Daily Reflection

നമുക്ക് ഒരേയൊരു ഗുരുവേയുള്ളൂ: ക്രിസ്തു

നീ വന്നു രമ്യതപ്പെടുക എന്നല്ല പറഞ്ഞത്, നമുക്ക് രമ്യതപ്പെടാം, ഒരു പുതിയ ഉടമ്പടിചെയ്യാം എന്നാണ്...

വരുവിൻ നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപം കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായി തീരും, അവ രക്തവർണ്ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18). കർത്താവു ഏശയ്യാ പ്രവാചകനിലൂടെ ഒരു പുതിയ ഉടമ്പടി ചെയ്യുകയാണ്. തിന്മയുടെ തീവ്രതകൊണ്ട് അതിൽനിന്നുമൊരു മോചനം മനുഷ്യന്റെ കഴിവുകൊണ്ട് സാധ്യമല്ലാതിരിക്കെ ദൈവം പരസ്പരമുള്ള ഒരു രമ്യതപ്പെടലിന് ക്ഷണിക്കുകയാണ്. നീ വന്നു രമ്യതപ്പെടുക എന്നല്ല പറഞ്ഞത്, നമുക്ക് രമ്യതപ്പെടാം, ഒരു പുതിയ ഉടമ്പടിചെയ്യാം എന്നാണ് കർത്താവു ആഗ്രഹിക്കുന്നത്. ദൈവത്തിങ്കലേക്കു തിരിയുന്നവന്റെ അരികിലെത്തി ഉടമ്പടി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഒരു ദൈവം.

ഈ ഉടമ്പടി പൂർത്തിയാകുന്നത് ക്രിസ്തുവിലൂടെയാണ്. രക്തപങ്കിലമായ പാപത്തെ മരിച്ച് വെണ്മയുള്ളതാക്കാൻ തന്റെ സുതന്റെ രക്തം നൽകാൻ തിരുമനസ്സാകുന്ന ദൈവം. അതുകൊണ്ട് പൗലോസ് അപ്പോസ്തോലൻ പഠിപ്പിക്കുന്നു: “ദൈവം ക്രിസ്തുവഴി ലോകത്തെ തന്നോടുതന്നെ രമ്യതപ്പെടുത്തുകയായിരുന്നു. നാമെല്ലാവരും അവനിൽ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി മാറ്റി” (2 കോറി. 5:19,21). അതുകൊണ്ടു അവനിലൂടെ രക്ഷപ്പെട്ട നാം അവനെയാണ് ഇനി റബ്ബിയെന്നും, ഗുരുവെന്നും, നേതാവെന്നും വിളിക്കേണ്ടത്. അവൻ വഴി നമുക്ക് ഒരു പിതാവുമാത്രമേയുള്ളൂ, അവനിലൂടെ നമ്മൾ സഹോദരീസഹോദരന്മാരാണ്.

ക്രിസ്തുവിനെയാണ് റബ്ബിയെന്ന് വിളിക്കേണ്ടതെന്ന് മത്തായി സുവിശേഷകൻ പഠിക്കുന്നതിനു കാരണം, ശിഷ്യന്മാരെല്ലാവരും യഹൂദ പാരമ്പര്യത്തിൽ ജനിച്ചു വളർന്നവരാണ്, അതുകൊണ്ടു മനുഷ്യരുടെ പ്രശംസ ഇഷ്ടപ്പെടുന്ന യഹൂദ നിയമജ്ഞരെയും ഫരിസേയരേയും അവർ ക്രിസ്തുവിനൊപ്പം സ്വാഭാവികമായി ബഹുമാനിച്ചിരുന്നുകാണും. കാരണം, യഹൂദർ നിയമജ്ഞരെയും ഫരിസേയരെയും റബ്ബിയെന്നും ഗുരുവെന്നും മാത്രമല്ല പിതാവെന്നും വിളിച്ചിരുന്നു. നിയമങ്ങൾ പഠിപ്പിക്കുന്നവർ എന്ന അടിസ്ഥാനത്തിൽ അവർ പിതാവെന്ന് അഭിസംബോധന ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു. ആ അർത്ഥത്തിൽ ക്രിസ്തുവും ഗുരുവിനും റബ്ബയ്ക്കും തുല്യമായി കണക്കാണ് സാധ്യതയുണ്ട്. അതിനെ തിരുത്തുകയാണ്, നിങ്ങൾക്ക് ഇനിമേൽ ഒരു പുതിയ റബ്ബിയുണ്ട്, ഗുരുവുണ്ട്, നേതാവുണ്ട്, രക്തവർണ്ണമായ പാപത്തെ സ്വന്ത രക്തം നൽകി മഞ്ഞുപോലെ വെണ്മയുള്ളതാക്കി ദൈവത്തെ പിതാവെന്ന് വിളിക്കാൻ സ്വാതന്ത്ര്യം നേടിത്തന്ന ക്രിസ്തുവാണ് നിങ്ങളുടെ യഥാർത്ഥ നേതാവും ഗുരുവും റബ്ബിയും. അവനിലൂടെ നമ്മൾ സഹോദരന്മാരും അവന്റെ അതെ സ്വഭാവം ഉള്ളവരുമാകണം. എളിയവനും തന്നെതന്നെതാഴ്ത്തുന്നവനുമായി മാറണം.

കാരണം രക്തത്തിന്റെ വിലയാണ് അവൻ നേടിത്തന്ന ഈ പിതാ-പുതൃ-സാഹോദര്യ ബന്ധം, ഒരു അടിമയെപ്പോലെ പകുതിനഗ്നായി പാദം കഴുകുകയും കുരിശിൽ രക്തചിന്തി നേടിത്തന്ന ബന്ധം. എവിടെ നമ്മൾ വലുപ്പം ആഗ്രഹിക്കാനും ഉയർത്തപ്പെടാനും ആഗ്രഹിക്കുന്നുവോ അവിടെ നമ്മൾ നിയമജ്ഞരുടെയും ഫരിസേയരുടെയും മനോഭാവത്തിലേക്കു വീണ്ടും താഴ്ത്തുന്നവറായി മാറും. ആയതിനാൽ നമ്മൾ അറിയപ്പെടേണ്ടതും നമ്മുടെപേരിനു മുന്നിൽ ബഹുമാനത്തിന്റെയും പ്രശംസയുടെയും പേരുകൾ ചേർത്തല്ല, മറിച്ചു പിതാവായ ദൈവത്തിന്റെ പുത്രരും, നേതാവും ഗുരുവും റബ്ബിയുമായ ക്രിസ്തുവിന്റെ സഹോദരരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭാസഹോദര്യത്തിന്റെ അംഗങ്ങളുമായി ഈ ലോകത്തു അറിയപ്പെടണം. അത് ക്രിസ്തുവിലൂടെ കിട്ടിയ നമ്മുടെ അസ്തിത്വമാണ്, അവകാശമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker