവിട്ട കൂദാശ വചനങ്ങൾ ആവർത്തിച്ചുകൊണ്ടാണ് യേശുവിന്റെ തിരുശരീര രക്തങ്ങൾ ഉടെ പവിത്രത എടുത്തു പറയുന്നത് യേശു യേശുവിന്റെ തിരുശരീര രക്തങ്ങളുടെ പവിത്രത എടുത്തു പറയുന്നത് എന്ന് നാം രണ്ടാമത്തെ വായനയിൽ ശ്രവിച്ചു. യേശുവിന്റെ തിരുശരീര രക്തങ്ങളുടെ പവിത്രത അപ്പോസ്തലൻ എടുത്തു പറയാൻ കാരണമെന്താണ്? ഉത്തരമിതാണ്; കോറിന്തോസിലെ സഭയിൽ വിശ്വാസികൾ അപ്പം മുറിക്കൽ ശുശ്രൂഷയ്ക്കായി ഒരുമിച്ചു കൂടുമ്പോൾ സമ്പന്നർ ദരിദ്രരെ അവഗണിച്ചിരുന്നു; കൂടാതെ സമൂഹത്തിലെ ഏറ്റക്കുറച്ചിലുകൾ പ്രകടമാക്കുന്ന, ക്രൈസ്തവ വിശ്വാസത്തിന് യോജിക്കാത്ത ഒരു സഭയായി അവർ മാറി. അപ്പം മുറിക്കൽ ശുശ്രൂഷയിൽ ഒരുവൻ വിശന്നും, അപരൻ കുടിച്ച് ഉന്മത്തനായും ഇരിക്കുന്ന അവസ്ഥയിൽ എത്തി (1കോറി 11:21). ഇത്തരമൊരു സഭയെ അപ്പോസ്തലൻ നിശിതമായി വിമർശിക്കുന്നു. (ആദിമസഭയിലെ) അപ്പം മുറിക്കൽ ശുശ്രൂഷ വെറുമൊരു വിരുന്നല്ലെന്നും, അത് പുതിയ ഉടമ്പടിയാണെന്നും പറഞ്ഞു കൊണ്ട്, യേശു അരുൾ ചെയ്ത അതേ വാക്കുകൾ അപ്പോസ്തലൻ ആവർത്തിക്കുന്നത് നാം ശ്രവിച്ചു. അതിനുശേഷം അപോസ്തോലൻ പറയുന്നത് ഇപ്രകാരമാണ് “അതിനാൽ, നാം ഓരോരുത്തരും ആത്മപരിശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തിൽനിന്നു പാനംചെയ്യുകയും ചെയ്യട്ടെ” (1കോറി 11:28).
ഇന്നത്തെ രണ്ടാം വായനയിലൂടെ അപ്പോസ്തലൻ കോറിന്തോസിലെ സഭയ്ക്ക് മാത്രമല്ല, നമ്മുടെ ഇടവകയെയും ഒരു ആത്മപരിശോധനയ്ക്ക് ക്ഷണിക്കുകയാണ്. നാം അൾത്താരയ്ക്ക് ചുറ്റും അണിനിരന്ന് യേശുവിന്റെ തിരു ശരീര രക്തങ്ങളിൽ പങ്കുകാരാകുമ്പോൾ നമ്മുടെ ഇടയിലും ഉച്ചനീചത്വങ്ങളും, വലിയവനെന്നും ചെറിയവനെന്നുമുള്ള വ്യത്യാസവും നിലനിൽക്കുന്നുണ്ടോ? ഓരോ പ്രാവശ്യവും തിരുശരീര രക്തങ്ങളുടെ സ്വീകരണത്തിനായി അൾത്താരയെ സമീപിക്കുമ്പോൾ നമുക്ക് ആത്മപരിശോധന ചെയ്യാം.
3) എല്ലാവരെയും തൃപ്തരാക്കുന്ന ജീവന്റെ അപ്പം
ഇന്നത്തെ സുവിശേഷത്തിൽ, ശിഷ്യന്മാർ വലിയൊരു വെല്ലുവിളിയിലൂടെ കടന്നു പോകുന്നത് നാം കണ്ടു. യേശുവിനെ കാണാനായി വന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ഭക്ഷണം നൽകാനായി യേശു അവരോട് ആവശ്യപ്പെടുന്നു. “നാം വിജനപ്രദേശത്തായതുകൊണ്ട് ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും പോയി താമസിക്കുന്നതിനും, ഭക്ഷണസാധനങ്ങൾ വാങ്ങിക്കുന്നതിനും ജനങ്ങളെ പറഞ്ഞയക്കുക” എന്ന ശിഷ്യന്മാരുടെ അപേക്ഷയെ മറികടന്ന് “നിങ്ങൾ അവർക്ക് ഭക്ഷണം കൊടുക്കുവിൻ” എന്ന് യേശു പറയുന്നു.
