ജറുസലേമിൽ നിന്ന് ജെറിക്കോയിലേക്കുള്ള വഴി നമ്മുടെ ഇടവകയിലൂടെയാണ് കടന്നു പോകുന്നത്
രണ്ട് ചോദ്യങ്ങൾ- ഒന്ന്: ആരാണ് എന്റെ അയൽക്കാരൻ? രണ്ട്: ഞാൻ ആരുടെ അയൽക്കാരനാണ്?
ആണ്ടുവട്ടം പതിനഞ്ചാം ഞായർ
ഒന്നാം വായന – നിയമാവർത്തനം 30:10-14
രണ്ടാം വായന – കൊളോസോസ് 1:15-20
സുവിശേഷം – വി.ലൂക്കാ 10:25-37
ദിവ്യബലിക്ക് ആമുഖം
“വചനം നിനക്ക് സമീപസ്ഥമാണ്; അത് നിന്റെ അധരത്തിലും ഹൃദയത്തിലും ഉണ്ട്. അത് പ്രാവർത്തികമാക്കാൻ നിനക്ക് കഴിയും” ഈ തിരുവചനങ്ങളോടുകൂടിയാണ് തിരുസഭ എന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. തിരുവചനം നമ്മുടെ അടുത്തുതന്നെ ഉണ്ടെന്ന് ഇന്നത്തെ ഒന്നാം വായനയിൽ നിന്ന് നാം ശ്രവിക്കുന്നു. നാം ശ്രവിക്കുന്നത് ആരുടെ വചനമാണെന്ന് ഇന്നത്തെ രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു. അധരത്തിനും ഹൃദയത്തിലുമുള്ള തിരുവചനം എങ്ങനെയാണ് പ്രാവർത്തികമാക്കേണ്ടത് എന്ന് നല്ല സമരിയക്കാരന്റെ ഉപമയിലൂടെ ഇന്നത്തെ സുവിശേഷത്തിൽ യേശു നമ്മെ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും തിരുബലി അർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹംനിറഞ്ഞ സഹോദരീ സഹോദരന്മാരെ, നമുക്കേവർക്കും സുപരിചിതമായ നല്ല സമരിയക്കാരന്റെ ഉപമ നമുക്കിന്ന് വിധേയമാക്കാം.
ചരിത്രപശ്ചാത്തലം
നല്ല സമരിയക്കാരന്റെ ഉപമയുടെ പ്രത്യേകത ഈ ഉപമയിൽ ആർക്കും പേരില്ല, എല്ലാവരും സ്ഥലപ്പേരിന്റെയും, തൊഴിലിന്റെയും അടിസ്ഥാനത്തിലാണ് അറിയപ്പെടുന്നത്. യേശു ഈ ഉപമ പറയുന്നതിന്റെ പശ്ചാത്തലം നിയമജ്ഞരും യേശുവുമായുള്ള സംഭാഷണമാണ്. “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?” ഇതായിരുന്നു ഒരു നിയമജ്ഞന്റെ ചോദ്യം. ഒരു യഥാർത്ഥ യഹൂദനെ സംബന്ധിച്ച നിയമമായിരുന്നു എല്ലാം. നിയമത്തിലൂടെയാണവൻ നിത്യജീവന് അർഹനാകുന്നത്. അതുകൊണ്ടുതന്നെ, നിയമത്തിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് യേശു ചോദിക്കുന്നു. നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണാത്മാവോടും, പൂർണ്ണ ശക്തിയോടും, പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം (നിയമാവർത്തനം 6:5) നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം (ലേവ്യർ 19:18). ഈ രണ്ടു നിയമങ്ങളും വളരെ കൃത്യമായി പറഞ്ഞു കൊണ്ട് നിയമജ്ഞൻ ഉത്തരം നൽകുന്നു. നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന എല്ലാ കല്പനകളും ചട്ടങ്ങളും അനുസരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നാമിന്ന് ഒന്നാമത്തെ വായനയിലും ശ്രവിച്ചു (നിയമാവർത്തനം 30:10).
എന്നാൽ നിയമജ്ഞൻ അവരുടെ ശൈലിയിൽ അക്കാദമിക്കായ, അതേസമയം കുഴപ്പിക്കുന്ന, പ്രായോഗികമായ ഒരു ചോദ്യം ഉന്നയിക്കുന്നു. “ആരാണ് എന്റെ അയൽക്കാരൻ?”. യേശുവിന്റെ കാലത്തെ യഹൂദനെ സംബന്ധിച്ച് വിപ്രവാസത്തിൽ കഴിയുന്ന യഹൂദനും, സ്വന്തം നാട്ടിൽ വസിക്കുന്ന യഹൂദനും, യഹൂദ മതത്തിലേക്ക് പുതുതായി വന്നുചേർന്നവരുമാണ് “അയൽക്കാർ”. മറ്റുള്ളവരെല്ലാം അവർക്ക് അപരിചിതരും, മിക്കവാറും ശത്രുക്കളെ പോലെയും ആയിരുന്നു (ഉദാഹരണം റോമാക്കാർ). ഓരോ ഗ്രൂപ്പുകാർക്കും അവരോടൊപ്പം ചേർന്ന് നിൽക്കുന്നവരും, ഒരേ ദൈവത്തിൽ വിശ്വസിക്കുന്നവരുമായിരുന്നു അയൽക്കാർ.
