തിരുപ്പിറവിക്കായി പ്രാര്‍ഥനയോടെ ഒരുങ്ങാം..
തിരുപ്പിറവിക്കായി പ്രാര്‍ഥനയോടെ ഒരുങ്ങാം..

ആഗമനകാലം ഒന്നാം ഞായര്‍
ഒന്നാം വായന: ജെറമിയ 33:14-16
രണ്ടാം വായന : 1 തെസലോണിക്ക 3:12-4;2
സുവിശേഷം : വി. ലൂക്കാ. 21: 25-28, 34-36
ദിവ്യബലിയ്ക്ക് ആമുഖം
തിരുപ്പിറവിയുടെ തിരുനാളിന്‍റെ ഒരുക്കങ്ങള്‍ നാമിന്ന് ആരംഭിക്കുകയാണ്. ഈ പുതിയ ആരാധനക്രമവത്സരത്തിലുടനീളം വി. ലൂക്കായുടെ സുവിശേഷം നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും പാതയില്‍ പ്രകാശവുമാകുന്നു. ‘ശിരസ്സുയര്‍ത്തി നില്‍ക്കുവിന്‍ എന്തെന്നാല്‍ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു’ എന്ന വചനത്തിലൂടെ യേശു നമ്മെ ശക്തിപ്പെടുത്തുകയും പുതിയൊരു തുടക്കത്തിനായി നമ്മെ ഒരുക്കുകയും ചെയ്യുന്നു. പ്രത്യാശയോടും നവ്യമായൊരു ഹൃദയത്തോടും കൂടി നമുക്ക് ഈ പുതിയ ആരാധനക്രമവത്സരം ആരംഭിയ്ക്കാം.
ദൈവവചന പ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ആഗമന കാലത്തിന് രണ്ട് വശങ്ങളുണ്ട്. ഒന്നാമതായി, ഈ കാലം യേശുവിന്‍റെ മനുഷ്യരുടെ ഇടയിലേയ്ക്കുള്ള ആദ്യ വരവ്, വചനം മാംസമായി അവതരിച്ചതിന്‍റെ ഓര്‍മ്മ പുതുക്കുന്ന ക്രിസ്മസ് ആഘോഷിക്കാനായി ഒരുങ്ങുന്നു. രണ്ടാമത്തെ വശം, ഈ കാലം മനുഷ്യനെ വിധിയ്ക്കാനായി വരുന്ന യേശുവിന്‍റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കം കൂടിയാണ്. അക്കാരണത്താലാണ് യുഗാന്ത്യത്തില്‍ സംഭവിക്കുന്ന മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചുള്ള തിരുവചനങ്ങള്‍ നാം ഈ ഞായറാഴ്ച ശ്രവിച്ചത്.
യേശുവിന്‍റെ വരവിനെ മൂന്ന് രീതിയില്‍ തരംതിരിക്കാം.
1) ഒന്നാമത്തെ വരവ് പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ക്കനുസരിച്ച് ദാവീദിന്‍റെ വംശത്തില്‍ രണ്ടായിരം വര്‍ഷം മുന്‍പ് ബെത്ലഹേമില്‍ ജനിച്ചു. ഇതുമായി ബന്ധപ്പെട്ട തിരുവചനങ്ങള്‍ ഒന്നാമത്തെ വായനയില്‍ ജറമിയാ പ്രവാചകന്‍റെ പുസ്തകത്തില്‍ നാം ശ്രവിച്ചു. ആ നാളില്‍ ആ സമയത്ത് ദാവീദിന്‍റെ ഭവനത്തില്‍ നിന്നു നീതിമാനായ ഒരു മുളയെ ഞാന്‍ കിളിര്‍പ്പിക്കും. അവന്‍ ദേശത്ത് നീതിയും ന്യായവും നടത്തും.
2) യേശുവിന്‍റെ രണ്ടാമത്തെ വരവ് നാമിന്ന് സുവിശേഷത്തില്‍ ശ്രവിച്ചത് പോലെ വലിയ ശക്തിയോടും മേഘങ്ങളിലുമാണ് അവന്‍ വരുന്നത്. ആ ദിവസത്തിന് വേണ്ടി ജാഗരൂകരായിരിക്കാന്‍ പറയുമ്പോള്‍ ജീവിതത്തെ ബാധിക്കുന്ന മൂന്ന് കാര്യങ്ങളെ പുനര്‍വിചിന്തനം ചെയ്യണമെന്ന് തിരുവചനം നമ്മെ പഠിപ്പിക്കുന്നു. സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നീ കാര്യങ്ങളാണവ. ഇവയുടെ പ്രത്യേകത, നാം ഈ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ നാമിവയുടെ കൈപ്പിടിയിലാണെന്ന് ഒരിക്കലും തിരിച്ചറിയുന്നില്ല എന്നതാണ്. മദ്യപിക്കുന്നവന് സ്ഥലകാലബോധമുണ്ടാകുന്നില്ല. മദ്യം സൃഷ്ടിക്കുന്ന മായികലോകത്ത്, ലഹരിയില്‍ യാഥാര്‍ത്ഥ്യവും സാങ്കല്‍പികവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെ വരുന്നു. അവസാനം യാതൊരു മര്യാദയുമില്ലാതെ തോന്നുന്നത് പോലെ പ്രവര്‍ത്തിക്കുന്നു. ആധുനിക ബൈബിള്‍ പണ്ഡിതന്മാര്‍ കൗതുകകരമായ മറ്റൊരു വ്യാഖ്യാനവും ഈ തിരുവചനത്തിന് നല്കുന്നു. മദ്യാസക്തി എന്ന് പറയുമ്പോള്‍ ഇത് മദ്യത്തോടുള്ള ആസക്തി മാത്രമല്ല അതില്‍ നിന്നും ലഭിയ്ക്കുന്ന ലഹരിയുമാണ്. നമ്മുടെ ജീവിതത്തില്‍ സത്യവും കള്ളവും, യാഥാര്‍ത്ഥ്യവും, സങ്കല്‍പവും, നേരും, നുണയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കാത്ത ലഹരിയ്ക്ക് തുല്യമായ ഒരവസ്ഥയിലേയ്ക്ക് നമ്മെ കൊണ്ടുവരുന്നതെല്ലാം മദ്യത്തിന് തുല്യമാണ്. ഉദാഹരണമായി, നാം സസൂക്ഷ്മം നിരീക്ഷിക്കുകയാണെങ്കില്‍ ആധുനിക മാധ്യമങ്ങള്‍ ചെയ്യുന്നതും ഇത് തന്നെയാണ്. സത്യവും കള്ളവും കൂട്ടിക്കുഴച്ചവതരിപ്പിച്ച്, കള്ളത്തെ സത്യമായി അവതരിപ്പിച്ച് യാഥാര്‍ത്ഥ്യത്തേയും സങ്കല്‍പത്തേയും തിരിച്ചറിയാന്‍ സാധിക്കാത്ത ലഹരിയുടെ ഒരവസ്ഥയിലേക്ക് നമ്മെ അവര്‍ എത്തിയ്ക്കുന്നു. അവസാനം ഈ ലഹരിയുടെ അടിസ്ഥാനത്തില്‍ നാം പ്രതികരിക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥിക്കാന്‍ സമയം കണ്ടെത്താത്ത നിലയില്‍ സുഖലോലുപതയും ജീവിതവ്യഗ്രതയും നമ്മെ പിടിമുറുക്കാറുണ്ട്. ഈയവസ്ഥയില്‍, ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് വരുമെന്ന് യേശു പറയുന്നു. ഈ ആഗമനകാലം നമ്മുടെ ജീവിതത്തെ ഈ വചനങ്ങളുടെ അടിസ്ഥാനത്തില്‍ നമുക്ക് നവീകരിക്കാം.
3) യേശുവിന്റെ നമ്മുടെയടുക്കലേയ്ക്കുള്ള മൂന്നാമത്തെ വരവ് നമുക്ക് ചുറ്റുമള്ള സഹോദരങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെയാണ് പരസ്പരം സ്നേഹിച്ച് കൊണ്ട് സമൃദ്ധിയില്‍ മുന്നേറാന്‍ ഇന്നത്തെ രണ്ടാം വായന നമ്മെ പഠിപ്പിക്കുന്നത്.
അവസാനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് ജാഗരൂകരായിരിക്കാന്‍ പറയുമ്പോള്‍, അത് പ്രവര്‍ത്തനങ്ങളൊന്നുമില്ലാത്ത നിര്‍ജീവമായ ഒരു ആത്മീയാവസ്ഥയല്ല മറിച്ച്, ജീവിതത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മീയതയുടെ അകക്കണ്ണുകള്‍ തുറന്ന് വയ്ക്കണമെന്നാണ് അര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്‍റെ ഓരോ നിമിഷവും, തീരുമാനങ്ങളെടുക്കുമ്പോഴും യേശുവിനെ ഒരിക്കല്‍ മുഖാഭിമുഖം കാണും എന്ന ആത്മീയബോധ്യം നമുക്കുണ്ടാകണം. ഈ ജാഗരൂകതയോടെ തിരുപ്പിറവിയുടെ മഹോത്സവത്തിനായി നമുക്കൊരുങ്ങാം.
ആമേന്‍.