ചെല്ലാനം നിവാസികളുടെ ദയനീയവസ്ഥയ്ക്ക് കാരണക്കാർ ഭരണകർത്താക്കൾ; യുവജ്യോതി കെ.സി.വൈ.എം. ആലപ്പുഴ രൂപത
നിർദേശങ്ങൾ സർക്കാർ വകവയ്ക്കാത്തതിന്റെ പരിണിത ഫലമാണ് ചെല്ലാനം നിവാസികൾ അനുഭവിക്കുന്നത്...
ജോസ് മാർട്ടിൻ
ആലപ്പുഴ: ചെല്ലാനം മേഖലയിലെ കടലാക്രമണത്തിന്റെ ഉത്തരവാദികൾ മാറി മാറി ഭരിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങളാണെന്ന് ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം. പ്രസിഡന്റ് എം.ജെ. ഇമ്മാനുവൽ ആരോപിച്ചു. കഴിഞ്ഞ വർഷവും ഇതേ പോലെ കടലാക്രമണം രൂക്ഷമായ സാഹചര്യത്തെ തുടർന്ന്, വിവിധ സർക്കാർ തലങ്ങളിൽ ജിയോ ട്യൂബല്ല തീരത്തിനാവശ്യമെന്നും ദ്രോണാചാര്യ മോഡൽ കടൽഭിത്തി നിർമ്മിക്കണമെന്നും പലവട്ടം അവശ്യപ്പെട്ടതാണ്. എന്നാൽ, ഇത് സർക്കാർ-ഉദ്യോഗസ്ഥവൃന്ദം കണ്ടില്ലെന്ന് നടിച്ചു.
ഈ വർഷം വീണ്ടും ജിയോ ട്യൂബ് സ്ഥാപിക്കാൻ ടെൻഡർ വിളിച്ചു. കഴിഞ്ഞ വർഷം കെ.സി.വൈ.എം. നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ ജിയോ ട്യൂബിന്റെ പരിമിതികൾ കാണിച്ചു നൽകിയ റിപ്പോർട്ടിനെ അവഗണിച്ചതിന്റെയും, ചെന്നൈ ഐ.ഐ.ടി. യുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന നിർദേശം സർക്കാർ വകവയ്ക്കാത്തതിന്റെയും പരിണിത ഫലമാണ് ചെല്ലാനം നിവാസികൾ അനുഭവിക്കുന്നതെന്ന് രൂപതാ കെ.സി.വൈ.എം. ആരോപിച്ചു.
കടലാക്രമണം രൂക്ഷമാവുമ്പോൾ മാത്രം വാഗ്ദാനം നൽകി കടന്നു വരുന്ന നേതാക്കൾ നാടിന്റെ ശാപമാണെന്നും, ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ ജനം രാഷ്ട്രീയ-മത ചിന്തകൾക്ക് അതീതമായി മുന്നോട്ട് ഇറങ്ങണമെന്നും എം.ജെ.ഇമ്മാനുവൽ പറഞ്ഞു. രൂപത ഡയറക്ടർ ഫാ.ജൂഡോ മുപ്പശ്ശേരിയിൽ, ജനറൽ സെക്രട്ടറി അഡ്രിൻ ജോസഫ്, കെവിൻ ജൂഡ്, മേരി അനില, വർഗ്ഗീസ് ജെയിംസ്, എൽറോയ്, കിരൺ ആൽബിൻ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.