ചെല്ലാനത്ത് കടൽ ക്ഷോഭം നേരിടാൻ ജനങ്ങൾ; ജനത്തെ ക്ഷോഭത്തോടെ പുറത്താക്കി ജില്ലാ കളക്ടർ
അടിയന്തിരസുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്നാണ് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ കളക്ടർ ക്ഷോഭിച്ച് ഇറക്കിവിട്ടത്
സ്വന്തം ലേഖകൻ
എറണാകുളം: ശക്തമായ കടൽ ക്ഷോഭത്തിൽ നിന്ന് രക്ഷനേടുന്നതിന് ജനം പെടാപ്പാട്പെടുമ്പോൾ, ജനത്തിന് ചെവികൊടുക്കാൻ കൂട്ടാക്കാതെ ഒരു ജില്ലാ കലക്‌ടർ. കടൽ ക്ഷോഭത്തിൽ കഷ്ടതയനുഭവിക്കുന്ന ജനത്തിന് അടിയന്തിരസുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച യോഗത്തിൽനിന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി പ്രതിനിധികളെ ജില്ലാ കളക്ടർ ക്ഷോഭിച്ച് ഇറക്കിവിട്ടു.
ഇന്ന് രാവിലെ 9.30-ന് കളക്ടറുടെ ക്യാമ്പ് ഓഫീസിൽ തീരുമാനിച്ചിരുന്ന യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക ക്ഷണം കിട്ടി എത്തിയതായിരുന്നു പ്രദേശവാസികളടങ്ങുന്ന എഴുപേരുടെ പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി. ജിയോ ട്യൂബുകളുടെ നിർമ്മാണം നിലച്ചതിനെ തുടർന്ന് അടിയന്തിര സുരക്ഷ ഒരുക്കാനെന്ന പേരിൽ തീരത്ത് എത്തിച്ച ജിയോ ബാഗുകളുടെ നിർമ്മാണത്തിലെ പ്രഹസനത്തെ കുറിച്ചും, ഉദ്ദ്യോഗസ്ഥർ തെറ്റായ വിവരങ്ങളാണ് കളക്ടർക്ക് നൽകുന്നതെന്ന് ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കളക്ടർ ക്ഷുഭിതനാവുകയും തീരസംരക്ഷണ സമിതി പ്രതിനിധികളോട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോക്കാൻ ആവശ്യപ്പെടുകയും ചെയ്തത്.
എന്നാൽ, പ്രതിനിധികൾ ഇറങ്ങി പോകാൻ വിസമ്മതിക്കുകയും കളക്ടർ തീരത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ക്ഷമ കാണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരുമായി മീറ്റിംഗ് ഉണ്ടെന്നും നിങ്ങൾ ഇറങ്ങി പോകണമെന്നും കളക്ടർ നിലപാടെടുക്കുകയായിരുന്നു. സമിതി പ്രതിനിധികളായി പങ്കെടുത്തത് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കോർഡിനേറ്റർ ഫാ.മൈക്കിൾ പുന്നക്കൽ ഒ.സി.ഡി., ഫാ.സാംസൻ ആഞ്ഞിലിപറമ്പിൽ, ഫാ.അലക്സ് കൊച്ചിക്കാരൻ, ബാബു കാളിപ്പറമ്പിൽ, എം.എൻ.രവികുമാർ, ആന്റോജി കളത്തുങ്കൽ, റോബൻ കുട്ടപ്പശ്ശേരി എന്നിവരാണ് ഉണ്ടായിരുന്നത്.
ഈ ചിത്രങ്ങൾ ദുരന്തമനുഭവിക്കുന്ന ജനങ്ങളുടെ ഉദാഹരണം മാത്രം