ഈ പശ്ചാത്തലത്തിലാണ് സ്ഥലപ്പേര് മാത്രം ഉപയോഗിച്ചുകൊണ്ട് യേശു നല്ല അയൽക്കാരനെ അവതരിപ്പിക്കുന്നത്. “സമരിയാക്കാരൻ”= സമരിയായിലെ ജനത ഒരു കാലത്ത് വിപ്രവാസത്തിലായിരുന്നു. തത്ഫലമായി മറ്റു സംസ്കാരങ്ങളെയും ആളുകളുമായി ഇടപഴകുകയും, വിവാഹ ബന്ധത്തിൽ ഏർപ്പെട്ട് ഒരു സങ്കര ജനതയായി മാറി. അതുകൊണ്ട് യഥാർത്ഥ യഹൂദർ സമരക്കാരെ ഒരു ഹീനസമൂഹമായി കണക്കാക്കുകയും, അവരുമായി ശത്രുതയും പുലർത്തിയിരുന്നു. “സമരിയാക്കാരൻ” എന്ന് ഒരുവനെ വിശേഷിപ്പിക്കുന്നത് തന്നെ മോശം വാക്കിന് തുല്യമായിരുന്നു. ഈ യാഥാർഥ്യത്തോട് കൂടി നാം ഈ ഉപമയെ മനസ്സിലാക്കുമ്പോഴേ സമരിയക്കാരന്റെ പ്രവർത്തിയുടെ ആഴം നമുക്ക് മനസ്സിലാവുകയുള്ളൂ.
ജെറിക്കോ പട്ടണം പൊതുവേ പുരോഹിതന്മാരുടെയും, ലേവ്യരുടെയും വസതികൾ നിറഞ്ഞ കുലീന നഗരമായിരുന്നു. 24 ഗ്രൂപ്പോളം പുരോഹിതരും, ലേവ്യരും ജറുസലേം ദേവാലയത്തിൽ ബലി അർപ്പിച്ചിരുന്നു. പുരോഹിതന്മാരുടെ കർത്തവ്യം ബലിയർപ്പണമാണെങ്കിൽ, ലേവ്യരാകട്ടെ ബലിയർപ്പണത്തിനു സഹായിക്കുന്നവരുമായിരുന്നു. ഇവരുടെ ഈ കർത്തവ്യങ്ങളുടെയും, സേവനത്തിന്റെയും പ്രത്യേകത കൊണ്ട് തന്നെ ശരീരശുദ്ധി കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമായിരുന്നു. അതിനാൽ തന്നെ, മൃതശരീരത്തിന്റെയോ, മരണകാരണമായ മുറിവുള്ളതിന്റെയോ സമീപത്ത് അശുദ്ധരാകുമെന്ന ഭയത്താൽ ഇവർ പോകാറില്ലായിരുന്നു. അക്കരണത്താലാണ്, വഴിയരികിൽ അർദ്ധപ്രാണനായ ഒരുവൻ കിടന്നിട്ടും പുരോഹിതനും, ലേവായനും പരിക്കേറ്റവരെ കണ്ടിട്ട് “കടന്നുപോകുന്നത്”. അടിസ്ഥാനപരമായി അവർ തിന്മയുള്ളവരല്ല മറിച്ച്, യഹൂദ നിയമത്തിന് അവർ പ്രാധാന്യം നൽകുന്നത് കൊണ്ടായിരുന്നു.
ജറുസലേമിൽ നിന്ന് ജെറിക്കോ യിലേക്കുള്ള വഴി നമ്മുടെ ഇടവകയിലൂടെയാണ് കടന്നു പോകുന്നത്
നിയമങ്ങളെക്കാളും കാരുണ്യത്തിനും സ്നേഹത്തിനും പ്രാധാന്യം നൽകുന്ന സമരിയാക്കാരനാണ് യഥാർത്ഥ അയൽക്കാരൻ. ഈ ഉപമയിലൂടെ “ആരാണ് എന്റെ അയൽക്കാരൻ?” എന്ന ചോദ്യത്തിന് മാത്രമല്ല മറിച്ച് “നിത്യജീവൻ പ്രാപിക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്ന ചോദ്യത്തിനും യേശു ഉത്തരം നൽകുന്നു. യഹൂദൻ ശത്രുവായികണ്ട്, താഴ്ന്നവനായികണ്ട് അപമാനിച്ച സമരിയാക്കാരൻ യഹൂദനെ സഹായിക്കുന്നു. സ്നേഹത്തിനും, കാരുണ്യത്തിനും പരിധികളില്ല-പരിമിതികളില്ല. ഇവയാണ് നമ്മെ നിത്യ ജീവന് അർഹരാക്കുന്നത്.
