ജീവിത വിജയത്തിന്‍റെ രസതന്ത്രം… (തുടര്‍ച്ച)
ജീവിത വിജയത്തിന്‍റെ രസതന്ത്രം... (തുടര്‍ച്ച)
26. ഒരു കാര്യം വിലയിരുത്തുമ്പോള്‍ അത് പ്രായോഗികമാണോ, പ്രയോജനപ്രദമാണോ, പ്രസാദാത്മകമാണോ എന്ന് ഗൗരവമായി ചിന്തിക്കും.
27. നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓര്‍ത്ത് നിരാശപ്പെടുകയില്ല. ഭാവിയെക്കുറിച്ച് ശുഭാപ്തി വിശ്വാസമുളളവനായിരിക്കും.
28. ഉപരിപ്ലവമായ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ സനാതന മൂല്യങ്ങളെ തിരസ്കരിക്കുകയില്ല.
29. മുന്‍വിധി കൂടാതെ കാര്യങ്ങള്‍ നോക്കിക്കാണും. എന്‍റെ പരിമിതികളെ കുറിച്ച് ഞാന്‍ ബോധവാനായിരിക്കും.
30. അപകര്‍ഷതാ ബോധം എന്നെ കീഴ്പ്പെടുത്താതിരിക്കാന്‍ എന്നാലാവും വിധം ഞാന്‍ ശ്രദ്ധിക്കും. തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കും. പിന്നെ ആ ദ്രോഹം ഞാന്‍ മറക്കും.
31. ഞാന്‍ എന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുപോലെ മറ്റുളളവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.
32. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കും. ദുശ്ശീലങ്ങൾ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കും. വായന, പഠനം, പ്രാര്‍ത്ഥന ഇവ ഒരു ശീലമാക്കും.
33. ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കും. ജീവനോട് എന്നും ആദരവ് കാട്ടും. ജീവനെ ഹനിക്കുന്ന ഒന്നിനോടും കൂട്ടുചേരില്ല.
34. സ്ഥാനമാനങ്ങള്‍ക്കും അധികാരങ്ങള്‍ക്കും വേണ്ടി ഞാന്‍ എന്‍റെ വ്യക്തിത്വം ബലികഴിക്കില്ല. താല്‍ക്കാലിക നേട്ടത്തെക്കാള്‍ ആത്യന്തികമായ നന്മയെ ലക്ഷ്യം വച്ചുളള ജീവിത ശൈലി സ്വീകരിക്കും.
35. ആര്‍ഭാടം, ധൂര്‍ത്ത്, ആഡംബരം ഇവ ഞാന്‍ ബോധപൂര്‍വ്വം ഒഴിവാക്കും.
മിതവ്യയം ശീലിക്കും.
36. ഞാന്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തികളും എന്നെക്കാള്‍ ശ്രേഷ്ഠരാണെന്ന് കരുതും. അവരില്‍നിന്ന് പുതുതായിട്ട് എന്തെങ്കിലും ഉള്‍കൊളളാന്‍ ശ്രമിക്കും.
37. അലസതയും, അഹംഭാവവും, നിസ്സംഗതയും കൊണ്ട് വിലപ്പെട്ട ജീവിതം നഷ്ടമാക്കുകയില്ല. ജീവിതം കര്‍മ്മനിരതമായി കാത്തുസൂക്ഷിക്കും.
38. സ്വര്‍ഗ്ഗത്തില്‍ പേര് ചേര്‍ക്കപ്പെടാത്തതൊന്നും ഭൂമിയില്‍ എന്‍റെ സമ്പാദ്യമായിട്ട് ഞാന്‍ കരുതി വയ്ക്കില്ല.
39. ഒരു കാര്യം കേള്‍ക്കുമ്പോള്‍ ആര് പറഞ്ഞു? എങ്ങനെ പറഞ്ഞു? എന്തുകൊണ്ട് പറഞ്ഞു? എന്നീ വസ്തുതകള്‍ സൂക്ഷമതയോടെ ഞാന്‍ വിശകലനം ചെയ്യും.
40. നിയമത്തെയും അധികാരികളെയും അനുസരിക്കും. സംഘാതമായ വളര്‍ച്ചയ്ക്ക് ഇവ ആവശ്യമാണെന്ന് ഞാന്‍ അംഗീകരിക്കും.
41. വാക്കുപാലിക്കുന്നതില്‍ വിശ്വസ്തത പാലിക്കും. വാക്കും പ്രവര്‍ത്തിയും പരസ്പര പൂരകമായി സൂക്ഷിക്കും.
42. മനസ്സ് അസ്വസ്ഥമായിരിക്കുമ്പോള്‍ തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കും. എടുക്കുന്ന കാര്യങ്ങള്‍ 50 വര്‍ഷം കഴിഞ്ഞ് ദോഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടോ എന്ന് ചിന്തിക്കും.
43. വിലകുറഞ്ഞ മാര്‍ഗ്ഗങ്ങളും, തന്ത്രങ്ങളും ഉപയോഗിച്ച് പേരും പ്രശസ്തിയും സാമ്പത്തിക ഭദ്രതയും ഉണ്ടാക്കാന്‍ ശ്രമിക്കുകയില്ല. സമൂഹ മനഃസാക്ഷിയെ മാനിക്കും.
44. എനിക്ക് ഉപകാരം ചെയ്യുന്നവര്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും. ഞാന്‍ അവരോട് നന്ദിയുളളവനായിരിക്കും.
45. പ്രശ്നങ്ങളും, പ്രയാസങ്ങളും, രോഗങ്ങളും എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകും. എന്‍റെ വീക്ഷണവും മനോഭാവവുമാണ് ജയപരാജയങ്ങള്‍ക്ക് കാരണമെന്ന് ഞാന്‍ മനസ്സിലാക്കും.
46. മാനസിക സംഘര്‍ഷങ്ങള്‍ രോഗത്തിന് കാരണമാകും. അങ്ങനെയുളള സാഹചര്യങ്ങള്‍ ഞാന്‍ ഒഴിവാക്കും. രോഗം വന്നാല്‍ യഥാകാലം ചികിത്സിക്കും.
47. ജീവിതവിജയത്തിന് കഠിനാദ്ധ്വാനം ആവശ്യമാണ്. ഭാവിക്കുവേണ്ടി വര്‍ത്തമാനകാലം ഞാന്‍ നിരന്തരം കര്‍മ്മനിരതമാക്കും.
48. ബന്ധങ്ങളെ മുറിപ്പെടുത്താതിരിക്കാന്‍ എന്നാലാവും വിധം ഞാന്‍ ശ്രമിക്കും. തെറ്റ് ചെയ്യുന്നവരോട് ക്ഷമിക്കും. പിന്നെ ഞാന്‍ ആ ദ്രോഹം മറക്കും.
49. മനുഷ്യന്‍ ഒരു മഹാപ്രപഞ്ചവും വിസ്മയവും ആണെന്ന് ഞാനറിയുന്നു.
50. ഞാന്‍ ഞാനാണ്. എനിക്ക് നിങ്ങളാകാന്‍ കഴിയില്ല.