Kazhchayum Ulkkazchayum

തപസ്സിന്റെ സാകല്യം

ഈ മൂന്ന് മരങ്ങളും നമ്മുടെ തന്നെ സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്...

പണ്ട് – വളരെ പണ്ട് – വനമധ്യത്തിൽ മരങ്ങൾ “തപസ്സ്” ചെയ്യുന്നതായി “മാലാഖ” കണ്ടു. മാലാഖ വിവരം ദൈവത്തെ അറിയിച്ചു. അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ ചോദിച്ചറിയാൻ ദൈവം രണ്ട് മാലാഖമാരെ നിയോഗിച്ചു. മാലാഖമാർ തപസ്സിലായിരുന്ന മൂന്ന് മരങ്ങളെ വിളിച്ചുണർത്തി, ദൈവത്തിന്റെ ദൂതറിയിച്ചു. മരങ്ങൾക്ക് സന്തോഷമായി. തങ്ങളുടെ തപസിന് ഫലം ഉണ്ടായിരിക്കുന്നു… ദൈവത്തിന്റെ സന്നിധിയിൽ തങ്ങളുടെ പ്രാർത്ഥനയ്ക്ക് അർത്ഥമുണ്ടായിരിക്കുന്നു. പണ്ട് മരങ്ങൾക്കും സംസാരശേഷി ഉണ്ടായിരുന്നു. മരങ്ങൾ മൂവരും തങ്ങളുടെ ആഗ്രഹം മാലാഖമാരോട് ഉണർത്തിച്ചു.
A പറഞ്ഞു: “എന്റെ ഒരേ ഒരാഗ്രഹം ഈ ലോകത്തിൽ വച്ച് ഏറ്റവും ദിവ്യനായ, ശ്രേഷ്ഠനായ, ആദരണീയനായ ഒരു വ്യക്തിക്ക് വാസസ്ഥലം (ഭവനം) ഒരുക്കുവാൻ ഭാഗ്യം ഉണ്ടാകണം എന്നതാണ്. അതിനുവേണ്ടി എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്”. ഇക്കാര്യങ്ങളെല്ലാം മറ്റൊരു മാലാഖ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.
B പറഞ്ഞു: “സ്വർഗ്ഗത്തിലും ഭൂമിയിലും ഒരുപോലെ അധികാരമുള്ള ഒരു രാജാവിനെ, അതെ, രാജാധിരാജനെയും വഹിച്ചു കൊണ്ട് ചുറ്റി സഞ്ചരിക്കണം. അതാണ് എന്റെ ജീവിത സാഫല്യം. മാലാഖ രണ്ടാമത്തെ മരത്തിന്റെ ആഗ്രഹവും വള്ളിപുള്ളി വിടാതെ കുറിച്ചെടുക്കുന്നുണ്ടായിരുന്നു.
C പറഞ്ഞു: “എന്റെ ജീവിതം ചരിത്രത്തിൽ അടയാളപ്പെടുത്തണം. ലോകത്തിന് മറക്കാൻ കഴിയാത്ത, അവഗണിക്കാൻ കഴിയാത്ത, ഒരു വിമോചകനോട് പറ്റിച്ചേർന്നു നിൽക്കണം. ചരിത്രത്തിലെ തങ്കത്താളുകളിൽ, സഹനത്തിന്റെയും, സന്തോഷത്തിന്റെയും ജീവിക്കുന്ന പ്രതീകമായി എനിക്ക് പ്രശോഭിക്കണം”.
മാലാഖമാർ മൂവരുടെയും ആവശ്യങ്ങൾ, ആഗ്രഹങ്ങൾ കുറിച്ചെടുത്തു. ചെറുപുഞ്ചിരിയോടെ ദൈവത്തിന്റെ സന്നിധിയിലേക്ക് മടങ്ങിപ്പോയി.

കാലത്തിന്റെ ചക്രം പടക്കുതിരയെ പോലെ മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. ഋതുഭേദങ്ങൾ മാറി മാറി വന്നു. മരങ്ങൾ മൂവരും പ്രത്യാശയോടെ കാത്തിരുന്നു…!!! അധികം വൈകാതെ ഒന്നാമത്തെ മരത്തെ (A) മുറിച്ച് ബത്‌ലഹേമിൽ ഒരു ഭവനവും, അതിനോട് ചേർന്ന് ഒരു ഗോശാലയും, പുൽത്തൊട്ടിയും ഉണ്ടായി. ആ ദിവസങ്ങളിൽ വീണ്ടും മാലാഖമാർ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “നിന്റെ ആഗ്രഹം പൂവണിയാൻ പോകുന്നു, തല ഉയർത്തി നോക്കുക, പൂർവ ദിക്കിൽ ഒരു “വാൽനക്ഷത്രം”… താമസംവിനാ ഈ “പുൽത്തൊട്ടിയിൽ” ഏറ്റവും ദിവ്യനായ, ആരാധ്യനായ, ഒരു ഉണ്ണി പിറക്കും… അങ്ങനെ നിന്റെ തപസ്സിന്റെ ഫലം നീ ആസ്വദിക്കും…

വീണ്ടും കാലചക്രം മുന്നോട്ടുനീങ്ങി… നീണ്ട 30 വർഷം… ഇതിനകം രണ്ടാമത്തെ മരം (B) പ്രാർത്ഥിച്ച പോലെ “രാജാധിരാജനായ” ഒരാളെ വഹിച്ചുകൊണ്ട് ഗലീലിയ കടലിന്റെ ഓളങ്ങളെ തഴുകിത്തലോടി ഒരു വള്ളം… ആ വള്ളത്തിൽ യാത്ര ചെയ്യാൻ, രാജകുമാരൻ എത്തി… അദ്ദേഹത്തെ അനുഗമിക്കാൻ, സഹയാത്രക്കാരാകാൻ 12 ശിഷ്യന്മാരും…

മൂന്നാമത്തെ മരത്തിന്റെ ആഗ്രഹം (C) പൂവണിയാൻ വീണ്ടും മൂന്ന് വർഷം കാത്തിരുന്നു. ഒരു കാലത്ത് അവഹേളനത്തിന്റെ, ക്രൂരമായ മർദ്ദനമുറയുടെ, പീഡനത്തിന്റെ ഉപകരണമായിരുന്ന മരക്കുരിശെടുക്കാൻ, മോചനത്തിന്റെ സദ്‌വാർത്ത പ്രഘോഷിക്കാൻ ഒരു മനുഷ്യസ്നേഹി കുരിശെടുത്ത് കാൽവരി മല കയറി… കുരിശിനെ വാരിപ്പുണർന്നു. തന്റെ ചുടുരക്തം കൊണ്ട് കുരിശിനെ ചുവപ്പിച്ചു… അത് ചരിത്രത്തിന്റെ തങ്കത്താളുകളിൽ രേഖപ്പെടുത്തി.

വാസ്തവത്തിൽ ഈ മൂന്ന് മരങ്ങളും നമ്മുടെ തന്നെ സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്. ഒന്നാമതായി, യേശു നമ്മുടെ ഹൃദയത്തിൽ പിറക്കണം എന്ന ആഗ്രഹം…! ഹൃദയത്തെ പുൽക്കൂടാക്കി മാറ്റാനുള്ള തീവ്രയജ്ഞം നാം നിരന്തരം നടത്തണം. രണ്ടാമതായി, യേശുവിനോടൊപ്പം യാത്ര ചെയ്യുവാൻ, വചനപ്രഘോഷണം നടത്തുവാനുള്ള പ്രതിബദ്ധത നാം ഏറ്റെടുക്കണം. മൂന്നാമതായി, വിമോചനത്തിന്റെ സദ്‌വാർത്ത അറിയിക്കാൻ പുറപ്പെടുമ്പോൾ “രക്തസാക്ഷിത്വം” ഏറ്റെടുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. ജീവിതത്തെ സമ്പന്നമാക്കുന്ന മികച്ച സ്വപ്നങ്ങൾ കാണാൻ, പ്രാവർത്തികമാക്കാൻ യത്നിക്കാം!!!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker