“നന്മരത്തിന്റെ കള്ളത്തരം” പുറത്തുകൊണ്ടുവന്ന നിഷാ ജോസ് എന്ന മനഃശാസ്ത്രജ്ഞ സോഷ്യൽ മീഡിയയിലെ താരം
ലാഭം പ്രതീക്ഷിക്കാതെ നിലകൊള്ളുന്ന മാനേജ്മെന്റിനുമെതിരെ ജനരോഷം ഉയർത്താൻ ശ്രമം നടത്തുന്നതിന് പിന്നിൽ വർഗ്ഗീയമായ ചില ലക്ഷ്യങ്ങളും ഉണ്ടോ...
സ്വന്തം ലേഖകൻ
നന്മരങ്ങളായി വേഷം കെട്ടുന്ന ആൾക്കാരുടെ കാലത്താണ് നാം ജീവിക്കുന്നത്. സ്വന്തം പ്രശസ്തിക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി ഏതറ്റംവരെയും പോകാൻ തയ്യാറാണ് ഇക്കൂട്ടർ. അത്തരത്തിലുള്ള, കള്ളത്തരം മാത്രം ലൈവ് വീഡിയോയിലൂടെ സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ച് “കു”പ്രസിദ്ധനാവാൻ ശ്രമിച്ച “ഒരു നന്മരം” “പടുമരമായി” മാറിയിരിക്കുന്നു. 3000-ൽ അധികം ഷെയറുകളിലൂടെ ധാരാളം ജനങ്ങളുടെ പക്കൽ എത്തിച്ച് അവരെ തെറ്റിദ്ധരിപ്പിച്ച, കത്തോലിക്കാ സഭയിലെ സന്യാസിനികളെ കള്ളക്കഥയുണ്ടാക്കി മനഃപൂർവം സമൂഹമധ്യത്തിൽ തേജോവധം ചെയ്യാൻ ശ്രമിച്ച സാജൻ കേച്ചേരി എന്ന “കള്ളമര”ത്തിനെതിരെ കോടതിയെ സമീപിക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകണം. അല്ലെങ്കിൽ ഇനിയും ഇങ്ങനെയുള്ള കള്ളമരങ്ങൾ പൊട്ടിമുളയ്ക്കും.
“Watch both videos, old one and new one. നന്മ മരങ്ങളുടെ കള്ളത്തരങ്ങളറിയാൻ” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപുസ്തകത്തിൽ വളരെ വ്യക്തമായി പറഞ്ഞു വെക്കുന്നുണ്ട് ചേർത്തല പാണാവള്ളിയിലെ അസീസി റീഹാബിലിറ്റേഷൻ സെന്റർ & സ്പെഷ്യൽ സ്കൂളിനെതിരെ സോഷ്യൽ മീഡിയയിൽ സാജൻ കേച്ചേരിയുടെ നേതൃത്വത്തിൽ പ്രചരിപ്പിക്കുന്നവ വെറും ആരോപണങ്ങളാണെന്നും, അവയുടെ നിജസ്ഥിതി ഒരു മനശാസ്തജ്ഞയായ നിഷാ ജോസ് അക്കമിട്ടു നിരത്തുന്നുമുണ്ട്.
മാനസികാരോഗ്യവും പരിശീലനവും ഗവേഷണവും മുൻനിറുത്തി പ്രവർത്തിക്കുന്ന “വാതിൽ” എന്ന സംഘടനയുടെ സ്ഥാപകകൂടിയാണ് നിഷാ ജോസ് എന്ന മനഃശാസ്ത്രജ്ഞ.
പോസ്റ്റിന്റെ പൂർണ്ണ രൂപം
Watch both videos, old one and new one. നന്മ മരങ്ങളുടെ കള്ളത്തരങ്ങളറിയാൻ
ചേർത്തല പാണാവള്ളിയിലെ അസീസി റീഹാബിലിറ്റേഷൻ സെന്റർ & സ്പെഷ്യൽ സ്കൂളിനെതിരെ ഗൂഢ ലക്ഷ്യങ്ങളോടെ ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ആരോപണങ്ങളുടെ വാസ്തവമെന്ത്?