അപകടംപറ്റി ചോരവാർന്ന് റോഡിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ ആളില്ലാതെ വഴിയരികിൽ കിടന്ന് മരണപ്പെടുന്ന സംഭവങ്ങൾ നമുക്ക് ചുറ്റും ഇന്നും സംഭവിക്കുന്നുണ്ട്. ശുദ്ധിയുടെയും, ജാതിയുടെയും, സമുദായത്തെയും, വിഭാഗീയതയുടെയും, മതത്തിന്റെയും പേര് പറഞ്ഞുകൊണ്ട് സമൂഹത്തിന്റെ വഴിയരികിൽ മുറിവേറ്റ് കിടക്കുന്നവരെ കണ്ടിട്ടും കാണാത്തതുപോലെ നാമും “കടന്നുപോകാറില്ലേ?” സ്വന്തം കുടുംബത്തിലും, ബന്ധുക്കളുടെയിടയിലും നല്ല സമരിയാക്കാരനെ മാതൃകയാക്കണം. യേശുവിന്റെ കാലത്ത് “സമരിയാക്കാരൻ” എന്നത് മോശം പേരാണെങ്കിൽ, യേശുവിന്റെ ഉപമയിലൂടെ ലോകം മുഴുവനും “സമരിയാകാരൻ” എന്ന മനോഹരമായ വാക്കും, ശൈലിയും രൂപംകൊണ്ടു. തൊഴിലോ, സ്ഥലപ്പേരോ, കുടുംബപ്പേരോ അല്ല ഒരുവനെ മഹത്വമുള്ളവനാക്കുന്നത് മറിച്ച് അവന്റെ പ്രവർത്തിയാണ്.
പരിക്കേറ്റവനെ സത്രത്തിൽ എത്തിച്ച്, പരിചരിച്ചിട്ട് യാത്ര തുടരുന്നതിനു മുൻപ് മുൻകരുതലായി സമരിയാക്കാരൻ പറയുന്നത് ഇപ്രകാരമാണ്; “പരിക്കേറ്റവന്റെ കാര്യം നോക്കിക്കൊള്ളണം, കൂടുതലായി എന്തെങ്കിലും ചെലവാകുന്നുണ്ടെങ്കിൽ ഞാൻ തിരിച്ചു വരുമ്പോൾ തന്നുകൊള്ളാം”. ഇത് നമുക്ക് ഒരു മാതൃകയാണ്. നമ്മുടെ സഹായങ്ങൾ വെറും പ്രഥമ ശുശ്രൂഷയിൽ ഒതുങ്ങരുത്, മറിച്ച് അർഹിക്കുന്നവന് അവന്റെ ജീവിതം മെച്ചപ്പെടുംവരെ, അവസാനം വരെയും നൽകാൻ കഴിയണം.
‘ജെറുസലേമിൽ നിന്ന് ജെറീക്കോയിലേക്കുള്ള വഴി നമ്മുടെ ഇടവകയിലൂടെയാണ് കടന്നുപോകുന്നത്’ ആ വഴിയിൽ നിൽക്കുമ്പോൾ നമുക്ക് രണ്ട് ചോദ്യങ്ങൾ ചോദിക്കാം. ഒന്ന്: “ആരാണ് എന്റെ അയൽക്കാരൻ?” രണ്ട്: “ഞാൻ ആരുടെ അയൽക്കാരനാണ്?”
ഈ വിചിന്തനം അവസാനിപ്പിക്കുമ്പോൾ മനോഹരമായ ഒരു വ്യാഖ്യാനം കൂടി നമുക്ക് ശ്രവിക്കാം. ഈ ഉപമയിലെ സമരിയക്കാരൻ യേശു തന്നെയാണ്. ജീവിതത്തിൽ പരിക്കേറ്റ് വീണ മനുഷ്യനെ കോരിയെടുത്ത്, പരിചരിച്ച് ദൈവപിതാവിന്റെ ഭവനമാകുന്ന സ്വർഗ്ഗമാകുന്ന സത്രത്തിൽ നമ്മെ എത്തിക്കുന്ന “യേശു എന്ന നല്ല സമരിയാക്കാരൻ”.
ആമേൻ