ജീവിതത്തിൽ തത്തുല്യമായ വെല്ലുവിളികളിലൂടെ നാം എല്ലാവരും കടന്നു പോകുന്നുണ്ട്. നമുക്കൊരിക്കലും പരിഹരിക്കുവാൻ സാധിക്കില്ലെന്ന് കരുതുന്ന വലിയ വെല്ലുവിളികളും, പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്. വലിയ വെല്ലുവിളികൾ വരുമ്പോൾ നമ്മുടെ കൈവശമുള്ളതെല്ലാം വച്ച് പരിഹരിക്കുവാൻ ശ്രമിക്കുന്നത് പോലെ, ശിഷ്യന്മാർ പറയുകയാണ്: “ഞങ്ങളുടെ പക്കൽ അഞ്ച് അപ്പവും രണ്ടു മത്സ്യവും മാത്രമേ ഉള്ളൂ. ഈ ജനങ്ങൾക്കെല്ലാവർക്കും ഭക്ഷണം നൽകണമെങ്കിൽ ഞങ്ങൾ പോയി വാങ്ങി കൊണ്ട് വരണം”. ശിഷ്യന്മാരുടെ ഈ പ്രതികരണമാണ് യേശു ആഗ്രഹിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളിൽ ക്രിയാത്മകമായി പ്രതികരിക്കാനും, മറ്റുള്ളവരെ സഹായിക്കാനായി എന്തെങ്കിലും നൽകാനും കഴിഞ്ഞാൽ ബാക്കി എല്ലാം യേശു ചെയ്തു കൊള്ളും. നാം എന്ത് കൈവശം വച്ചിരിക്കുന്നു എന്നതല്ല പ്രധാനം, മറിച്ച് നാം എന്ത് നൽകുന്നു എന്നതാണ്.
ശിഷ്യന്മാർ നൽകിയ അപ്പവും രണ്ടു മീനും ആശീർവദിച്ച് നൽകി യേശു എല്ലാവരെയും തൃപ്തരാക്കി. യേശു തൃപ്തിപ്പെടുത്തുന്നത് ശാരീരികമായ വിശപ്പ് മാത്രമല്ല, ആത്മീയമായ വിശപ്പ് കൂടിയാണ്.
(a) യേശുവിൽ ശരണം വയ്ക്കുന്നവന്റെ അപ്പത്തിനുവേണ്ടിയുള്ള വിശപ്പ് അവൻ ശമിപ്പിക്കുന്നത് നാമിന്ന് സുവിശേഷത്തിൽ ശ്രവിച്ചു.
(b) ദൈവത്തിന് വേണ്ടിയുള്ള മനുഷ്യന്റെ ആത്മീയ വിശപ്പിനെ യേശു ശമിപ്പിക്കുന്നു… “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്ന് പുറപ്പെടുന്ന ഓരോ വാക്ക് കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു”.
(c) സ്നേഹത്തിനു വേണ്ടിയുള്ള മനുഷ്യന്റെ വിശപ്പിനെ യേശു ശമിപ്പിക്കുന്നു… “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”.
(d) അമർത്യതയ്ക്ക് വേണ്ടിയുള്ള മനുഷ്യന്റെ വിശപ്പിനെ ശമിപ്പിക്കുന്നു… “ഈ അപ്പം ഭക്ഷിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല”.
ഈ തിരുനാളിൽ ദിവ്യകാരുണ്യത്തിന്റെ വ്യത്യസ്ത തലങ്ങളെ നാം മനസ്സിലാക്കി. മെൽക്കിസദേക്കിന്റെ പാരമ്പര്യം പേറുന്ന പുരോഹിതനാൽ ആശീർവദിക്കപ്പെടുന്ന നമ്മുടെ സകല വിശപ്പും മാറ്റി നമ്മെ തൃപ്തരാക്കുന്ന യേശുവിനെ തിരുശരീര രക്തങ്ങൾ യോഗ്യതയോടെ സ്വീകരിക്കുവാനായി നമുക്ക് ഒരുങ്ങാം.
ആമേൻ