സാജൻ കേച്ചേരി എന്ന വ്യക്തി, കഴിഞ്ഞ മാർച്ച് പതിനൊന്നാം തിയതി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇതിനകം ഷെയർ ചെയ്തിരിക്കുന്നത് 6375 പേരാണ്. ചേർത്തല പാണാവള്ളി സ്വദേശിയായ കൈലാസൻ എന്നയാളുടെ മകളായ അഞ്ജലി എന്ന ഭിന്നശേഷികാരിയായ പതിനാറു വയസുള്ള കുട്ടിക്കായി സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റ്. അവളുടെ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അയാൾ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. അതനുസരിച്ച്, മറ്റു പല പ്രശ്നങ്ങൾക്കും പുറമെ സ്വയം മുറിവേൽപ്പിക്കുന്ന അപകടകരമായ സ്വഭാവവൈകല്യം ഓട്ടിസ്റ്റിക്ക് ആയ ആ കുട്ടിക്ക് ഉണ്ടായിരുന്നു. അത്തരമൊരു ബുദ്ധിമുട്ടുള്ളതിനാൽ, അവളുടെ മാതാപിതാക്കൾക്ക് ജോലിചെയ്യാൻ പോലും കഴിയുന്നില്ല എന്ന് അയാൾ പറഞ്ഞിരുന്നു. അതിനാൽ, എല്ലാവരും ഉദാരമായി ആ കുടുംബത്തെ സഹായിക്കുകയും, തന്റെ പോസ്റ്റ് ഷെയർ ചെയ്യുകയും വേണം എന്നായിരുന്നു സാജൻ ആവശ്യപ്പെട്ടിരുന്നത്. അഞ്ജലിയുടെ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹം വിവരിച്ചിരിക്കുന്നത് വളരെ ശരിയാണെന്ന് മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
എട്ടുമാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം ഈ മാസം ഇരുപത്തിമൂന്നാം തിയതി സാജൻ കേച്ചേരി എന്ന ഇതേ വ്യക്തി മറ്റൊരു വീഡിയോ കൂടി തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആ വീഡിയോയിൽ, കഴിഞ്ഞ പത്തുവർഷമായി അഞ്ജലി പഠിച്ചിരുന്ന പാണാവള്ളിയിലെ അസീസി സ്പെഷ്യൽ സ്കൂളിനെതിരെ ഗുരുതരമായ ചില ആരോപണങ്ങളാണ് അയാൾ ഉന്നയിച്ചിരിക്കുന്നത്. പതിവായി അഞ്ജലിക്ക് സ്കൂളിൽ വച്ച് മർദ്ദനം ഏൽക്കാറുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായി അവളുടെ ശരീരത്തിൽ ആകമാനം പരിക്കുകളാണെന്നും, കഴിഞ്ഞദിവസമുണ്ടായ ക്രൂര മർദ്ദനം മൂലം അവളുടെ ഒരു പല്ല് നഷ്ടപ്പെടുകയുണ്ടായെന്നും ആ വീഡിയോയിൽ ആരോപിക്കുന്നു. കുട്ടിയുടെ അച്ഛനായ കൈലാസൻ എന്ന വ്യക്തിയും, സാമൂഹിക പ്രതിബദ്ധതയുള്ള ചില നാട്ടുകാരും തൽപ്പരകക്ഷികളും മാറിമാറി ആ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രസ്തുത വീഡിയോ ഈ ദിവസങ്ങളിൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഗുരുതരമായ സ്വഭാവ വൈകല്യങ്ങളുള്ള ഈ പെൺകുട്ടി ഉൾപ്പെടെ അറുപത്തിയേഴോളം ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന, തെരേസിയൻ കാർമ്മലൈറ്റ് സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന പ്രശസ്തമായ ഒരു സ്പെഷ്യൽ സ്കൂളാണ് അസ്സീസ്സി. ആറാം വയസ് മുതൽ ഈ സ്കൂളിൽ വിദ്യാർത്ഥിനിയാണ് അഞ്ജലി. അഞ്ജലിയുടെ മെഡിക്കൽ സർട്ടിഫിക്കേറ്റിൽ അവളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമാണ്: ”Autism Spectrum Disorder with severe self injurious behaviour”.
Autism Spectrum disorder ഉള്ളവർക്ക് ഉണ്ടാകുന്ന പ്രശ്നമാണ് self injurious behavior. സ്വയം ഉപദ്രവിക്കുകയും പരിക്കുകളേൽപ്പിക്കുകയും ചെയ്യുന്ന സ്വഭാവം. തല, ഭിത്തിയിലും തറയിലുമൊക്കെ ഇടിക്കുക, കയ്യും വിരലുകളുമൊക്കെ കടിച്ചു മുറിക്കുക (പലപ്പോഴും ഇത്തരക്കാരുടെ കയ്യിൽ ഉണങ്ങാത്ത വ്രണങ്ങൾ കാണാം ) തലമുടി വലിച്ച് പറിക്കുക, സ്വന്തം മുഖത്തും തലയിലും അടിക്കുക , തൊലി സ്വയം വലിച്ചു പൊളിക്കുക, സ്വയം മാന്തുകയും നുള്ളിപ്പറിക്കുകയും ചെയ്യുക, ശക്തമായി തലയിട്ടിളക്കുകയും കണ്ണുകൾ ചലിപ്പിക്കുകയും ചെയ്യുക എന്നിവയൊക്കെ ഇതിൽ പെടുന്ന കാര്യങ്ങളാണ്.
