തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍
തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ അധികൃതര്‍
അനിൽ ജോസഫ്
വെളളറട: തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് ഇനി 18 ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ ജില്ലാ ഭരണകൂടവും അധികാരികളും. 2017-ല്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ കത്തിപ്പാറ-പന്നിമല-കൂതാളി റോഡിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ മെറ്റലുകള്‍ മുഴവനും കുരിശുമല ബസ്പാര്ക്കിംഗ് കേന്ദ്രത്തില്‍ ഇറക്കി ഇട്ടിരിക്കുതിനാല് ഇവിടെ എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പാര്‍ക്കിംഗ് നടത്താന്‍ സാധിക്കുന്നില്ലെന്ന് തീര്‍ഥാടന കമ്മറ്റി പരാതി പറയുന്നു.
തീര്‍ഥാടനത്തിന് 18 ദിവസം മാത്രം അവശേഷിക്കെ ഉടനടി മെറ്റല്‍ മാറ്റിയില്ലെങ്കില്‍ തീര്‍ത്ഥാനത്തെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. കൂടാതെ പാര്‍ശ്വഭിത്തി കെട്ടുന്നതിനായി റോഡിന്റെ ഇരു വശങ്ങളിലും കുഴികള്‍ എടുത്തെങ്കിലും പണി മുടങ്ങിയതോടെ കുഴിമൂടാതെ തുടരുകയാണ് . വിഷയങ്ങളില്‍ അടിയന്തര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും എം.എല്‍.എ.ക്കും പരാതി കൊടുത്തെങ്കിലും നടപടി ഇഴയുകയാണ്.
അടുത്ത ആഴ്ച തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ വിഷയം ശക്തമായി അവതരിപ്പിക്കുമെന്ന് തീര്‍ഥാടന കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ 18 മുതലാണ് ഇക്കൊല്ലത്തെ തെക്കന്‍ കുരിശുമല തീര്‍ത്ഥാടനം.