ഡോൺബോസ്കോ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചു
സ്വിച്ച് ഓൺ കർമ്മം കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി നിർവ്വഹിച്ചു...
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: ഡോൺ ബോസ്കോ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി ജനറേറ്റർ ആശീർവ്വദിച്ച്, സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. മിനിറ്റിൽ 80 ലിറ്റർ നിരക്കിൽ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് അമേരിക്കൻ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജനറേറ്റർ.
ഡോൺ ബോസ്കോ ആശുപത്രി ഡയറക്ടർ ഫാ. റോക്കി റോബി കളത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഷാബു കുന്നത്തൂർ, അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ക്ലോഡിൻ ബിവേര, ഫാ.ഷിബിൻ കൂളിയത്ത്, മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായി, നഴ്സിങ്ങ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ ലോറൻസ് എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടപ്പുറം രൂപതാഗംങ്ങളായ ഫാ.ആന്റെറണി കല്ലറക്കൽ സേവനം ചെയ്യുന്ന ജർമ്മനിയിലെ ലിങ്കൻ ക്യൂൻ മേരീസ് പള്ളിയിൽ നിന്നും ഫാ.നോബി അച്ചാരുപറമ്പിൽ സേവനം ചെയ്യുന്ന ഓസ്ടിയയിലെ മൈനിങ്കൻ സെന്റ് ആഗത്ത, ബ്രേഡറീസ് സെന്റ് എവുസേബിയൂസ് എന്നീ പള്ളികളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചത്. കൂടാതെ, കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപന സമയത്ത് രണ്ട് വെന്റിലേറ്ററുകളും ഈ ഇടവകകൾ സംഭാവന ചെയ്തിരുന്നതായി ആശുപത്രി ഡയറക്ടർ ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.