ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭക്ക് മേലുളള കടന്നുകയറ്റം; നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭക്ക് മേലുളള കടന്നുകയറ്റം; നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
അനിൽ ജോസഫ്
തിരുവനന്തപുരം: ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭകള്‍ക്ക് മേലുളള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്ന് നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ക്രൈസ്തവ സഭകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും സ്വത്തുക്കളും സ്ഥാപനങ്ങളും വിശ്വാസികള്‍ അല്ലാത്തവരുടെ നിയന്ത്രണത്തിലാക്കാനുമുള്ള ശ്രമമാണു കേരള ചര്‍ച്ച് ബില്‍ എന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ കുറ്റപെടുത്തി.
ബില്‍ ഭരണഘടനാ വിരുദ്ധവും, ജനാധിപത്യവിരുദ്ധവുമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഓരോ മതത്തിനും സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ടെന്നും, പാസ്റ്ററല്‍ കൗണ്‍സില്‍ അവകാശപ്പെട്ടു.
ഭരണഘടനയുടെ അനുഛേദം 26 ഉറപ്പുനല്‍കുന്ന അവകാശങ്ങളെ എന്തിന്റെയെങ്കിലും പേരില്‍ നിഷേധിക്കാനോ പരിമിതപ്പെടുത്താനോ നിയന്ത്രിക്കാനോ സര്‍ക്കാരിനും നിയമനിര്‍മാണ സഭയ്ക്കും അധികാരമില്ല. ഈ 3 കാരണങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടില്ല.
സഭാസ്വത്തുക്കളുടെ കൈമാറ്റവും ദുരുപയോഗവും സംബന്ധിച്ചു പരാതിപ്പെടാന്‍ വേദികളില്ല എന്നാണ് ആരോപിക്കുന്നത്. വസ്തുതാവിരുദ്ധമാണിത്. സഭാസ്വത്തുക്കള്‍ സംബന്ധിച്ച കാനോനിക നിയമങ്ങളുണ്ട്. അതനുസരിച്ചു ഭരണം നടത്താന്‍ സഭയ്ക്കു മൗലികാവകാശമുണ്ടെന്നും ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന പക്ഷം രൂപത പരസ്യമായി സമരമുഖത്തിറങ്ങുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ അറിയിച്ചു.
നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ കൂടിയ പാസ്റ്ററല്‍ കൗണ്‍സിലില്‍ യോഗം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യ്തു. വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അധ്യക്ഷത വഹിച്ചു. മോണ്‍.വി.പി.ജോസ്, ചാന്‍സിലര്‍ റവ.ഡോ.ജോസ് റാഫേല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം, വൈസ് പ്രസിഡന്റ് അഗസ്റ്റിന് വര്‍ഗ്ഗീസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്റ് ഡി.രാജു, കെ.എല്‍.സി.ഡബ്ല്യു.എ. സംസ്ഥാന സെക്രട്ടറി അല്‍ഫോണ്‍സ ആല്‍റ്റിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.