Sunday Homilies

നമുക്ക് വൈദികരെ ആവശ്യമുണ്ടോ?

നമുക്ക് വൈദികരെ ആവശ്യമുണ്ടോ?

ഫാ. സന്തോഷ് രാജൻ

പെസഹകാലം ഞായർ 4
ലോക ദൈവവിളി പ്രാർത്ഥനാ ദിനം

ഒന്നാം വായന : അപ്പൊ.  4:8-12
രണ്ടാം വായന : 1യോഹന്നാൻ 3:1-2
സുവിശേഷം : വി.  യോഹന്നാൻ 10:11-18

ദിവ്യബലിക്ക് ആമുഖം

നമ്മുടെ ഇടവകയിൽ നിന്നും നല്ല ദൈവവിളികൾ ഉണ്ടാകുവാനും അങ്ങനെ തിരുസഭയിൽ ധാരാളം വൈദികരും സന്യസ്തരും ഉണ്ടാകുവാനുമായി പ്രാർത്ഥിക്കാൻ ഈ ‘ദൈവവിളി ഞായറിൽ’ സഭാമാതാവ് നമ്മെ ആഹ്വാനം ചെയ്യുന്നു. ഉത്ഥിതനായ ക്രിസ്തു അപ്പോസ്തലന്മാരിലൂടെ പ്രവർത്തിക്കുന്ന അത്ഭുതം ശ്രവിച്ചുകൊണ്ട്, യേശുവിനെ നമ്മുടെ ജീവിതത്തിന്റെ ഇടയനായി സ്വീകരിച്ച് തന്റെ വിളഭൂമിയിലേയ്ക്ക് വേലക്കാരെ അയക്കാൻ വിളവിന്റെ നാഥനോട് നമുക്ക് ഈ ദിവ്യബലി അർപ്പിച്ച് പ്രാർഥിക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,

ബനഡിക്ട് 16-മൻ പാപ്പാ 2010 ഒക്‌ടോബർ മാസത്തിൽ സെമിനാരി വിദ്യാർത്ഥികൾക്കായി എഴുതിയ കത്തിൽ ഒരു സംഭവം വിവരിക്കുന്നുണ്ട്.1944 ഡിസംബറിൽ യുവാവായ ജോസഫ് റാറ്റ്സിംഗർ നിർബന്ധിത സൈനിക സേവനത്തിനു വിളിക്കപ്പെട്ടപ്പോൾ, പട്ടാള ഉദ്യോഗസ്ഥൻ അവരോരോരുത്തരും ഭാവിയിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. “ഒരു കത്തോലിക്കാ വൈദികനാകണം” ഇതായിരുന്നു റാറ്റ്സിംഗറിന്റെ ഉത്തരം. ഇത് കേട്ട ഉദ്യോഗസ്ഥൻ പറഞ്ഞത് “അങ്ങനെ എങ്കിൽ നിങ്ങൾ മറ്റെന്തെങ്കിലും തൊഴിൽ അന്വേഷിക്കണം,  പുതിയ ജർമനിയിൽ പുരോഹിതന്മാരെ ആവശ്യം ഇല്ല” എന്നായിരുന്നു. എന്നാൽ ഈ പുതിയ ജർമനി അവസാനിക്കാറായെന്നും, അന്നത്തെ സർവ്വ നാശത്തിനുശേഷം പുരോഹിതന്മാരുടെ ആവശ്യം ഇന്നത്തേതിനേക്കാൾ കൂടുതൽ ഈ ലോകത്തിന് ആവശ്യമായി വരുമെന്നും വൈദികനാകാൻ ആഗ്രഹിച്ച ഈ യുവാവിന് അറിയാമായിരുന്നു. യുവാവായ ജോസഫ് റാറ്റ്സിംഗർ വൈദികനായി, ബിഷപ്പായി, പോപ്പായി.  വൈദികരുടെ ആവശ്യം എന്നത്തേയുംകാൾ കൂടുതലായി ഈ ലോകത്തിന് ആവശ്യം ഉണ്ടെന്ന് അദ്ദേഹം എടുത്ത് പറയുന്നു.

വൈദികരെന്നും സന്യസ്തരെന്നും കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിവരുന്നത് സെമിനാരിയും സന്യസ്ത പരിശീലന കേന്ദ്രങ്ങളുമാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ സെമിനാരിയെ  “രൂപതയുടെ ഹൃദയം” എന്നാണ് വിശേഷിപ്പിക്കുന്നത്. ഹൃദയം നമ്മുടെ ജീവനെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകം എന്നത് പോലെ സെമിനാരികളും സന്യസ്ത പരിശീലന കേന്ദ്രങ്ങളും, രൂപതയുടെയും,  സന്യാസ സഭയുടെയും നിലനിൽപ്പിന്റെ സുപ്രധാന ഘടകമാണ്.