കഴിഞ്ഞ പത്തുവർഷക്കാലമായി ഇത്തരമുള്ള ഒരു കുട്ടിയെ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് പരിപാലിക്കുന്ന സ്കൂൾ അധികൃതർക്കും അധ്യാപകർക്കും എതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം വ്യക്തമായ ദുരുദ്ദേശ്യത്തോടുകൂടിയതാണ് എന്നുള്ളതിന് ഒരു സംശയവുമില്ല. ഒരു സാമൂഹിക പ്രവർത്തകന്റെ പരിവേഷത്തോടെ ഈ കുട്ടിക്കുവേണ്ടി പലപ്പോഴായി രംഗത്തുവന്നിരിക്കുന്ന സാജൻ കേച്ചേരി എന്ന വ്യക്തി പറഞ്ഞിരിക്കുന്നതിൽ ഏറെയും പച്ചക്കളവാണ്. ഈ പശ്ചാത്തലത്തിൽ, കിട്ടിയ അവസരം മുതലാക്കി സ്കൂളിനെയും മാനേജ്മെന്റിനെയും ആക്രമിക്കാൻ വെമ്പൽക്കൊള്ളുന്നവർ ചിന്തിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.
1. കഴിഞ്ഞ പത്തുവർഷങ്ങൾക്കിടെ അപൂർവ്വം ചില ദിവസങ്ങളിൽ മാത്രമാണ് അഞ്ജലി സ്കൂളിൽ ഹാജരാകാതിരുന്നിട്ടുള്ളത്. വീട്ടിൽനിന്ന് ദിവസവും വന്നുപോവുകയായിരുന്ന അവളെ സ്കൂൾബസ് കിട്ടാതെപോയാൽ ഓട്ടോറിക്ഷ വിളിച്ചായാലും മാതാപിതാക്കൾ സ്കൂളിൽ എത്തിച്ചിരുന്നു. (ഒരു ദിവസം അവളെ വീട്ടിൽ പരിചരിക്കുക മാതാപിതാക്കൾക്ക് പോലും എളുപ്പമായിരുന്നില്ല) അങ്ങനെയിരിക്കെ, കുട്ടി സ്കൂളിൽ പോകുന്നില്ല എന്ന കള്ളം അടിവരയിട്ടുപറഞ്ഞ് ധനസഹായം അഭ്യർത്ഥിച്ചുകൊണ്ട് സാജൻ കേച്ചേരി തന്നെ മുമ്പൊരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചില എതിർപ്പുകളെ തുടർന്ന് അത് നീക്കം ചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ മാർച്ചിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്, കുട്ടിയെ നോക്കേണ്ടതുള്ളതിനാൽ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല എന്നാണ്. അവിടെയും ഭാഗികമായി, കുട്ടി സ്കൂളിൽ പോകുന്ന വസ്തുതയെ മറയ്ക്കാൻ ശ്രമിച്ചിരിക്കുന്നു.
2. സ്കൂളിൽ നിന്ന് മർദ്ദനമേറ്റതാണ് എന്ന വിവരണത്തോടെ അവതരിപ്പിക്കുന്ന വീഡിയോയിൽ, കുട്ടിയുടെ ദേഹത്ത് കാണപ്പെടുന്ന പരിക്കുകളിൽ ചിലത് വീട്ടിൽവച്ചു സംഭവിച്ചിട്ടുള്ളതാണ്. കൈവിരലുകളിൽ കാണുന്ന പരിക്ക് പൊള്ളലേറ്റതാണ് എന്നാണ് കാഴ്ചയിൽനിന്ന് മനസിലാകുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസം തന്റെ ചെവിയിൽ കിടന്ന കമ്മൽ സ്വയം വലിച്ചുപറിച്ചപ്പോൾ ഉണ്ടായ മുറിവാണ് ചെവിയിലുള്ളത്. വീഡിയോയിൽ പ്രത്യേകം എടുത്തുകാണിക്കുന്ന ഫോട്ടോ അന്ന് അവർ എടുത്തു സൂക്ഷിച്ചിരുന്നതാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വയം പരിക്കേൽപ്പിക്കുന്ന അവളുടെ ശീലം വല്ലാതെ വർദ്ധിച്ചിരുന്നതിനാൽ തങ്ങൾക്ക് ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണെന്ന് ചെവിക്ക് മുറിവ് പറ്റിയ സാഹചര്യത്തിൽ സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചതാണ്. എങ്കിലും രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചും അവരുടെ പരിമിതികൾ മനസ്സിലാക്കിയും തുടരാൻ അനുവദിക്കുകയായിരുന്നു.
3. കഴിഞ്ഞ ദിവസം പല്ല് നഷ്ടപ്പെടാൻ ഇടയായത് എങ്ങനെയാണെന്ന് മാതാപിതാക്കൾക്കും വീഡിയോ ചെയ്തയാൾക്കും വ്യക്തതയുണ്ടായിരുന്നിട്ടും വീഡിയോയിൽ കളവാണ് പറഞ്ഞിരിക്കുന്നത്. സ്വന്തം കാൽമുട്ടിൽ മുഖംകൊണ്ട് ആവർത്തിച്ച് ഇടിച്ചതിനാലാണ് അവളുടെ പല്ല് ഇളകി വീണത്. തലകൊണ്ട് ഭിത്തിയിലും സ്വന്തം കാൽമുട്ടിലും ഇടിക്കുക അടുത്തകാലത്തായി പതിവായിരുന്നു. അവൾ ഇപ്രകാരം ചെയ്തിരുന്നതിന് ധാരാളം സാക്ഷികളും, തെളിവുകളുമുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി അവൾ വളരെ രൂക്ഷമായ രീതിയിൽ സ്വയം മുറിവേൽപ്പിച്ചിരുന്നു എന്നുള്ളത് മാതാപിതാക്കൾക്കും പരിചയമുള്ളവർക്കും വ്യക്തതയുള്ള കാര്യമായിരുന്നു.
4. സമീപകാലത്തായി അഞ്ജലിയുടെ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചു വന്നിരുന്നതിന്റെ പ്രധാന കാരണം അവൾക്ക് ആവശ്യമായ ചികിത്സ ലഭിച്ചിരുന്നില്ല എന്നതിനാലാണ്. കഴിഞ്ഞ ചില വർഷങ്ങളായി അവളുടെ വീട്ടുകാർ അവളെ ഡോക്ടറെ കാണിക്കുകയോ, മരുന്നുകൾ നൽകുകയോ ചെയ്തിരുന്നില്ല എന്നത് വ്യക്തമാണ്. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകുന്നതിനാൽ ഡോക്ടറുടെയടുത്ത് കൊണ്ടുപോകണം എന്ന് പറയുമ്പോൾ, മരുന്നുകൾ പതിവായി കൊടുക്കുന്നുണ്ട് എന്ന് സ്കൂൾ അധികൃതരോട് അവർ കള്ളം പറയുകയായിരുന്നു പതിവ്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ കാണിക്കാൻ പലപ്പോഴും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും മാതാപിതാക്കൾ പല കള്ളങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. തലകൊണ്ട് ഭിത്തിയിലും മറ്റും ശക്തമായി ഇടിക്കുന്ന പ്രവണത അവൾ കാണിച്ചിരുന്നത് അടുത്തകാലത്തായി അവൾ നേരിടുന്ന കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലമാണെന്ന് സ്കൂൾ അധികൃതർ മനസിലാക്കിയിരുന്നു. വിവിധ ബുദ്ധിമുട്ടുകൾ പരിധിക്കപ്പുറമായപ്പോൾ, നീണ്ട ചില വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരി മുതൽ അഞ്ജലിക്ക് മരുന്നുകൾ കൊടുക്കാൻ ആരംഭിച്ചിരിക്കുന്നതായി രേഖകൾ ലഭിച്ചിട്ടുണ്ട്. എങ്കിലും മരുന്നുകൾ കൃത്യമായി നൽകുന്നുണ്ടോ എന്ന് വ്യക്തമല്ല. അവൾക്ക് അതിജീവിക്കാൻ മരുന്നുകൾ അത്യാവശ്യമായിരിക്കെ അത് നൽകുവാൻ കഴിഞ്ഞ ഏറെക്കാലം മാതാപിതാക്കൾ എന്തുകൊണ്ട് തയ്യാറായില്ല എന്ന ചോദ്യം പ്രസക്തമാണ്.
5. മുമ്പൊരിക്കൽ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ഒരു കുട്ടി വീണ് സാരമല്ലാത്ത പരിക്ക് പറ്റിയ സാഹചര്യം ഉണ്ടായതൊഴിച്ചാൽ അസീസി സ്പെഷ്യൽ സ്കൂളിൽ കടന്നുവന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇവരുടെ സേവനത്തെക്കുറിച്ച് നല്ലതല്ലാത്ത യാതൊന്നും പറയാനില്ല. ഇപ്പോഴത്തെ സാഹചര്യത്തിലും സ്കൂൾ പിടിഎ ഒരേ മനസോടെ സ്കൂൾ അധികൃതർക്ക് ഒപ്പമുണ്ട്. തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ പ്രചരിപ്പിച്ച് സ്കൂളിന്റെ സൽപ്പേര് നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്കൂളിന്റെയും റിഹാബിലിറ്റേഷൻ സെന്ററിന്റെയും പ്രവർത്തനങ്ങളെ വ്യക്തമായി അടുത്തറിയാവുന്ന പോലീസ് അധികാരികൾക്കും, ചൈൽഡ് ലൈൻ പ്രവർത്തകർക്കും ഈ വിഷയത്തിൽ ഏതെങ്കിലും രീതിയിൽ സ്കൂൾ അധികൃതരോ അധ്യാപകരോ തെറ്റുകാരാണ് എന്ന അഭിപ്രായമില്ല. ഈ സാഹചര്യത്തിൽ, സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നവർക്ക് ചില ഗൂഢ ലക്ഷ്യങ്ങൾ ഉണ്ട് എന്നത് വ്യക്തമാണ്.
ഈ കുട്ടിയുടെ ആരോഗ്യാവസ്ഥയെ ഉയർത്തിക്കാണിച്ച് ധനസമ്പാദനം നടത്താനുള്ള ശ്രമങ്ങൾ അവളുടെ കുടുംബവും സാജൻ കേച്ചേരിയെപ്പോലുള്ള വ്യക്തികളും നടത്തിയിരുന്നു എന്നുള്ളത് തെളിവുകളിൽനിന്നു വ്യക്തമാണ്. 2014 ൽ ആരംഭിക്കാനിരുന്ന ചികിൽസ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ട് കുടുംബം ആരംഭിച്ചില്ലെന്നും 2019 ഫെബ്രുവരി മുതൽ കുട്ടി ചികിൽസയിലാണെന്നും മെഡിക്കൽ സർട്ടിഫിക്കേറ്റിൽ പറയുന്നു. പലതവണകളായി പലരുടെയും സഹായത്തോടെ ധനസമാഹരണം നടത്തിയിട്ടുള്ള സാഹചര്യത്തിൽ, കുട്ടിയുടെ രോഗവിവരങ്ങളെല്ലാം മറച്ചു വച്ച്, കേൾവിക്കുറവ് മാത്രമുള്ള കുട്ടി, അവളെ സ്കൂൾ അധികൃതർ ഉപ്രദ്രവിക്കുന്നു എന്നു പറഞ്ഞ് രംഗത്ത് വന്നവരുടെ ഉദ്ദേശമെന്താവും?
വാസ്തവത്തിൽ, ഈ കുട്ടിയുടെ ആരോഗ്യപരമായ അവസ്ഥകൾ കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ അവളെ തങ്ങൾക്ക് പരിപാലിക്കാൻ കഴിയില്ല എന്ന് മാതാപിതാക്കളെ സ്കൂൾ അധികൃതർ അറിയിച്ചിരുന്നെങ്കിലും അവരുടെ അപേക്ഷയിൽ മനസലിഞ്ഞ് തുടരാൻ അനുവദിക്കുകയായിരുന്നു എന്നതും ചേർത്ത് വായിക്കേണ്ടതുണ്ട്. ക്രിസ്തീയമായ കരുണയാണ് ഈ സന്യാസിനിമാർ കാണിച്ചത്. ഇത്തരത്തിൽ മാതൃകാപരമായ രീതിയിൽ നടക്കുന്ന ഒരു മികച്ച സ്ഥാപനത്തിനും, ലാഭം പ്രതീക്ഷിക്കാതെ നിലകൊള്ളുന്ന മാനേജ്മെന്റിനുമെതിരെ ജനരോഷം ഉയർത്താൻ ശ്രമം നടത്തുന്നതിന് പിന്നിൽ വർഗ്ഗീയമായ ചില ലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാർത്ഥ താത്പര്യങ്ങളോടെ അധാർമ്മികത പ്രവർത്തിക്കുകയും, സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും, നിരപരാധികളെ തെറ്റുകാരാക്കി ചിത്രീകരിക്കുകയും പതിവാക്കിയ ഒരു വർഗ്ഗത്തെ നാം തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.