ദൈവത്തിന്റെ കണക്ക് പുസ്തകം
ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ കണക്കു തെറ്റിക്കാൻ, തിരുത്തിക്കുറിക്കാൻ പ്രാർത്ഥനയ്ക്ക് കഴിയും
നമ്മുടെ കണക്കുകളെയും കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന ഒരു കണക്കുപുസ്തകം ദൈവത്തിന്റെ പക്കലുണ്ട്. ചിന്താശക്തിയുള്ള സുബോധമുള്ള ഒരു വ്യക്തി “പ്ലാനും ബഡ്ജറ്റും” തയ്യാറാക്കും. ഹ്രസ്വകാല, ദീർഘകാല പ്രോജക്ടുകൾ തയ്യാറാക്കും. സമയ ബഡ്ജറ്റും, സാമ്പത്തിക ബഡ്ജറ്റും തയ്യാറാക്കും. ജീവിത വിജയത്തിന് ഇതെല്ലാം അനിവാര്യ ഘടകങ്ങളാണ്. എങ്കിൽ തീർച്ചയായും “ദൈവത്തിന്റെ പക്കൽ ഒരു കണക്ക് പുസ്തകം ഉണ്ടായിരിക്കും” എന്നത് തീർച്ചയാണ്. ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ താളുകൾ, മനുഷ്യബുദ്ധിക്ക് പലപ്പോഴും അഗ്രാഹ്യമായിരിക്കുമെന്നത് ഒരു “സമസ്യയായി” നിലകൊള്ളുന്നു. ഉല്പത്തിപ്പുസ്തകം മുതൽ വെളിപാടിന്റെ പുസ്തകം വരെ കണക്കുകളുടെ ഘോഷയാത്രയാണ്. ഉദാഹരണമായി; ആറുദിവസം കൊണ്ട് സൃഷ്ടികർമ്മം പൂർത്തിയാക്കി ഏഴാം ദിവസം വിശ്രമിക്കുന്ന ദൈവം! നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന ദൈവത്തിന്റെ കരുതലും, കാരുണ്യവും തുളുമ്പുന്ന ഒരു ചിത്രം രാജാക്കന്മാരുടെ പുസ്തകത്തിൽ (2 രാജാക്കന്മാർ 20:6) നാം കാണുന്നുണ്ട് (ഏശയ്യാ 38:1-22 ലും ഇത് കാണാം). ഹെസക്കിയ രാജാവ് രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ട് കഴിയുന്ന നിമിഷം ദൈവമായ കർത്താവ് ഏശയ്യാ പ്രവാചകനെ അയച്ച് പ്രസ്തുത വിവരം ഹെസക്കിയ രാജാവിനെ അറിയിച്ചു. ജീവന്റെ നാഥൻ, ആയുസിന്റെ ഉടയവൻ ദൈവമാണ്. ഹെസക്കിയ, പ്രവാചകന്റെ വാക്കുകൾ കേട്ടപ്പോൾ ദുഃഖിതനായി, കരഞ്ഞുകൊണ്ട് തീക്ഷ്ണമായി പ്രാർത്ഥിച്ചു. പ്രാർത്ഥന ശ്രവിച്ച ദൈവം ഹെസക്കിയ രാജാവിന്റെ “ആയുസ്സ്” 15 വർഷം നീട്ടിക്കൊടുത്തു!
വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഒരു സത്യം അനാവൃതമാകുന്നത്, നാം മുട്ടിപ്പായി പ്രാർത്ഥിച്ചാൽ, വിശ്വാസപൂർവ്വം പ്രാർത്ഥിച്ചാൽ, മനുഷ്യന് അസാധ്യമായവ ദൈവം സാധ്യമാക്കി തരുമെന്നാണ്. അതായത്, ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ കണക്കു തെറ്റിക്കാൻ, തിരുത്തിക്കുറിക്കാൻ “പ്രാർത്ഥന”യ്ക്ക് കഴിയുമെന്നതാണ്. ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ കണക്ക് വെട്ടിക്കുറയ്ക്കാൻ, തിരുത്തി എഴുതിക്കുവാൻ ഒരു ഭക്തന്റെ “വിശ്വാസ”ത്തിന് കഴിയുമെന്ന ഹൃദയഹാരിയായ ഒരു ചിത്രം ഉല്പത്തി പുസ്തകം 18-Ɔο അധ്യായം 22 മുതൽ 32 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട്. “സോദോം-ഗൊമോറ” പാപത്തിന്റെ കൂമ്പാരം… മ്ലേച്ഛതയുടെ, അസാന്മാർഗിക ജീവിതത്തിന്റെ വിളഭൂമി… ദൈവം നഗരത്തെ നശിപ്പിക്കാൻ തീരുമാനിച്ചു. അക്കാര്യം ദൈവം അബ്രാഹാമിനോടു വെളിപ്പെടുത്തി. അബ്രഹാം ആ ജനത്തിനു വേണ്ടി പ്രാർത്ഥിച്ചു, യാചിച്ചു. ദൈവത്തിന്റെ കണക്ക് പുസ്തകം തിരുത്തിക്കുറിച്ചു. പത്ത് നീതിമാന്മാർ കണ്ടെത്തുകയാണെങ്കിൽ ആ നഗരം നശിപ്പിക്കുകയില്ലെന്ന് ദൈവം ഉറപ്പുനൽകി.
യോനാ പ്രവാചകന്റെ പുസ്തകം 4-Ɔο അധ്യായം 1 മുതൽ 11 വരെ വാക്യങ്ങളിൽ “നിഷ്കളങ്കരായ ജനത്തെയും, മൃഗങ്ങളെയുംപ്രതി കണക്കുകൾ തെറിക്കുന്ന ദൈവത്തിന്റെ “കരുണാർദ്രമായ മുഖം” നാം ദർശിക്കുന്നുണ്ട്. അതെ… നമ്മുടെ കണക്കു കൂട്ടലുകളും കിഴിക്കലുകളുമല്ല ദൈവത്തിന്റെ കണക്കുപുസ്തകത്തിലെ കണക്കുകൾ. ദൈവത്തിന്റെ കണക്കുകളും, വിധി തീർപ്പുകളും വായിച്ചെടുക്കുവാൻ വിശ്വാസവും, ഭക്തിയും, പ്രാർത്ഥനയും ദൈവതിരുമുമ്പിൽ സമർപ്പിക്കാം.