ഹൃദയമാകുന്ന സെമിനാരിയെ സംരക്ഷിക്കേണ്ടതും പരിപോക്ഷിപ്പിക്കേണ്ടതും ശരീരമാകുന്ന ഇടവകകളുടെയും സഭാമക്കളുടെയും (നമ്മൾ ഓരോരുത്തരുടെയും) കടമയാണ്. ഇടവകകളിൽ നിന്ന് ദൈവവിളി പരിപോക്ഷിപ്പിക്കാതെയും, ദൈവവിളിക്കുവേണ്ടി പ്രാർത്ഥിക്കാതെയും വൈദികരെയും സന്യസ്തരെയും ഇടവക സേവനത്തിനായി ലഭിക്കണമെന്ന് വാശിപിടിക്കുന്നതിൽ ഒരർത്ഥവും ഇല്ല. ശരീരം പരിപോക്ഷിക്കുന്നതിനനുസരിച്ച് മാത്രമേ ഹൃദയം നിലനിൽക്കുകയുള്ളൂ.

ദീർഘനാളത്തെ പ്രാർത്ഥനയിലൂടെയും, പ്രയത്നത്തിലൂടെയും, ശിക്ഷണത്തിലൂടെയും, പഠനത്തിലൂടെയും, ബൗദ്ധികവും മാനസികവും ആത്മീയവുമായ പരിശീലനത്തിലൂടെയാണ് ഒരു യുവാവ് വൈദികനും ഒരു യുവതി സന്യാസിനിയും ആകുന്നത്. ഈ കാലമത്രയും അവരെ മനസിലാക്കി, അവരെ സഹായിക്കേണ്ടതും അവരിലെ ദൈവവിളിയെ പരിപോക്ഷിപ്പിക്കേണ്ടതും ഇടവക ജനത്തിന്റെ കടമയാണ്.

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോടൊപ്പം താരതമ്യം ചെയ്യപ്പെടാവുന്ന ഒന്നല്ല സെമിനാരിയും സന്യസ്ത പരിശീലന കേന്ദ്രങ്ങളും. ഇവിടെ അർത്ഥികൾ പഠിക്കുക മാത്രമല്ല, അവരുടെ ജീവിതം ക്രിസ്തുവിന് അനുരൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. ദീർഘമായ പരിശീലനത്തിനിടയിലും പ്രത്യേകമായി ഏറ്റവും ഒടുവിൽ സുപ്രധാനമായ തീരുമാനം എടുക്കുന്നതിനുമുൻപ് വിവേചന ബുദ്ധിയോടും വിവേകത്തോടും കാര്യബോധത്തോടും കൂടി വൈദിക ജീവിതം അഥവാ സന്യസ്ത ജീവിതം തനിക്ക് യോജ്യമാണോ എന്ന് (discernment) ഓരോ അർത്ഥിയും ചിന്തിക്കുകയും വിലയിരുത്തുകയും അതിനുശേഷം പൂർണ്ണമായ സ്വാതന്ത്ര്യത്തോടുകൂടി, മറ്റാരുടെയും സമ്മർദ്ദം ഇല്ലാതെ അനുയോജ്യമായ തീരുമാനം എടുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ പരിശീലന പ്രക്രിയയിൽ ചിലർ പൗരോഹിത്യവും സന്യാസവും തങ്ങളുടെ ജീവിതം അല്ല എന്ന് മനസിലാക്കി മറ്റൊരു ജീവിതം തിരഞ്ഞെടുക്കുന്നതിൽ അതിശയോക്തിയില്ല.

ദൈവവിളി ഞായറിന് അനുയോജ്യമായ നല്ലിടയന്റെ സുവിശേഷമാണ്നാമിന്ന് ശ്രവിച്ചത്. മനുഷ്യരും യേശുവും തമ്മിലുള്ള ബന്ധത്തെ വ്യക്തമാക്കാൻ അന്നത്തെകാലത്ത് സുപരിചിതമായ ഇടയനെയും ആടുകളെയും പ്രതീകമാക്കി താൻ നല്ല ഇടയാനാണെന്ന് യേശു പറയുന്നു. ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കാൻ “അറിയുക” എന്ന വാക്ക് 4 പ്രാവശ്യം ഇന്നത്തെ സുവിശേഷത്തിൽ വി. യോഹന്നാൻ ഉപയോഗിക്കുന്നു. ‘അറിയുക’ എന്നതിന് ബൈബിളിൽ സ്നേഹിക്കുക എന്നും അർഥമുണ്ട്. യേശുവും മനുഷ്യരും തമ്മിലുള്ള പരസ്പര സ്നേഹമാണ് ഇന്നത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം.

ആമേൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker