സ്വന്തം ലേഖകൻ
തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലിത്തയെക്കുറിച്ചുളള ഭക്‌തി ഗാന ആൽബം ഗിരിദീപം പ്രകാശനം ചെയ്യ്‌തു. മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർ ക്ലിമിസ് കാതോലിക്കാ ബാവ ഗിരിദീപത്തിൽ ഒരുഗാനം എഴുതിയിരിക്കുന്നത് കൊണ്ട് തന്നെ ഗിരിദീപത്തിന്റെ പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്.
സംഗീത സംവിധായകനായ എം.ജയചന്ദ്രനാണ് ആൽബത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്.
ആൽബത്തിൽ കർദ്ദിനാൾ എഴുതിയ ഗാനം ആലപിക്കുന്നത് ഗായിക കെ. എസ്. ചിത്രയാണ്. ചിത്രയെ കൂടാതെ വിജയ് യേശുദാസ്, വിധു പ്രതാപ്, ശ്രേയ ജയദീപ്, മധു ബാലകൃഷ്‌ണന്‍ , സുധീപ് കുമാര്‍ തുടങ്ങിയവരും പാടുന്നു.
മാർ ഈവാനിയോസ് പിതാവ് വിശ്വാസികളെ പഠിപ്പിച്ചത് ദൈവസമ്പാദനമാണെന്ന് സി ഡി പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് മാർ ക്ലിമിസ് കാതോലിക്കാ ബാവ പറഞ്ഞു. പട്ടം സെന്റ് മേരീസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, ഗായിക കെ.എസ്. ചിത്ര മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ ബിഷപ് യൂഹാനോൻ മാർ തിയോഡേഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.