Kerala

കർശന നിർദ്ദേശങ്ങളുമായി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഇടയലേഖനം

കർശന നിർദ്ദേശങ്ങളുമായി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഇടയലേഖനം

സ്വന്തം ലേഖകൻ

വരാപ്പുഴ: തിരുനാള്‍ ആഘോഷങ്ങളും ആര്‍ഭാടങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കര്‍ശന നിർദ്ദേശങ്ങളുമായി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ ഇടയലേഖനം ഇന്ന് പള്ളികളിൽ വായിച്ചു.

1) അതിപ്രധാനമായി, ഈ വര്‍ഷത്തെ വല്ലാര്‍പാടം തീര്‍ത്ഥാടനവും മരിയന്‍ കണ്‍വെന്‍ഷനും ഒഴിവാക്കി. ഈ വര്‍ഷത്തെ വല്ലാര്‍പാടം കാല്‍നട തീര്‍ത്ഥാടനവും മരിയന്‍ കണ്‍വെന്‍ഷനുമാണ് ഒഴിവാക്കി ആരാധനക്രമം അനുസരിച്ചുള്ള ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കിയത്.

2) പ്രളയദുരന്തത്തിനുശേഷം അതിജീവനത്തിന്‍റെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ സമസ്തമേഖലകളിലും തിരുനാള്‍ ആഘോഷങ്ങളും ജൂബിലി ആഘോഷങ്ങളും തീര്‍ത്തും ലളിതമായി നടത്തണം.

3) ജ്ഞാനസ്നാനം, ആദ്യകുര്‍ബാന സ്വീകരണം, മനസ്സമ്മതം, വിവാഹം, തിരുപ്പട്ട സ്വീകരണം, നിത്യവ്രതവാഗ്ദാനം മുതലായവ തികച്ചും ലളിതമായി നടത്താന്‍ എല്ലാവരും പരിശ്രമിക്കണം.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ തന്റെ അതിരൂപതയിൽ 2018 സെപ്റ്റംബര്‍ രണ്ടിന് (ഇന്ന് ) ദിവ്യബലിമധ്യേ ദേവാലയങ്ങളില്‍ വായിക്കാനുള്ള ഇടയലേഖനത്തിലാണ് ഈ നിര്‍ദ്ദേശങ്ങൾ നല്‍കിയത്.

ഇത്തരത്തില്‍ സ്വരൂപിക്കുന്ന തുക പ്രളയബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണം. അതിന്‍റെ ഭാഗമായി നേരത്തെ അതിരൂപതയിലെ വൈദികര്‍ തങ്ങളുടെ ഒരു മാസത്തെ അലവന്‍സ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായും അതിനുശേഷവും എല്ലാമേഖലകളിലും വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും നാനാജാതി മതസ്ഥര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഇടയലേഖനത്തില്‍ നന്ദി രേഖപ്പെടുത്തുന്നുണ്ട്.

അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നാനാജാതി മതസ്ഥരായ 25,000 കുടുംബങ്ങള്‍ക്കായി അരി, പലവ്യഞ്ജനം എന്നിവ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 212 ക്യാമ്പുകളിലേക്ക് ഭക്ഷണം, മരുന്ന്, പായ, അരി, പലവ്യഞ്ജനം, കുടിവെള്ളം, വസ്ത്രങ്ങള്‍ എന്നിവ എത്തിച്ചു നല്‍കിയതിന് പുറമെയാണിത് എന്നത് ശ്രദ്ധേയമാണ്.

പ്രളയം ബാധിച്ച പ്രദേശങ്ങള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് ആകുന്നതിന് എല്ലാവരും പരസ്പരം കൈത്താങ്ങായി പ്രവര്‍ത്തിക്കണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker