ജൂണ്‍ 30 ന് ശേഷം മാത്രം ദേവാലയങ്ങള്‍ പൊതുബലിയർപ്പണത്തിന് തുറക്കാൻ തീരുമാനിച്ച് എറണാകുളം- അങ്കമാലി അതിരൂപത
ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടും...
സ്വന്തം ലേഖകൻ
എറണാകുളം: ജൂണ്‍ 30 വരെ നിലവിലുള്ള സ്ഥിതി തുടരാൻ തീരുമാനിച്ച് എറണാകുളം- അങ്കമാലി അതിരൂപത. നിയന്ത്രണങ്ങളോടെ ദേവാലയങ്ങള്‍ തുറക്കുന്നതിനും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ അനുവാദം നല്‍കിയെങ്കിലും, കൊറോണാ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യം കണക്കിലെടുത്താണ്, അതിരൂപതയിലെ ആലോചനാസമിതി അംഗങ്ങളും ഫൊറോനാ വികാരിമാരുമായി നടത്തിയ ചര്‍ച്ചയുടെ വെളിച്ചത്തിൽ തീരുമാനമെന്ന് എറണാകുളം- അങ്കമാലി അതിരൂപത മെതാപ്പോലീത്തൻ വികാരി മാര്‍ ആന്റണി കരിയില്‍ സർക്കുലറിലൂടെ അറിയിച്ചു.
അതേസമയം, ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണെന്നും, വിവാഹത്തിന് പരമാവധി 50 പേരേയും മനസമ്മതം, മാമ്മോദീസ, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് പരമാവധി 20 പേരേയും പങ്കെടുപ്പിക്കാവുന്നതാണെന്നും സർക്കുലർ വ്യക്തമാക്കുന്നുണ്ട്. എങ്കിലും, ഈ തിരുക്കര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധനങ്ങളെല്ലാം കര്‍ശനമായി പാലിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ വ്യക്തമാണ്.